2024 ട്വന്റി20 ലോകകപ്പിന് മുന്നോടിയായി ഒരുപാട് വിമർശനങ്ങൾ കേട്ട താരമാണ് ഹർദിക് പാണ്ഡ്യ. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് ഹർദിക് പാണ്ഡ്യയെ സ്വന്തമാക്കി, 2024 ഐപിഎല്ലിലെ തങ്ങളുടെ നായകനാക്കി മാറ്റിയിരുന്നു. രോഹിത്തിന് പകരം പാണ്ഡ്യയെ മുംബൈ നായകനാക്കി മാറ്റിയതിന് തൊട്ടുപിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങളും താരത്തിനെതിരെ ഉയർന്നു.
മാത്രമല്ല ഐപിഎല്ലിൽ ബോളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങാൻ പാണ്ഡ്യയ്ക്ക് സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് പാണ്ഡ്യക്ക് ഒപ്പം എത്തിയത്. ശേഷം പാണ്ഡ്യയെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയപ്പോഴും ഇത്തരം വിമർശനങ്ങൾ തുടർന്നു. എന്നാൽ ഇപ്പോൾ എല്ലാത്തിനുമുള്ള മറുപടി തന്റെ മികച്ച പ്രകടനത്തിലൂടെ നൽകിയിരിക്കുകയാണ് ഹർദിക് പാണ്ഡ്യ.
2024 ട്വന്റി20 ലോകകപ്പിലെ ആദ്യ 3 മത്സരങ്ങളിലും തകർപ്പൻ ബോളിംഗ് പ്രകടനം പുറത്തെടുത്താണ് പാണ്ഡ്യ തന്റെ വിമർശകരുടെ വായ അടപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ അയർലണ്ടിനെതിരായ ആദ്യ മത്സരത്തിൽ 3 വിക്കറ്റുകൾ സ്വന്തമാക്കിയാണ് പാണ്ഡ്യ മികവ് പുലർത്തിയത്. 4 ഓവറുകളിൽ കേവലം 27 റൺസ് മാത്രം വിട്ടു നൽകിയ പാണ്ഡ്യ മത്സരത്തിൽ 3 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ടക്കർ, കാംഫർ, മാർക്ക് അടയർ എന്നിവരുടെ വിക്കറ്റുകളായിരുന്നു മത്സരത്തിൽ ഹർദിക് പാണ്ഡ്യ സ്വന്തമാക്കിയത്. ഇതോടെ ലോകകപ്പിൽ ഹർദിക് പാണ്ഡിയ്ക്ക് മികച്ച ഒരു തുടക്കം ലഭിക്കുകയും ചെയ്തു.
ശേഷം ഇന്ത്യയുടെ പാകിസ്ഥാനെതിരായ നിർണ്ണായക മത്സരത്തിലും വലിയ സാന്നിധ്യമായി മാറാൻ പാണ്ഡ്യയ്ക്ക് സാധിച്ചിരുന്നു. മത്സരത്തിൽ കേവലം 119 റൺസ് മാത്രമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. അതിനാൽ തന്നെ പാണ്ഡ്യയിൽ നിന്ന് മികച്ച ബോളിംഗ് പ്രകടനം ഇന്ത്യയ്ക്ക് ആവശ്യമായിരുന്നു
ഈ സാഹചര്യത്തിൽ 4 ഓവറുകളിൽ 24 റൺസ് മാത്രം വിട്ടുനൽകി 2 വിക്കറ്റുകൾ മത്സരത്തിൽ സ്വന്തമാക്കാൻ പാണ്ഡ്യയ്ക്ക് സാധിച്ചു. പാക്കിസ്ഥാൻ നിരയിലെ അപകടകാരികളായ ഫക്കർ സമൻ, ശതാബ് ഖാൻ എന്നിവരുടെ വിക്കറ്റുകളാണ് മത്സരത്തിൽ പാണ്ഡ്യ സ്വന്തമാക്കിയത്.
ശേഷം അമേരിക്കക്കെതിരായ മത്സരത്തിലും തട്ടുപൊളിപ്പൻ ബോളിംഗ് പ്രകടനമാണ് താരം കാഴ്ച വച്ചിരിക്കുന്നത്. നാലോവറുകൾ പന്തെറിഞ്ഞ പാണ്ഡ്യ ഒരു മെയ്ഡനടക്കം 14 റൺസ് മാത്രം വിട്ടുനൽകി 2 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. കൊറി ആൻഡേഴ്സൺ, ആരോൺ ജോൺസ് എന്നിവരുടെ വിക്കറ്റുകളാണ് മത്സരത്തിൽ പാണ്ഡ്യ സ്വന്തമാക്കിയത്.
ഇതോടെ 2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കായി ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കുന്ന താരമായി പാണ്ഡ്യ മാറിയിട്ടുണ്ട്. കഴിഞ്ഞ സമയങ്ങളിൽ നേരിട്ട വിമർശനങ്ങൾക്കുള്ള മറുപടിയാണ് പാണ്ഡ്യ തന്റെ പ്രകടനത്തിലൂടെ നൽകുന്നത്.