2024 ട്വന്റി20 ലോകകപ്പിനുള്ള 15 അംഗ സ്ക്വാഡിനെ ഇന്ത്യ നിശ്ചയിക്കുകയുണ്ടായി. എന്നാൽ ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പങ്ങൾ തുടരുകയാണ്. രോഹിത് ശർമയും ജയസ്വാളും ഇന്ത്യക്കായി ലോകകപ്പിൽ ഓപ്പണിങ് ഇറങ്ങണമെന്നും വിരാട് കോഹ്ലി മൂന്നാം നമ്പറിൽ കളിക്കണമെന്നുമാണ് പല മുൻ താരങ്ങളും പറഞ്ഞിട്ടുള്ളത്.
എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ പേസ് ബോളർ ആർപി സിംഗ്. വിരാട് കോഹ്ലിയും രോഹിത് ശർമയും ഇന്ത്യയുടെ ഓപ്പണർമാരായി ലോകകപ്പിൽ എത്തണം എന്നാണ് ആർപി സിംഗ് പറയുന്നത്. മാത്രമല്ല മൂന്നാം നമ്പറിൽ സഞ്ജു സാംസൺ ഇന്ത്യയ്ക്കായി കളിക്കണമെന്നും ആർപി കൂട്ടിച്ചേർത്തു.
2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ താരമാണ് വിരാട് കോഹ്ലി. മാത്രമല്ല നിലവിൽ മികച്ച ഫോമിലാണ് കോഹ്ലി കളിക്കുന്നത്. ഈ സാഹചര്യത്തിലാണ് കോഹ്ലിയെ ഓപ്പണറായി തന്നെ ഇന്ത്യ ഉപയോഗിക്കണം എന്ന അഭിപ്രായവുമായി ആർപി സിംഗ് രംഗത്ത് വന്നിരിക്കുന്നത്.
ശേഷം സഞ്ജു സാംസണിന് ഇന്ത്യ അവസരം നൽകണമെന്നാണ് ആർപി സിംഗ് പറയുന്നത്. മൂന്നാം നമ്പർ സഞ്ജു സാംസന് ചേരുന്ന പൊസിഷനാണ് എന്ന് ആർപി സിംഗ് സമ്മതിക്കുന്നു. ഇത്തരമൊരു മികച്ച ബാറ്റിംഗ് ലൈനപ്പ് ഇന്ത്യ ഉണ്ടാക്കിയെടുക്കേണ്ടത് ആവശ്യമാണ് എന്ന് ആർപി സിംഗ് ചൂണ്ടിക്കാണിക്കുകയും ഉണ്ടായി.
“എന്നോട് ചോദിച്ചാൽ, വിരാട് കോഹ്ലിയും രോഹിത് ശർമയും ഓപ്പണർമാരായി കളിക്കണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്. സഞ്ജു സാംസൺ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യണം. 100% ഉറപ്പാണ്. ശേഷം നാലാം നമ്പറിൽ സൂര്യകുമാർ യാദവ് ആവണം ഇന്ത്യയ്ക്കായി ഇറങ്ങേണ്ടത്. അഞ്ചാം നമ്പറിൽ ഋഷഭ് പന്തിന് അവസരം നൽകണം. ആറാം നമ്പരിൽ ഹർദിക് പാണ്ട്യ ക്രീസിലെത്തണം. ഇത് ടീം കോമ്പിനേഷൻ കൂടി ആശ്രയിച്ചിരിക്കണം. എന്തായാലും ഇന്ത്യയുടെ നായകനും കോച്ചും ചേർന്നാണ് ഇതേ സംബന്ധിച്ചുള്ള അവസാന തീരുമാനം എടുക്കേണ്ടത്. നമുക്കാവശ്യം ഇത്തരമൊരു ലൈനപ്പാണ്.”- ആർപി സിംഗ് പറഞ്ഞു.
ഇതുവരെ ട്വന്റി20കളിൽ വിരാട് കോഹ്ലിയും രോഹിത് ശർമയും ഒരിക്കൽ മാത്രമാണ് ഇന്ത്യക്കായി ഓപ്പണിങ് ഇറങ്ങിയിട്ടുള്ളത്. 2021ൽ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു മത്സരം. ആ മത്സരത്തിൽ ആദ്യ വിക്കറ്റിൽ 94 റൺസ് കൂട്ടിച്ചേർക്കാൻ ഇരുവർക്കും സാധിച്ചു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 224 റൺസാണ് സ്വന്തമാക്കിയത്. 36 റൺസിന്റെ വിജയം മത്സരത്തിൽ സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു.
ഇതുവരെ ഇന്ത്യക്കായി 9 ട്വന്റി20 മത്സരങ്ങളിലാണ് വിരാട് കോഹ്ലി ഓപ്പണിങ് ഇറങ്ങിയിട്ടുള്ളത്. ഓപ്പണിങ് പൊസിഷനിൽ ഇറങ്ങി ഇന്ത്യയ്ക്കായി ഒരു ട്വന്റി20 സെഞ്ച്വറി സ്വന്തമാക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിരുന്നു. 2022 ഏഷ്യകപ്പിൽ അഫ്ഗാനിസ്ഥാന് എതിരെയായിരുന്നു കോഹ്ലിയുടെ ട്വന്റി20 സെഞ്ച്വറി.