ബിസിസിഐക്കും ഐപിഎല്ലിനും എതിരെ വലിയ വിമർശനവുമായി മുൻ പാക്കിസ്ഥാൻ ക്രിക്കറ്റർ ഇൻസമാം ഉൾ ഹഖ്. മറ്റു ക്രിക്കറ്റ് ബോർഡുകൾ തങ്ങളുടെ താരങ്ങളെ ഇന്ത്യൻ പ്രീമിയർ ലീഗ് കളിക്കാൻ അനുവദിക്കരുത് എന്നാണ് ഇൻസമാം പറയുന്നത്. ബിസിസിഐ തങ്ങളുടെ താരങ്ങളെ മറ്റു ലീഗുകളിൽ കളിക്കാൻ സമ്മതിക്കുന്നില്ല.
ഇങ്ങനെയുള്ള സാഹചര്യത്തിൽ മറ്റുള്ള രാജ്യങ്ങൾ മാത്രം എന്തിനാണ് ഐപിഎൽ കളിക്കാൻ താരങ്ങളെ അനുവദിക്കുന്നത് എന്ന് ഇൻസമാം ചോദിക്കുന്നു. നിലവിൽ ഇന്ത്യയുടെ പുരുഷ ക്രിക്കറ്റർമാർക്കാണ് ഇത്തരത്തിൽ ബിസിസിഐ നിയമം കൊണ്ടുവന്നിരിക്കുന്നത്. വനിതാ ക്രിക്കറ്റർമാർക്ക് മറ്റ് ലീഗുകളിൽ കളിക്കാനുള്ള അനുവാദമുണ്ട്. ഈ സാഹചര്യത്തിലാണ് ഇൻസമാമിന്റെ പ്രതികരണം.
“ചാമ്പ്യൻസ് ട്രോഫി വിജയം ഒരു വശത്ത് നിൽക്കട്ടെ, നിങ്ങൾ ഐപിഎല്ലിലേക്ക് ശ്രദ്ധിക്കൂ. ലോകത്തുള്ള മുഴുവൻ വലിയ താരങ്ങളും ഐപിഎല്ലിൽ പങ്കെടുക്കുന്നുണ്ട്. പക്ഷേ ഇന്ത്യൻ താരങ്ങൾക്ക് മറ്റു ലീഗുകളിൽ കളിക്കാനുള്ള അനുവാദമില്ല. അതുകൊണ്ടുതന്നെ ഐപിഎല്ലിലേക്ക് താരങ്ങളെ അയക്കുന്ന സ്വഭാവം മറ്റു ബോർഡുകൾ നിർത്തേണ്ട സമയമായി. ഇന്ത്യയുടെ ക്രിക്കറ്റ് ബോർഡ് തങ്ങളുടെ താരങ്ങളെ മറ്റു ലീഗുകളിൽ കളിക്കാൻ അനുവദിച്ചില്ലെങ്കിൽ, മറ്റു ബോർഡുകളും അതേ നിലപാട് തന്നെയാണ് കൈക്കൊള്ളേണ്ടത്.”- ഇൻസമാം പറഞ്ഞു.
ബിസിസിഐയുമായി കോൺട്രാക്ട് ഉള്ള താരങ്ങൾക്കാണ് മറ്റു ക്രിക്കറ്റ് ലീഗുകളിൽ കളിക്കാൻ നിലവിൽ വിലക്കുള്ളത്. ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും പൂർണമായി വിരമിക്കൽ പ്രഖ്യാപിച്ച താരങ്ങൾക്ക് മറ്റു ലീഗുകളിൽ കളിക്കാൻ സാധിക്കും. സമീപകാലത്ത് ഇന്ത്യയുടെ പ്രധാന താരമായിരുന്ന ദിനേശ് കാർത്തിക് ഇത്തരത്തിൽ ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗിൽ കളിച്ചിരുന്നു. ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് പൂർണമായ വിരമിക്കൽ പ്രഖ്യാപിച്ച ശേഷം ആയിരുന്നു ദിനേശ് കാർത്തിക് ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗിൽ കളിച്ചത്. മാത്രമല്ല യുവരാജ് സിംഗ്, ഇർഫാൻ പത്താൻ തുടങ്ങിയ താരങ്ങൾ കാനഡ ട്വന്റി20 ലീഗിലും ശ്രീലങ്കൻ പ്രീമിയർ ലീഗിലും അണിനിരന്നു.
ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് മാർച്ച് 22നാണ് ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിനെ നേരിടും. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് ആദ്യ മത്സരം നടക്കുന്നത്. ഐപിഎല്ലിന് ഇടയിൽ തന്നെയാണ് പാക്കിസ്ഥാന്റെ ട്വന്റി20 ലീഗായ പിഎസ്എല്ലും നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിൽ 11 മുതൽ 18 വരെയാണ് പിഎസ്എല്ലിന്റെ സമയം. ഇത് ആദ്യമായാണ് ഇരു ടൂർണമെന്റുകളും ഒരേസമയത്ത് നിശ്ചയിച്ചിരിക്കുന്നത് ഇത് പിഎസ്എല്ലിനെ ബാധിക്കുമോ എന്ന ആശങ്കയും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനുണ്ട്.