ലോകകപ്പിൽ ഹർദിക് പാണ്ഡ്യ നിർണായകം. ഇന്ത്യയ്ക്ക് അവനെ ആവശ്യമെന്ന് യുവരാജ് സിംഗ്.

hardik and sky

2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽ ഹർദിക് പാണ്ഡ്യയുടെ സാന്നിധ്യം വളരെ നിർണായകമാണെന്ന് യുവരാജ് സിംഗ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി പരിക്കിന്റെ പിടിയിലാണെങ്കിലും ഹർദിക് എത്രയും പെട്ടെന്ന് തിരികെയെത്തി ടീമിനൊപ്പം ചേരണമെന്നാണ് യുവരാജ് പറയുന്നത്.

2024 ഇന്ത്യൻ പ്രീമിയർ ലീഗിന് മുൻപ് ഹർദിക് പാണ്ഡ്യ തന്റെ ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ഇന്ത്യ തീർച്ചയായും ഹർദിക്കിനെ ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തണമെന്ന് യുവരാജ് പറയുന്നു. ഒരുപാട് പരിക്കുകൾ പറ്റിയിട്ടുള്ള കരിയറാണ് ഹർദിക്കിന്റെതെന്നും, അവന്റെ തിരിച്ചുവരവ് പ്രാധാന്യമേറിയതാണ് എന്നുമാണ് യുവരാജ് പറഞ്ഞത്.

2022 ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനലിൽ ഇന്ത്യ പരാജയം അറിഞ്ഞതിന് ശേഷം ഹർദിക് പാണ്ഡ്യയായിരുന്നു ഇന്ത്യയെ ട്വന്റി20 ഫോർമാറ്റിൽ നയിച്ചത്. വളരെ മികച്ച രീതിയിൽ ഇന്ത്യൻ ടീമിനെ നയിക്കാൻ ഹർദിക്കിന് സാധിച്ചിരുന്നു. എന്നാൽ ഇടക്കിടയ്ക്ക് ഉണ്ടാകുന്ന പരിക്കാണ് ഹർദ്ദിക്കിനെ അലട്ടുന്ന പ്രധാന പ്രശ്നം.

ഹർദിക് പൂർണ്ണമായും പരീക്കിൽ നിന്ന് തിരിച്ചുവന്നാൽ അവന്റെ മികച്ച പ്രകടനം കാണാൻ സാധിക്കും എന്നാണ് യുവരാജ് കരുതുന്നത്. “ഹർദിക് പാണ്ഡ്യ ഇന്ത്യൻ ടീമിലെ വളരെ നിർണായകമായ ഒരു അംഗമാണ്. ഇന്ത്യയ്ക്ക് അവനെ ആവശ്യമാണ്. എന്നിരുന്നാലും എല്ലായിപ്പോഴും അവന് പരിക്കുകൾ പറ്റാറുണ്ട്. പരീക്കിൽ നിന്ന് തിരികെ വരാൻ ഹർദിക്കിന് നമ്മൾ സമയം നൽകണം. അങ്ങനെയെങ്കിൽ അവന്റെ ഏറ്റവും മികച്ച പ്രകടനം നമുക്ക് കാണാൻ സാധിക്കും.”- യുവരാജ് പറഞ്ഞു.

Read Also -  "ഒന്നുകിൽ മുഴുവൻ ഐപിഎല്ലും കളിക്കുക, അല്ലെങ്കിൽ വരാതിരിക്കുക"- ബട്ലർക്കെതിരെ ഇർഫാൻ പത്താന്റെ ഒളിയമ്പ്.

ഇന്ത്യൻ ടീം ട്വന്റി20 ഫോർമാറ്റിൽ കൂടുതൽ ക്യാപ്റ്റൻമാരെ ഉണ്ടാക്കിയെടുക്കണമെന്നും യുവരാജ് പറയുന്നു. ഹർദിക് പാണ്ഡ്യക്കൊപ്പം തന്നെ സൂര്യകുമാർ യാദവ്, ശുഭമാൽ ഗിൽ എന്നീ താരങ്ങളെയും നായക സ്ഥാനത്തേക്ക് ഉയർത്തി കൊണ്ടുവരാൻ ഇന്ത്യ ശ്രമിക്കണമെന്നാണ് യുവരാജിന്റെ പക്ഷം.

“നായകത്വത്തിന്റെ കാര്യം പറയുമ്പോൾ നമുക്ക് കൂടുതൽ ഓപ്ഷനുകൾ ആവശ്യമാണ്. ഇവിടെ സൂര്യകുമാർ യാദവുണ്ട്. ഇന്ത്യയെ ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ നയിച്ച പാരമ്പര്യം സൂര്യയ്ക്കുണ്ട്. ഒപ്പം ശുഭമാൻ ഗില്ലും നമുക്ക് ഒപ്പമുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ക്യാപ്റ്റനായുള്ള താരമാണ് ശുഭ്മാൻ ഗിൽ.”- യുവരാജ് പറയുന്നു.

ഇന്ത്യയെ 7 ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ നയിച്ച പാരമ്പര്യമാണ് സൂര്യകുമാർ യാദവിനുള്ളത്. ഇതിൽ 71.42 എന്ന വിജയശതമാനം ഉണ്ടാക്കിയെടുക്കാനും സൂര്യകുമാറിന് സാധിച്ചിട്ടുണ്ട്. മറുവശത്ത് ശുഭമാൻ ഗില്ലാണ് 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസ് ടീമിനെ നയിക്കുന്നത്.

2024 ട്വന്റി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ഇന്ത്യ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. അഫ്ഗാനെതിരായ ട്വന്റി20 പരമ്പരയാണ് ഇപ്പോൾ ഇന്ത്യ കളിക്കുന്നത്. ജൂൺ അഞ്ചിന് ന്യൂയോർക്കിൽ അയർലൻഡിന് എതിരെയാണ് ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരം നടക്കുന്നത്.

Scroll to Top