2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ വിക്കറ്റ് കീപ്പറെ സംബന്ധിച്ച് പൂർണമായ വിവരം ഇതുവരെയും പുറത്തുവന്നിട്ടില്ല. നിലവിൽ പല റിപ്പോർട്ടുകൾ പ്രകാരം റിഷഭ് പന്താണ് ഇന്ത്യയുടെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പർ. ശേഷം മലയാളി താരം സഞ്ജു സാംസനും ഈ പോസ്റ്റിനുള്ള റേസിൽ മുൻപിലുണ്ട്.
രാജസ്ഥാൻ റോയൽസിന്റെ ലക്നൗ സൂപ്പർ ജയന്റസിനെതിരായ മത്സരത്തിൽ വമ്പൻ പ്രകടനം പുറത്തെടുത്ത സഞ്ജു റൺവേട്ടക്കാരിൽ മുൻപിൽ എത്തിയിട്ടുണ്ട്. സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനത്തിന് ശേഷം ഒരു വമ്പൻ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം നവജോത് സിംഗ് സിദ്ധു. ഇന്ത്യ ട്വന്റി20 ലോകകപ്പിനുള്ള തങ്ങളുടെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പറായി സഞ്ജു സാംസനെ ഉൾപ്പെടുത്തണം എന്നാണ് സിദ്ധു പറയുന്നത്.
രാജസ്ഥാനായി മത്സരത്തിൽ തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു രാഹുൽ കാഴ്ചവച്ചത്. മത്സരത്തിൽ 48 പന്തുകൾ നേരിട്ട് രാഹുൽ 76 റൺസ് സ്വന്തമാക്കി. 8 ബൗണ്ടറികളും 2 സിക്സറുകളുമായിരുന്നു രാഹുലിന്റെ സമ്പാദ്യം. എന്നാൽ മറുപടി ബാറ്റിംഗിൽ സഞ്ജു സാംസൺ വെടിക്കെട്ട് തീർത്തതോടെ രാഹുൽ പത്തി മടക്കി. 33 പന്തുകൾ നേരിട്ട സഞ്ജു സാംസൺ 71 റൺസാണ് മത്സരത്തിൽ നേടിയത്.
7 ബൗണ്ടറികളും 4 സിക്സറുകളുമാണ് സഞ്ജുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടത്. ഇതിന് ശേഷമാണ് വമ്പൻ പ്രസ്താവനയുമായി സിദ്ധു രംഗത്ത് എത്തിയിരിക്കുന്നത്. രാഹുൽ, പന്ത്, സഞ്ജു, കിഷൻ എന്നിവരെ താരതമ്യം ചെയ്തായിരുന്നു സിദ്ധു സംസാരിച്ചത്.
“നിലവിലെ ഫോം പരിഗണിക്കുകയാണെങ്കിൽ ഒന്നാം നമ്പറിൽ സഞ്ജു സാംസൺ തന്നെയാണ്. നമ്മൾ ഇത്തവണ കാണുന്നത് വ്യത്യസ്തമായ ഒരു സഞ്ജുവിനെയാണ്. എന്നിരുന്നാലും ലോകകപ്പിൽ അധികമായി ഒരു ഓപ്പണറെയോ നാലാം നമ്പർ ബാറ്ററെയൊ ആറാം നമ്പർ ബാറ്ററയോ ആവശ്യമെങ്കിൽ രാഹുലിനെയും ഉൾപെടുത്തണം.”
“എങ്കിലും ഞാൻ തിരഞ്ഞെടുക്കുന്നത് സഞ്ജു സാംസനെയാണ്. അതിന് ശേഷം റിഷഭ് പന്തും. പന്ത് വലിയൊരു പരിക്കിൽ നിന്നാണ് തിരികെ വരുന്നത്. അതിനാൽ തന്നെ ഒരു നിശ്ചിത ഓവർ സ്പെഷ്യലിസ്റ്റ് എന്ന രീതിയിൽ പന്തിനെ കണക്കാക്കാൻ സാധിക്കില്ല. മാത്രമല്ല പന്ത് സ്ഥിരതയാർന്ന രീതിയിൽ പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നില്ല. ഇതുവരെയുള്ള പരീക്ഷണങ്ങളിൽ പന്ത് വിജയിച്ചു എന്നത് വസ്തുതയാണ്. എന്തായാലും ഈ മൂന്നു പേരുമാണ് എന്റെ ചോയ്സുകൾ.”- സിദ്ധു പറഞ്ഞു.
ഇഷാൻ കിഷനെ കഴിഞ്ഞ സമയങ്ങളിലെ മോശം പെരുമാറ്റത്തെ തുടർന്ന് ബിസിസിഐ തങ്ങളുടെ കേന്ദ്ര കോൺടാക്ടിൽ നിന്ന് ഒഴിവാക്കിയിരുന്നു. അല്ലാത്തപക്ഷം അവനെയും താൻ പരിഗണിച്ചേനെ എന്നാണ് സിദ്ധു പറയുന്നത്. “അവന് ബിസിസിഐ ശിക്ഷ വിധിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ ഉറപ്പായും അവനെയും എന്റെ ടീമിൽ ഉൾപ്പെടുത്തിയേനെ. കാരണം അവന് വളരെ നേരത്തെ തന്നെ ബോളിന്റെ ലെങ്ത് മനസ്സിലാക്കാനും മികച്ച പ്രതികരണങ്ങൾ നടത്താനും സാധിക്കുന്നുണ്ട്.”- സിദ്ധു പറഞ്ഞു വയ്ക്കുന്നു.