2024 ട്വന്റി20 ലോകകപ്പ് കിരീടം നേടി ജന്മനാട്ടിലേക്ക് എത്തിയ ഇന്ത്യക്ക് വലിയ രീതിയിലുള്ള സ്വീകരണമാണ് ആരാധകർ ഒരുക്കിയത്. വ്യാഴാഴ്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ഒരു നിർണായക ദിവസം തന്നെയായിരുന്നു. വിജയകിരീടം ചൂടിയെത്തിയ ഇന്ത്യൻ ടീം അംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം പ്രത്യേക പ്രഭാത ഭക്ഷണം കഴിക്കുകയും, പിന്നീട് തുറന്ന ബസ്സിൽ വിജയപരേഡ് നടത്തുകയും ചെയ്തു.
മുംബൈയിൽ വലിയ ജനസാഗരത്തിന്റെ ഇടയിലൂടെ ആയിരുന്നു ഇന്ത്യൻ ടീം അംഗങ്ങൾ ആഘോഷത്തിൽ ഏർപ്പെട്ടത്. വാങ്കഡെ സ്റ്റേഡിയത്തിൽ ഒത്തുകൂടിയ 33,000 ആളുകൾക്ക് മുൻപിൽ തങ്ങളുടെ വിജയം ആഘോഷിക്കാനും ഇന്ത്യൻ ടീമിന് സാധിച്ചു.
वंदे मातरम 🇮🇳 pic.twitter.com/j5D4nMMdF9
— BCCI (@BCCI) July 4, 2024
വാങ്കഡെ സ്റ്റേഡിയത്തിലെ ആഘോഷത്തിന് ഇടയിൽ രോഹിത് ശർമയും ടീമും ആരാധകരെ അഭിസംബോധന ചെയ്ത് മൈതാനത്തിന് ചുറ്റും നടക്കുകയുണ്ടായി. എആർ റഹ്മാൻ ഈണം നൽകിയ “വന്ദേമാതരം” എന്ന ഗാനം ആലപിച്ചാണ് ഇന്ത്യൻ ടീം അംഗങ്ങൾ തങ്ങളുടെ ആരാധകരെ അഭിസംബോധന ചെയ്തത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാവുകയും ചെയ്തു.
തങ്ങളുടെ ജന്മനാടിനായി കിരീടമുയർത്തിയ ഇന്ത്യൻ ടീമിന്റെ ആഹ്ലാദം വീഡിയോയിൽ നിന്ന് വ്യക്തമായിരുന്നു. വിരാട് കോഹ്ലി, ഹർദിക് പാണ്ഡ്യ, ജസ്പ്രീറ്റ് ബുമ്ര തുടങ്ങി മുഴുവൻ ഇന്ത്യൻ ടീമംഗങ്ങളും വളരെ ആത്മാർത്ഥതയോടെ വന്ദേമാതരം എന്ന ഗാനം ആലപിക്കുന്നതാണ് വീഡിയോയുടെ ഹൈലൈറ്റ് പോഷൻ.
ട്വിറ്ററിൽ വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്. ഇന്ത്യൻ ജനതയ്ക്ക് രോമാഞ്ചം വരുന്ന രീതിയിലാണ് വീഡിയോയിലെ ദൃശ്യങ്ങൾ എന്ന് ആരാധകർ പോലും പറയുകയുണ്ടായി. ഇതിനിടെ വന്ദേമാതരം പാടുന്ന സമയത്ത് ഹർദിക് പാണ്ട്യയുടെ കയ്യിലേക്ക് ഒരു ആരാധകൻ തന്റെ ജേഴ്സി എറിഞ്ഞത് വലിയ രീതിയിൽ തമാശ ഉണ്ടാക്കി. തന്റെ കയ്യിലേക്ക് ജേഴ്സി എത്തിയ കണ്ടയുടൻ തന്നെ ഹർദിക് പാണ്ഡ്യ അത് മൈതാനത്തേക്ക് ഇട്ടു. എന്നാൽ ഇത് കൃത്യമായി ബൂമ്ര കാണുകയും ബൂമ്ര പൊട്ടിച്ചിരിക്കുകയും ചെയ്തു. മറ്റ് ടീം അംഗങ്ങളോടും ബുമ്ര ഇത് പറഞ്ഞ് ചിരിക്കുന്നതും വീഡിയോയിൽ കാണാം.
ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് വലിയൊരു നാഴികക്കലാണ് ഈ ട്വന്റി20 ലോകകപ്പ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ 11 വർഷങ്ങളിലായി ഐസിസി കിരീടങ്ങൾ ഒന്നുംതന്നെ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല. പല ടൂർണമെന്റ്കളിലും മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും നോക്ക്ഔട്ട് ഘട്ടത്തിൽ ഇന്ത്യ പരാജയപ്പെടുന്നതാണ് കണ്ടത്. പക്ഷേ ഈ പരാജയങ്ങൾക്ക് ഒരു അറുതി വരുത്താൻ രോഹിത് ശർമയ്ക്കും കൂട്ടർക്കും സാധിച്ചിട്ടുണ്ട്. തങ്ങളുടെ രണ്ടാമത്തെ ട്വന്റി20 ലോകകപ്പാണ് ഇന്ത്യ നേടിയിരിക്കുന്നത്. ഇനി 2025 ചാമ്പ്യൻസ് ട്രോഫിയാണ് ഇന്ത്യയ്ക്ക് മുൻപിലുള്ള അടുത്ത വലിയ ലക്ഷ്യം