ഉഗാണ്ടയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ ഉജ്വല വിജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ. മത്സരത്തിൽ 125 റൺസിന്റെ കൂറ്റൻ വിജയമാണ് അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയത്. ബാറ്റിങ്ങിലും ബോളിങ്ങിലും കൃത്യമായി ആധിപത്യം സ്ഥാപിച്ചായിരുന്നു അഫ്ഗാനിസ്ഥാന്റെ വിജയം. ബാറ്റിംഗിൽ അഫ്ഗാനിസ്ഥാനായി ഓപ്പണർമാർ ഗുർബാസും സദ്രാനും അർത്ഥ സെഞ്ച്വറികളുമായി മികച്ച പ്രകടനം പുറത്തെടുത്തു. ബോളിംഗിൽ ഫസൽ ഫറൂക്കി 5 വിക്കറ്റുകൾ സ്വന്തമാക്കി മികവ് പുലർത്തിയപ്പോൾ അഫ്ഗാനിസ്ഥാൻ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു.
മത്സരത്തിൽ ടോസ് നേടിയ ഉഗാണ്ട ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഒരു വമ്പൻ ബാറ്റിംഗ് പ്രകടനം തന്നെയാണ് അഫ്ഗാനിസ്ഥാൻ മത്സരത്തിൽ കാഴ്ചവച്ചത്. അഫ്ഗാനിസ്ഥാന്റെ ഓപ്പണർമാരായ ഗുർബാസും സദ്രാനും ആദ്യ വിക്കറ്റിൽ തന്നെ അടിച്ചു തകർക്കുകയുണ്ടായി. ഒരു റെക്കോർഡ് കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ കെട്ടിപ്പടുത്തത്. 184 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. സദ്രാൻ 46 പന്തുകളിൽ 9 ബൗണ്ടറികളും ഒരു സിക്സറുമടക്കം 70 റൺസാണ് നേടിയത്. ഗർബാസ് 45 പന്തുകളിൽ 4 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 76 റൺസ് നേടി. ഇതോടെ ഒരു ശക്തമായ സ്കോറിലേക്ക് അഫ്ഗാനിസ്ഥാൻ കുതിക്കുകയായിരുന്നു.
എന്നാൽ പിന്നീടെത്തിയ അഫ്ഗാനിസ്ഥാൻ ബാറ്റർമാർക്ക് ഈ അവസരം കൃത്യമായി മുതലാക്കാൻ സാധിച്ചില്ല. അതിനാൽ തന്നെ 200 എന്ന മാജിക് നമ്പറിലെത്താൻ അഫ്ഗാനിസ്ഥാന് സാധിച്ചില്ല. അഫ്ഗാനിസ്ഥാന്റെ ഇന്നിംഗ്സ് 183 റൺസിൽ അവസാനിക്കുകയാണ് ഉണ്ടായത്. 184 എന്ന വമ്പൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഉഗാണ്ടയ്ക്ക് മത്സരത്തിന്റെ ഒരു സമയത്ത് പോലും പോരാട്ടം കാഴ്ചവയ്ക്കാൻ സാധ്യമായില്ല. ആദ്യ ഓവറുകളിൽ തന്നെ ഫസൽ ഫറൂക്കി ഉഗാണ്ടയെ എറിഞ്ഞിട്ടു. ഉഗാണ്ട നിരയിലെ ഒരു ബാറ്റർക്ക് പോലും ക്രീസിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല.
ഇതോടുകൂടി അഫ്ഗാനിസ്ഥാൻ മത്സരത്തിൽ ഒരു വമ്പൻ വിജയത്തിലേക്ക് നീങ്ങുകയായിരുന്നു. അഫ്ഗാനിസ്ഥാനായി ബോളിങ്ങിൽ മികച്ച പ്രകടനം പുറത്തെടുത്തത് ഫസൽ ഫറൂക്കിയാണ്. മത്സരത്തിൽ നാലോവറുകൾ പന്തെറിഞ്ഞ ഫറൂക്കി 9 റൺസ് മാത്രം വിട്ടു നൽകി 5 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഇതോടെ ഉഗാണ്ടയുടെ ഇന്നിംഗ്സ് 58 റൺസിൽ അവസാനിക്കുകയായിരുന്നു. 125 റൺസിന്റെ കൂറ്റൻ വിജയമാണ് അഫ്ഗാനിസ്ഥാന് ആദ്യ മത്സരത്തിൽ ലഭിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനെ സംബന്ധിച്ച് മികച്ച ഒരു തുടക്കം തന്നെയാണ് ലോകകപ്പിൽ ലഭിച്ചിരിക്കുന്നത്. ഇതു മുതലാക്കി മുൻപോട്ടു പോവാനാണ് ടീമിന്റെ ശ്രമം.