ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ഏകദിന മത്സരത്തിൽ സഞ്ജു സാംസണിന്റെ തകർപ്പൻ സെഞ്ചുറിയായിരുന്നു ഇന്ത്യയെ വിജയത്തിലെത്തിച്ചത്. വളരെ മികച്ച പ്രകടനത്തോടെ ഇന്ത്യയ്ക്ക് ശക്തമായ ഒരു സ്കോർ സമ്മാനിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു. 114 പന്തുകളിൽ 108 റൺസാണ് സഞ്ജു മത്സരത്തിൽ നേടിയത്.
ഇന്ത്യ മത്സരത്തിൽ 78 റൺസിന്റെ വമ്പൻ വിജയവും സ്വന്തമാക്കുകയുണ്ടായി. ശേഷം സഞ്ജു സാംസണിനെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് ഇന്ത്യൻ താരം ദിനേശ് കാർത്തിക്. സഞ്ജു വളരെ കാലമായി ഇന്ത്യൻ ടീമിലെ പ്രധാനഘടകമാണെന്നും, അതിനാൽ തന്നെ ലോകത്താകമാനം ആരാധകരെ സൃഷ്ടിക്കാൻ സഞ്ജു സാംസണിന് സാധിച്ചിട്ടുണ്ടന്നും ദിനേശ് കാർത്തിക് പറയുകയുണ്ടായി.
ലോകത്ത് ഇതിഹാസ താരങ്ങൾക്ക് ഉള്ളതുപോലെതന്നെ സഞ്ജു സാംസണും ആരാധകരുണ്ട് എന്നാണ് ദിനേശ് കാർത്തിക് പറയുന്നത്. “ഇന്ത്യൻ ടീമിനൊപ്പം ഒരുപാട് വർഷങ്ങളായി സഞ്ജു സാംസൺ സഞ്ചരിക്കുന്നുണ്ട്. എന്നിരുന്നാലും പലപ്പോഴും ലോകകപ്പ് പോലെയുള്ള വിവിധ ടൂർണമെന്റുകളിൽ പങ്കെടുക്കാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. എന്നിരുന്നാലും ലോകം എപ്പോഴും സഞ്ജുവിനെപ്പറ്റി ചർച്ച ചെയ്യുന്നുണ്ട്.”
“വലിയ കളിക്കാർക്ക് ഉള്ളതുപോലെ തന്നെ ആരാധക പിന്തുണ സഞ്ജു സാംസണും എല്ലായിടത്തും ലഭിക്കുന്നു. മാത്രമല്ല ആളുകളിൽ നിന്ന് സ്നേഹവും കരുതലും സഞ്ജുവിന് ലഭിക്കുന്നുണ്ട്. എന്തുകൊണ്ടാണ് തനിക്കത് ലഭിക്കുന്നത് എന്ന് സഞ്ജു ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിലെ ഇന്നിംഗ്സിലൂടെ കാട്ടിത്തന്നു.”- ദിനേശ് കാർത്തിക് പറയുന്നു.
“പരമ്പരയിലെ വളരെ നിർണായകമായ മത്സരത്തിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനുള്ള അവസരമാണ് സഞ്ജു സാംസണ് ലഭിച്ചത്. അതാണ് അവന് ഏറ്റവും പാകമായതും. അവൻ ക്രീസിലെത്തിയ ശേഷം കൃത്യമായി സമ്മർദ്ദങ്ങൾ തന്നിലേക്ക് ആവാഹിക്കുകയുണ്ടായി. ശേഷം രാഹുലുമൊത്ത് 52 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുക്കാനും സഞ്ജുവിന് സാധിച്ചു.”
“എന്നാൽ ആ കൂട്ടുകെട്ടിന് ശേഷമായിരുന്നു സഞ്ജുവിൽ നിന്ന് ഏറ്റവും മികച്ച പ്രകടനം ഉണ്ടായത്. 19 ആം ഓവറിൽ രാഹുൽ പുറത്തായ ശേഷം തിലക് വർമയെയും ചേർത്ത് 19 മുതൽ 35 ഓവർ വരെ ഇന്ത്യയ്ക്കായി സമ്മർദ്ദം പിടിച്ചുനിർത്താൻ സഞ്ജുവിന് സാധിച്ചു. ആ സമയത്ത് ഇന്ത്യയ്ക്ക് ബൗണ്ടറികളും ലഭിച്ചിരുന്നില്ല.”- ദിനേശ് കാർത്തിക് കൂട്ടിച്ചേർക്കുന്നു.
വളരെ കാലത്തിനു ശേഷമായിരുന്നു സഞ്ജു സാംസൺ ഇത്ര മികച്ച പ്രകടനം ഇന്ത്യക്കായി പുറത്തെടുത്തത്. പരമ്പരയിലെ രണ്ടാം മത്സരത്തിൽ ബാറ്റിംഗിൽ പരാജയപ്പെട്ടതിന് പിന്നാലെ സഞ്ജുവിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. പക്ഷേ ഒരു ഇന്നിംഗ്സ് കൊണ്ട് എല്ലാ വിമർശനങ്ങളെയും ഇല്ലാതാക്കാൻ സഞ്ജു സാംസന് സാധിച്ചു.
വരും മത്സരങ്ങളിലും സഞ്ജുവിന് അവസരങ്ങൾ ലഭിക്കുമെന്നും, ഇത്തരം പ്രകടനങ്ങൾ ആവർത്തിക്കുമെന്നുമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. നിലവിൽ രഞ്ജി ട്രോഫിക്കുള്ള കേരള ടീമിന്റെ നായകനായി സഞ്ജു സാംസൺ സ്ഥാനമേറ്റിട്ടുണ്ട്.