വിജയവുമായി ഇന്ത്യൻ പെൺപുലികൾ, ഏഷ്യകപ്പിന്റെ സെമി ഫൈനലിൽ.

GTAgAIKbsAAQrkz scaled

ഏഷ്യാകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. യുഎഇ വനിതകൾക്കെതിരായ മത്സരത്തിൽ 78 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ വിജയത്തോടെ ടൂർണമെന്റിന്റെ സെമിഫൈനലിൽ സ്ഥാനമുറപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെയും വമ്പൻ വിജയം നേടാൻ ഇന്ത്യക്ക് സാധിച്ചിരുന്നു. യുഎഇക്കെതിരായ മത്സരത്തിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെയും വിക്കറ്റ് കീപ്പർ റിച്ചാ ഘോഷിന്റെയും അർധസെഞ്ച്വറികളാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഇന്ത്യയെ സംബന്ധിച്ച് ഒരുപാട് ആത്മവിശ്വാസമാണ് ഈ വിജയവും നൽകിയിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ യുഎഇ വനിതകൾ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ പന്ത് മുതൽ ആക്രമിച്ചു കളിക്കാനാണ് ഇന്ത്യൻ ഓപ്പണർ ഷഫാലി വർമ ശ്രമിച്ചത്. പവർപ്ല ഓവറുകളിൽ മികച്ച ഒരു സ്കോർ കണ്ടെത്താൻ ഇന്ത്യയ്ക്ക് സാധിച്ചു. സ്മൃതി മന്ദനയും(13) ഹേമലതയും(2) തുടക്കത്തിൽ തന്നെ കൂടാരം കയറിയെങ്കിലും ഷഫാലി ക്രീസിലുറച്ചു. 18 പന്തുകളിൽ 5 ബൗണ്ടറികളും ഒരു സിക്സറുമടക്കം 37 റൺസാണ് ഷഫാലി നേടിയത്. ശേഷം നാലാമതായി ക്രീസിലെത്തിയ ഹർമൻപ്രീത് കൗറും ക്രീസിലുറച്ച് ഇന്ത്യക്കായി പൊരുതി.

അവസാന ഓവറുകളിൽ റിച്ചാ ഘോഷിന്റെ ഒരു വെടിക്കെട്ടാണ് കാണാൻ സാധിച്ചത്. യുഎഇ ബോളർമാരെ തലങ്ങും വിലങ്ങും പായിച്ച റിച്ച ഇന്ത്യയ്ക്ക് ശക്തമായ ഒരു സ്കോർ സമ്മാനിക്കുകയായിരുന്നു. ഹർമൻപ്രീത് 47 പന്തുകളില്‍ 7 ബൗണ്ടറികളും ഒരു സിക്സറുമടക്കം 66 റൺസ് നേടിയപ്പോൾ, റിച്ച 29 പന്തുകളിൽ 12 ബൗണ്ടറികളും ഒരു സിക്സറുമടക്കം 64 റൺസ് നേടി പുറത്താവാതെ നിൽക്കുകയായിരുന്നു.

Read Also -  സിക്സർ അടിച്ച് ട്രിപിൾ സെഞ്ച്വറി നേടരുത് എന്ന് സച്ചിൻ. വക വയ്ക്കാതെ സേവാഗ്. സംഭവം ഇങ്ങനെ.

ഇങ്ങനെ ഇന്ത്യയുടെ സ്കോർ നിശ്ചിത 20 ഓവറുകളിൽ 201 റൺസിലെത്തി. ഇതാദ്യമായാണ് ഇന്ത്യ വനിതാ ട്വന്റി20 ക്രിക്കറ്റിൽ 200ന് മുകളിൽ സ്കോർ ചെയ്യുന്നത്. മറുപടി ബാറ്റിങ് ആരംഭിച്ച യുഎഇ വനിതകളെ തുടക്കത്തിൽ തന്നെ തകർക്കാൻ ഇന്ത്യൻ പേസർമാർക്ക് സാധിച്ചു. രേണുക സിംഗും പൂജ വസ്ത്രക്കരും മികവ് പുലർത്തിയപ്പോൾ പോരാടാൻ പോലും യുഎഇ ടീമിന് സാധിച്ചില്ല.

ക്യാപ്റ്റൻ ഓസ(38) യുഎഇക്കായി ക്രീസിലുറച്ചെങ്കിലും റൺസ് ഉയർത്തുന്നതിൽ പരാജയപ്പെട്ടു. ഒപ്പം മധ്യനിരയിൽ ഈഗോഡെഗ് 40 റൺസുമായി മികവ് പുലർത്തുകയുണ്ടായി. എന്നിരുന്നാലും യുഎഇയുടെ ഇന്നിങ്സ് കേവലം 123 റൺസിൽ അവസാനിക്കുകയായിരുന്നു. മറുവശത്ത് ഇന്ത്യക്കായി 2 വിക്കറ്റുകൾ സ്വന്തമാക്കിയ ദീപ്തി ശർമ മികവ് പുലർത്തി. മറ്റെല്ലാ ബോളർമാരും ഓരോ വിക്കറ്റുകൾ വീതം സ്വന്തമാക്കുകയുണ്ടായി. മത്സരത്തിൽ 78 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ വിജയത്തോടെ ഇന്ത്യ സെമിഫൈനലിൽ സ്ഥാനം ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Scroll to Top