“ലോകകപ്പിൽ അവന്റെ ഫോം ഇന്ത്യയ്ക്ക് തിരിച്ചടിയാവും”- രാജസ്ഥാൻ താരത്തെപറ്റി ഇർഫാൻ പത്താൻ..

2024 ട്വന്റി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ഇതിനോടൊപ്പം തന്നെ ഇന്ത്യൻ ടീം ആരംഭിച്ചു കഴിഞ്ഞു. യുവതാരങ്ങളും അനുഭവസമ്പത്തുള്ള കുറച്ചധികം താരങ്ങളും ഒത്തുകൂടുന്ന ഒരു നിരയാണ് ഇത്തവണ ഇന്ത്യയ്ക്കുള്ളത്. എന്നാൽ സ്ക്വാഡിലെ പല താരങ്ങളും ഇന്ത്യൻ പ്രീമിയർ ലീഗിൽ വളരെ മോശം പ്രകടനമാണ് പുറത്തെടുക്കുന്നത്.

രാജസ്ഥാൻ റോയൽസിന്റെ യുവതാരം യശസ്വി ജയസ്വാളിന്റെ മോശം പ്രകടനങ്ങൾ ഇന്ത്യയെ ലോകകപ്പിൽ ബാധിക്കും എന്നാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ 4 മത്സരങ്ങളിലും രാജസ്ഥാനായി മോശം പ്രകടനമാണ് ജയസ്വാൾ കാഴ്ചവെച്ചത്. ഈ സാഹചര്യത്തിലാണ് പത്താൻ രംഗത്തെത്തിയിരിക്കുന്നത്.

ലോകകപ്പിലെ ജയസ്വാളിന്റെ ഫോം ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമാണ് എന്ന് പത്താൻ പറയുന്നു. “ഇന്ത്യയെ സംബന്ധിച്ച് ഇതൊരു വലിയ പ്രശ്നം തന്നെയാണ്. ലോകകപ്പിൽ ജയസ്വാൾ ഇന്ത്യയുടെ ഓപ്പണറായി എത്തണമെന്ന് തന്നെയാണ് എന്റെയും ആഗ്രഹം. ഈ സാഹചര്യത്തിൽ എതിർ ടീമിന് ഇടംകയ്യൻ സ്പിൻ ബോളർമാരെ വച്ച് ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ സാധിക്കില്ല. അവൻ മികച്ച ഫോമിലാണ് കളിക്കുന്നതെങ്കിൽ എതിർ ടീം കുറച്ചധികം ബുദ്ധിമുട്ടും. എന്നാൽ ഇപ്പോൾ ജയസ്വാൾ തുടരുന്ന ഫോം മാനേജ്മെന്റ് കൃത്യമായി കണക്കിലെടുക്കേണ്ടതുണ്ട്.”- ഇർഫാൻ പത്താൻ പറയുന്നു.

ഇങ്ങനെ തുടരുകയാണെങ്കിൽ ഓപ്പണിങ്ങിൽ ഇന്ത്യ വരുത്തേണ്ട മാറ്റങ്ങളെ പറ്റിയും ഇർഫാൻ പത്താൻ കൂട്ടിച്ചേർത്തു. “വിരാട് കോഹ്ലിയും രോഹിത് ശർമയും ഇന്ത്യയുടെ ഓപ്പണിങ് ജോഡികളായി മൈതാനത്ത് എത്തണം. ജയസ്വാളിന് പകരം ഇതാണ് ചെയ്യേണ്ടത്. പക്ഷേ എന്നിരുന്നാലും ജയസ്വാൾ തിരികെ ഫോമിലേക്ക് എത്തേണ്ടത് അത്യാവശ്യം തന്നെയാണ്. നിലവിൽ രാജസ്ഥാൻ റോയൽസ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്ലേയോഫിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

അത് വളരെ മനോഹരമായ ഒരു വാർത്ത തന്നെയാണ്. കാരണം ഇതിലൂടെ ജയസ്വാളിന് കുറച്ച് മത്സരങ്ങൾ കൂടി ലഭിക്കും. അവന് ഫോമിലേക്ക് തിരികെ വരാനുള്ള അവസരങ്ങളാണ് ഇനിയുള്ളത്. ഇന്ത്യയ്ക്ക് മാത്രമല്ല രാജസ്ഥാൻ റോയൽസിനും ജയസ്വാളിന്റെ ഈ മോശം ഫോം വലിയ തിരിച്ചടി ഉണ്ടാക്കുന്നുണ്ട്.”- പത്താൻ കൂട്ടിച്ചേർത്തു.

“ജോസ് ബട്ലർ തിരികെ നാട്ടിലേക്ക് പോയ സാഹചര്യത്തിൽ ജയസ്വാളിന്റെ തോളിലുള്ള ഉത്തരവാദിത്വം അല്പം വർദ്ധിച്ചിട്ടുണ്ട്. അവരുടെ മുൻനിര ബാറ്ററാണ് ജയസ്വാൾ എന്ന കാര്യം ഓർക്കണം.”- പത്താൻ പറഞ്ഞു വയ്ക്കുന്നു. ഈ ഐപിഎല്ലിൽ ഒരു തകർപ്പൻ സെഞ്ചുറി സ്വന്തമാക്കാൻ ജയസ്വാളിന് സാധിച്ചിരുന്നു. എന്നിരുന്നാലും ഇതുവരെ 13 ഇന്നിംഗ്സുകളിൽ നിന്ന് കേവലം 348 റൺസ് മാത്രമേ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുള്ളൂ. 29 റൺസാണ് ജയസ്വാളിന്റെ ശരാശരി. താരത്തിന്റെ ഈ മോശം ഫോം ഇന്ത്യയെ ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല.

Previous articleപാകിസ്ഥാനും ഇംഗ്ലണ്ടുമില്ല, ലോകകപ്പ് കിരീടമുയർത്താൻ സാധ്യതയുള്ള ടീമുകളെ തിരഞ്ഞെടുത്ത് ജയ് ഷാ.
Next article“അഫ്രീദിയോ ബുമ്രയോ അല്ല!! ഞാൻ നേരിട്ട ഏറ്റവും വേഗമേറിയ ബോളർ അവനാണ്”- ഫിൽ സോൾട്ട് പറയുന്നു.