ലോകകപ്പ് ടീമിൽ സഞ്ജുവല്ല വേണ്ടത്. പന്തിനെ ഉൾപ്പെടുത്തണം. യുവരാജ് സിംഗ് പറയുന്നു.

2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനെ സംബന്ധിച്ച് വില രീതിയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. അനുഭവ സമ്പന്നനായ കുറച്ചു താരങ്ങളും കുറച്ച് യുവതാരങ്ങളും കൂടിച്ചേർന്നതാണ് ഇന്ത്യയുടെ ലോകകപ്പ് നിര. ലോകകപ്പ് സ്ക്വാഡിലേക്ക് ഇന്ത്യ വിക്കറ്റ് കീപ്പർമാരായി തിരഞ്ഞെടുത്തത് സഞ്ജു സാംസനെയും ഋഷഭ് പന്തിനെയുമായിരുന്നു.

എന്നാൽ ഇവരിൽ ആരെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നു. ഇതിന് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. സഞ്ജു സാംസണെക്കാൾ, പന്തിനെ ടീമിൽ ഉൾപ്പെടുത്തുന്നതാവും ഇന്ത്യയ്ക്ക് ലോകകപ്പിൽ ഗുണം ചെയ്യുക എന്ന് യുവരാജ് കരുതുന്നു.

കൃത്യമായി മൈതാനത്ത് ഇടംകൈ- വലംകൈ കോമ്പിനേഷൻ ഉപയോഗിക്കാൻ പന്തിന് സാധിക്കും എന്ന് യുവരാജ് കരുതുന്നു. “ഇവരിൽ ആരെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന് ചോദിച്ചാൽ ഞാൻ പന്തിനൊപ്പമാവും നിൽക്കുക. സഞ്ജു മികച്ച ഫോമിലാണ് കളിക്കുന്നത് എന്നത് വസ്തുതയാണ്.”

“പക്ഷേ പന്ത് ഒരു ഇടംകയ്യൻ ബാറ്ററാണ്. മാത്രമല്ല ഇന്ത്യക്കായി ഇനിയും മത്സരങ്ങൾ വിജയിക്കാൻ സാധിക്കുന്ന താരമാണ് പന്ത് എന്ന് ഞാൻ വിശ്വസിക്കുന്നു. കഴിഞ്ഞ സമയങ്ങളിലും അവൻ അത് പലപ്പോഴായി തെളിയിച്ചിട്ടുണ്ട്. ടെസ്റ്റ് മത്സരങ്ങളിൽ പോലും അവനത് സാധിച്ചിട്ടുണ്ട്. എല്ലായിപ്പോഴും വലിയ മത്സരങ്ങളിൽ മാച്ച് വിന്നറായി മാറാൻ അവന് സാധിക്കും.”- യുവരാജ് പറഞ്ഞു.

മോശം ഫോമിലാണെങ്കിലും ഇന്ത്യ ഹർദിക് പാണ്ഡ്യയെയും ടീമിൽ ഉൾപ്പെടുത്തേണ്ടതുണ്ട് എന്നാണ് യുവരാജിന്റെ പക്ഷം. “ഇതിനകം തന്നെ ടീം തിരഞ്ഞെടുത്തു കഴിഞ്ഞു എന്നത് വലിയൊരു കാര്യം തന്നെയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ താരങ്ങളൊക്കെയും ഏതുതരത്തിലാണ് പ്രകടനങ്ങൾ കാഴ്ചവച്ചത് എന്നതും ഐപിഎല്ലിലെ അവരുടെ ഫോമും കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. ഐപിഎൽ ഫോം മാത്രം നോക്കി നമുക്ക് ടീം തിരഞ്ഞെടുക്കാൻ സാധിക്കില്ല.

കാരണം ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹർദിക് പാണ്ഡ്യ അത്ര മികച്ച പ്രകടനമല്ല കാഴ്ചവച്ചത്. പക്ഷേ ഇന്ത്യയിൽ കളിക്കുമ്പോഴുള്ള അവന്റെ പ്രകടനങ്ങൾ പരിശോധിക്കു. വളരെ നന്നായി ഇന്ത്യയ്ക്കായി കളിക്കാൻ അവന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഹർദിക് പാണ്ഡ്യ സ്‌ക്വാഡിൽ ഉണ്ടാവേണ്ടത് വളരെ അത്യാവശ്യമാണ്. അവന്റെ ബോളിംഗ് ഈ ഐപിഎല്ലിൽ വളരെ പ്രാധാന്യമുള്ളതായി മാറുമെന്ന് ഞാൻ കരുതുന്നു. അവന്റെ ഫിറ്റ്നസും നിർണായകമാവും. ഈ ലോകകപ്പിൽ പ്രത്യേകതയുള്ള എന്തൊക്കെയോ ഹർദിക്കിൽ നിന്ന് ഉണ്ടാകുമെന്ന് ഞാൻ ഇപ്പോഴും കരുതുന്നു.”- യുവരാജ് പറയുന്നു.

ഇന്ത്യയ്ക്കായി മത്സരങ്ങളിൽ രോഹിത് ശർമയും ജയസ്വാളും തന്നെ ഓപ്പണറായി എത്തണമെന്നാണ് യുവരാജ് പറയുന്നത്. ഒപ്പം മൂന്നാം നമ്പറിൽ വിരാട് കോഹ്ലിയും നാലാം നമ്പറിൽ സൂര്യകുമാർ യാദവും ക്രീസിൽ എത്തണമെന്ന് യുവരാജ് പറയുകയുണ്ടായി. ഇതിനൊപ്പം ശിവം ദുബെയെയും ഇന്ത്യയ്ക്ക് നന്നായി വിനിയോഗിക്കാൻ സാധിക്കണമെന്ന് യുവരാജ് ഓർമിപ്പിക്കുന്നു. ഇന്ത്യക്കായി കഴിഞ്ഞ ട്വന്റി20 പരമ്പരകളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ദുബെയ്ക്ക് സാധിച്ചിട്ടുണ്ട് എന്ന് യുവരാജ് വിലയിരുത്തുകയുണ്ടായി. മാത്രമല്ല ഐപിഎല്ലിലെ ദുബെയുടെ സ്ഥിരതയാർന്ന പ്രകടനങ്ങളും യുവരാജ് ചൂണ്ടിക്കാട്ടുന്നു.

Previous articleഐപിഎല്ലിനേക്കാൾ വലുതാണ് രാജ്യം, അവർ പോയി കളിക്കട്ടെ. ഇംഗ്ലണ്ട് താരങ്ങളെ പിന്തുണച്ച് മൈക്കിൾ വോൺ.
Next articleവീണ്ടും തേര്‍ഡ് അംപയറുടെ കണ്ണടച്ച തീരുമാനം. വളരെ പെട്ടെന്ന് തന്നെ തീരുമാനം എടുത്തു. കാര്‍ത്തികിനെ ഗോള്‍ഡന്‍ ഡക്ക് ആക്കുവാനുള്ള അവസരം ഇല്ലാതായി.