ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച മധ്യനിര ബാറ്റർ അവനാണ്. ഇന്ത്യൻ താരത്തെപറ്റി വസീം അക്രം.

സമീപകാലത്ത് പല കാരണങ്ങൾ കൊണ്ടും ഇന്ത്യൻ ടീമിൽ കളിക്കാൻ സാധിച്ചിട്ടില്ലെങ്കിലും, കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യക്കായി തകര്‍പ്പന്‍ന്‍ പ്രകടനം പുലർത്തിയിട്ടുള്ള താരമാണ് കെ എൽ രാഹുൽ. മധ്യനിരയിൽ ഇന്ത്യയുടെ വിശ്വസ്തനായിരുന്നു രാഹുൽ. 2023 ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കായി മധ്യനിരയിൽ മികച്ച പ്രകടനം തന്നെ താരം കാഴ്ചവെച്ചിട്ടുണ്ട്.

ഇപ്പോൾ രാഹുലിനെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം വസീം അക്രം. നിലവിൽ ക്രിക്കറ്റിന്റെ 3 ഫോർമാറ്റിലെയും മികച്ച മധ്യനിര ബാറ്ററാണ് രാഹുൽ എന്ന് വസിം അക്രം പറയുകയുണ്ടായി. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വസീം അക്രം ഇക്കാര്യം പറഞ്ഞത്.

“നിലവിൽ ക്രിക്കറ്റിലെ ഏത് ഫോർമാറ്റ് എടുത്തു നോക്കുകയാണെങ്കിലും ഏറ്റവും മികച്ച മധ്യനിര ബാറ്റർ കെ എൽ രാഹുലാണ്”- വസീം അക്രം പറഞ്ഞു. ഇന്ത്യക്കായി 3 ഫോർമാറ്റുകളിലും ഇതുവരെ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചിട്ടുള്ള ചുരുക്കം താരങ്ങളിൽ ഒരാളാണ് രാഹുൽ. 2014ൽ ആയിരുന്നു ഇന്ത്യക്കായി ടെസ്റ്റ് മത്സരത്തിൽ രാഹുൽ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 83 ടെസ്റ്റ് ഇന്നിംഗ്സുകൾ ഇന്ത്യയ്ക്കായി ബാറ്റ് ചെയ്തിട്ടുള്ള രാഹുൽ 2863 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. 8 സെഞ്ച്വറികളും 14 അർദ്ധസെഞ്ച്വറികളുമാണ് രാഹുൽ തന്റെ ടെസ്റ്റ് കരിയറിൽ നേടിയിട്ടുള്ളത്.

പിന്നീടാണ് രാഹുൽ ഏകദിന ക്രിക്കറ്റിലും ട്വന്റി20 ക്രിക്കറ്റിലും ഇന്ത്യക്കായി കളിക്കാൻ ആരംഭിച്ചത്. ഇതുവരെ 77 ഏകദിന മത്സരങ്ങൾ ഇന്ത്യക്കായി കളിച്ച രാഹുൽ 2851 റൺസാണ് നേടിയിട്ടുള്ളത്. മധ്യനിരയിൽ നിർണായക സമയത്ത് റൺസ് കണ്ടെത്തുന്നതാണ് രാഹുലിന്റെ ശൈലി. ഏകദിനങ്ങളിൽ 7 സെഞ്ച്വറികളും 18 അര്‍ധ സെഞ്ച്വറികളും രാഹുൽ തന്റെ പേരിൽ ചേർത്തു കഴിഞ്ഞു. ഇതിനൊപ്പം ട്വന്റി20 ക്രിക്കറ്റിൽ 72 മത്സരങ്ങളിൽ നിന്ന് 2265 റൺസും രാഹുൽ നേടിയിട്ടുണ്ട്. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ഇന്ത്യയെ സംബന്ധിച്ച് തങ്ങളുടെ ടീമിൽ നിന്ന് ഒഴിച്ചു നിർത്താൻ സാധിക്കാത്ത താരമാണ് രാഹുൽ.

ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലും രാഹുൽ കളിച്ചിരുന്നു. വലിയൊരു ഇടവേളക്ക് ശേഷമായിരുന്നു രാഹുൽ ഏകദിന പരമ്പരയിലൂടെ ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തിയത്. എന്നാൽ വേണ്ട രീതിയിൽ മികച്ച പ്രകടനങ്ങൾ പരമ്പരയിൽ കാഴ്ചവയ്ക്കാൻ രാഹുലിന് സാധിച്ചില്ല. 2-0 എന്ന നിലയിൽ പരമ്പരയിൽ ഇന്ത്യ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. ഇനി ഇന്ത്യക്ക് മുൻപിലുള്ളത് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയാണ്. ഇതിന് മുന്നോടിയായി വലിയ രീതിയിലുള്ള പരിശീലനത്തിലാണ് രാഹുൽ ഇപ്പോൾ. 2025 ചാമ്പ്യൻസ് ട്രോഫിയിലും രാഹുൽ ഇന്ത്യയുടെ മധ്യനിരയിലെ ശക്തിയായി മാറും എന്ന പ്രതീക്ഷയിലാണ് ആരാധകർ

Previous article“ടെസ്റ്റ്‌ പരമ്പരയിൽ ഇന്ത്യയെ 3-1ന് ഓസീസ് പരാജയപ്പെടുത്തും “. കണക്ക് തീർക്കുമെന്ന് റിക്കി പോണ്ടിങ്.
Next articleഇന്ത്യൻ ടീമിൽ തലമുറമാറ്റം. ഈ 4 യുവതാരങ്ങളെ ഗംഭീർ വളർത്തിയെടുക്കണം