വരുൺ നായനാരുടെ തൂക്കിയടി, വിഷ്ണു വിനോദിന്റെ താണ്ഡവം. കൊച്ചിയെ പറത്തി തൃശൂർ ടൈറ്റൻസ്.

കൊച്ചിയ്ക്കെതിരായ മത്സരത്തിൽ തൃശ്ശൂർ നായകൻ വരുൺ നായനാരുടെ വെടിക്കെട്ട്. മത്സരത്തിൽ എല്ലാ തരത്തിലും കൊച്ചി ബോളർമാരെ അടിച്ചകറ്റിയ വരുൺ നായനാർ അവിശ്വസനീയമായ രീതിയിൽ തൃശ്ശൂർ ടീമിനെ വിജയത്തിൽ എത്തിക്കുകയായിരുന്നു. മത്സരത്തിൽ ഒരു വെടിക്കെട്ട് അർ ധ സെഞ്ച്വറിയാണ് വരുൺ സ്വന്തമാക്കിയത്. 7 വിക്കറ്റുകളുടെ വിജയമാണ് തൃശ്ശൂർ ടീം കൊച്ചി ടീമിന് മേൽ മത്സരത്തിൽ നേടിയത്. സീസണിലെ തൃശ്ശൂരിന്റെ രണ്ടാം വിജയമാണ് മത്സരത്തിൽ പിറന്നത്. ഇതുവരെ 5 മത്സരങ്ങൾ കളിച്ച തൃശ്ശൂർ 2 വിജയങ്ങളും 3 പരാജയങ്ങളുമായി മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ തൃശ്ശൂർ ടൈറ്റൻസ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗ് ആരംഭിച്ച കൊച്ചി ടീമിന് ജോബിൻ ജോബിയുടെ(7) വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. ശേഷം ആനന്ദ് കൃഷ്ണനും(19) റൺസ് കണ്ടെത്താൻ വിഷമിക്കുകയുണ്ടായി. എന്നാൽ മൂന്നാമതായി ക്രീസിലെത്തിയ ഷോൺ റോജർ 23 റൺസുമായി പിടിച്ചുനിന്നു. ഇതിനിടെ മഴയെത്തിയത് മത്സരത്തിൽ കല്ലുകടി ഉണ്ടാക്കി. പക്ഷേ മഴയ്ക്ക് ശേഷം കാണാൻ സാധിച്ചത് കൊച്ചി താരം നിഖിലിന്റെ വെടിക്കെട്ട് ആയിരുന്നു. 16 ഓവറുകളാക്കി ചുരുക്കിയ മത്സരത്തിന്റെ, അവസാന സമയങ്ങളിൽ നിഖിൽ ഒരു വമ്പൻ ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവച്ചത്.

മത്സരത്തിൽ 23 പന്തുകളിൽ 47 റൺസായിരുന്നു നിഖിലിന്റെ സമ്പാദ്യം. 5 ബൗണ്ടറികളും 3 സിക്സറുകളും നിഖിലിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. ഇങ്ങനെ നിശ്ചിത 16 ഓവറുകളിൽ 130 റൺസ് സ്വന്തമാക്കാൻ കൊച്ചി ടീമിന് സാധിച്ചു. മഴ നിയമപ്രകാരം 136 റൺസായിരുന്നു തൃശൂർ ടീമിന്റെ വിജയലക്ഷ്യം. മറുപടി ബാറ്റിങ് ആരംഭിച്ച തൃശ്ശൂരിന് ആനന്ദ് സാഗറിന്റെ(5) വിക്കറ്റ് തുടക്കത്തിൽ നഷ്ടമായി. ശേഷം അഭിഷേക് പ്രതാപും(6) മടങ്ങിയതോടെ തൃശ്ശൂർ പതറി. എന്നാൽ ഒരുവശത്ത് നായകൻ വരുൺ നായനാർ ക്രീസിലുറച്ചത് തൃശ്ശൂരിന് ആശ്വാസം നൽകി. പിന്നീട് വരുൺ നായനാരും വിഷ്ണു വിനോദും ചേർന്ന് തട്ടുപൊളിപ്പൻ കൂട്ടുകെട്ട് തന്നെയാണ് മത്സരത്തിൽ കെട്ടിപ്പടുത്തത്.

ഇരുവരും കൃത്യമായ സമയത്ത് ആക്രമണം അഴിച്ചുവിടുകയായിരുന്നു. നായകൻ വരുൺ നായനാർ 38 പന്തുകളിൽ 6 ബൗണ്ടറികളും 3 സിക്സറുകളുടക്കം 64 റൺസ് നേടി പുറത്താവാതെ നിന്നു. വിഷ്ണു വിനോദ് 33 പന്തുകളിൽ 5 ബൗണ്ടറികളും ഒരു സിക്സറുടക്കം 46 റൺസാണ് സ്വന്തമാക്കിയത്. ഇരുവരുടെയും മികവാർന്ന ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ 15 ഓവറിനുള്ളിൽ തന്നെ ലക്ഷ്യം മറികടക്കാൻ തൃശൂർ ടീമിന് സാധിച്ചു. ഏഴു വിക്കറ്റുകളുടെ വിജയമാണ് മത്സരത്തിൽ തൃശ്ശൂർ സ്വന്തമാക്കിയത്.

Previous article2025 ഐപിഎല്ലിൽ ഈ 4 ടീമുകൾക്ക് പുതിയ ക്യാപ്റ്റൻമാർ എത്തും.
Next articleസച്ചിൻ ബേബിയുടെ തീപ്പൊരി ഫിഫ്റ്റി. നാലാം വിജയം സ്വന്തമാക്കി കൊല്ലം സൈലേഴ്‌സ്.