“ലോകകപ്പിൽ സൂര്യ മൂന്നാം നമ്പറിൽ ഇറങ്ങണം, കോഹ്ലി നാലാമതും”. ബ്രയാൻ ലാറ പറയുന്നു.

2024 ട്വന്റി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ഇതിനോടകം തന്നെ ഇന്ത്യ ആരംഭിച്ചു കഴിഞ്ഞു. വളരെ ശക്തമായ ഒരു 15 അംഗ സ്ക്വാഡാണ് ലോകകപ്പിനായി ഇന്ത്യ അണിയിച്ചൊരുക്കിയിരിക്കുന്നത്. രോഹിത് ശർമ, വിരാട് കോഹ്ലി അടക്കമുള്ള സീനിയർ താരങ്ങളും സഞ്ജു സാംസൺ, സൂര്യകുമാർ അടക്കമുള്ള യുവതാരങ്ങളും അണിനിരക്കുന്ന അനുഭവസമ്പത്തിന്റെയും യുവത്വത്തിന്റെയും ഒരു കൂട്ടമാണ് ഇത്തവണ ഇന്ത്യയ്ക്കായി ലോകകപ്പ് നേടാൻ ഇറങ്ങിയിരിക്കുന്നത്.

എന്നാൽ ടീമിൽ ഇന്ത്യ തങ്ങളുടെ താരങ്ങളെ ഉപയോഗിക്കേണ്ട രീതി വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് വിൻഡീസ് ഇതിഹാസം ലാറ. ഇന്ത്യ സൂര്യകുമാർ യാദവിനെ മൂന്നാം നമ്പറിൽ പരീക്ഷിക്കേണ്ടതുണ്ട് എന്നാണ് ലാറ പറയുന്നത്.

“എന്നെ സംബന്ധിച്ച് ഇത്തവണത്തെ ഇന്ത്യൻ ടീം വളരെ മികച്ചത് തന്നെയാണ്. എന്നാൽ ടീമിൽ കോഹ്ലി നാലാം നമ്പറിൽ ആയിരിക്കണം ബാറ്റ് ചെയ്യേണ്ടത്. സൂര്യകുമാർ യാദവാണ് ഇപ്പോൾ ട്വന്റി20യിലെ സ്റ്റാർ കളിക്കാരൻ. അതിനാൽ സൂര്യയ്ക്ക് 3ആം നമ്പറിൽ ബാറ്റ് ചെയ്യാൻ അവസരം നൽകണം.”

“അങ്ങനെയെങ്കിൽ അവന് ടീമിനായി മത്സരങ്ങളിൽ വിജയിക്കാൻ സാധിക്കും. കാരണം ട്വന്റി20കളിൽ 1,2,3 ബാറ്റർമാരാണ് ഏറ്റവും പ്രാധാന്യമേറിയത്. ഏറ്റവുമധികം പന്തുകൾ തങ്ങളുടെ ഇന്നിംഗ്സിൽ നേരിടുന്നതും ഈ 3 സ്ഥാനത്തുള്ള ബാറ്റർമാർ ആയിരിക്കും. അതുകൊണ്ടുതന്നെ ടീമിന്റെ വിജയത്തിൽ ഇവർക്ക് വലിയ പ്രാധാന്യമുണ്ട്. ആ സ്ഥാനങ്ങളിൽ തങ്ങളുടെ ഏറ്റവും മികച്ച താരങ്ങളെയാണ് ടീമുകൾ അണിനിരത്തേണ്ടത്.”- ബ്രയാൻ ലാറ പറയുന്നു.

“ഓപ്പണിങ്ങിൽ ഇന്ത്യയ്ക്ക് ആവശ്യം ഒരു ഇടംകൈ-വലംകൈ കോമ്പിനേഷനാണ്. അതുകൊണ്ടുതന്നെ ജയസ്വാളും രോഹിത് ശർമയും ഓപ്പണിങ് ഇറങ്ങണം. കഴിഞ്ഞ സമയങ്ങളിലെ വിരാട് കോഹ്ലിയുടെ ബാറ്റിംഗ് പ്രകടനങ്ങൾ ഞാൻ കണ്ടിരുന്നു. അവന്റെ സ്ട്രൈക്ക് റേറ്റ് ഉയരുന്നുണ്ട്. എന്നാൽ നമ്മുടെ ടീമിൽ, ഒരു ബോളിംഗ് അറ്റാക്കിനെ പൂർണമായും ഇല്ലാതാക്കാൻ ശക്തിയുള്ള സൂര്യകുമാറിനെ പോലെ ഒരു താരമുള്ളപ്പോൾ അവന് കൂടുതൽ അവസരങ്ങൾ നൽകേണ്ടതുണ്ട്.”

“ഞാനെന്തായാലും കോഹ്ലിയെ സംബന്ധിച്ച് ഒരു തർക്കത്തിന് തയ്യാറല്ല. തന്റേതായ ശൈലിയിൽ ടീമിനെ വിജയിപ്പിക്കാൻ അനായാസം സാധിക്കുന്ന ബാറ്റർ സൂര്യകുമാർ യാദവാണ് എന്നാണ് ഞാൻ കരുതുന്നത്.”- ലാറ കൂട്ടിച്ചേർത്തു.

ആധുനിക ക്രിക്കറ്റിലെ പല ഷോട്ടുകളും തന്നെ വളരെയധികം അത്ഭുതപ്പെടുത്തുന്നുണ്ട് എന്ന് ലാറ പറയുകയുണ്ടായി. റാമ്പ് ഷോട്ടുകളൊക്കെയും തനിക്ക് വലിയ ഇഷ്ടമാണെന്നും ലാറ കൂട്ടിച്ചേർത്തിരുന്നു. ട്വന്റി20 മത്സരങ്ങൾ ബാറ്റർമാർക്ക് അനുകൂലമായി മാറുന്നതും അത്ര നല്ലതല്ല എന്ന് ലാറ പറഞ്ഞുവയ്ക്കുന്നു. ഒരുപാട് സിക്സറുകൾ മത്സരങ്ങളിൽ നേടിയാലും അത് അലസതയായി മാറുമെന്നാണ് ലാറയുടെ വിലയിരുത്തൽ. എന്നിരുന്നാലും മികച്ച ബോളർമാർക്ക് എവിടെയും മികവ് പുലർത്താൻ സാധിക്കുമെന്നാണ് ലാറ വിശ്വസിക്കുന്നത്. ബൂമ്രയെ ഉദാഹരണമായി എടുത്തതാണ് ലാറ സംസാരിച്ചത്.

Previous articleത്രോ സ്റ്റമ്പിൽ കൊണ്ടപ്പോൾ ബെയർസ്റ്റോ എയറിൽ. പക്ഷെ നോട്ട്ഔട്ട്‌. കാരണം ഇതാണ്.
Next articleകിഷനെയൊന്നും ആവശ്യമില്ല, സഞ്ജുവിനെ പോലെയുള്ള താരങ്ങൾ നമുക്കുണ്ട്. അവസാനം ജയ് ഷായും സമ്മതിച്ചു.