ലേലത്തിന് മുമ്പ് സഞ്ജുവിനും രാജസ്ഥാനും മുട്ടൻ പണി. ഹെറ്റ്മയറെ നിലനിർത്താനാവില്ല. ഇവരെ നിലനിർത്തണം

2025 ഐപിഎൽ മെഗാ ലേലത്തിന് മുന്നോടിയായി വലിയ വെല്ലുവിളികൾ നേരിടുന്ന ഫ്രാഞ്ചൈസിയാണ് രാജസ്ഥാൻ റോയൽസ്. ഐപിഎല്ലിലെ പുതിയ നിയമപ്രകാരം ഒരു ടീമിന് കേവലം 6 താരങ്ങളെ മാത്രമാണ് നിലനിർത്താൻ സാധിക്കുക. ഇതിൽ ഒരു അൺക്യാപ്പ്ഡ് താരവും, ഒരു റൈറ്റ് ടു മാച്ച് കാർഡും ഉപയോഗിക്കണം.

രാജസ്ഥാനെ സംബന്ധിച്ച് ഈ തീരുമാനം വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ സമയങ്ങളിൽ തങ്ങളുടെ രക്ഷകനായിരുന്ന വിൻഡീസ് താരം ഹെറ്റ്മയറെ രാജസ്ഥാന് കൈവിടേണ്ടിവരുന്ന അവസ്ഥയാണ് ഇതോടെ വന്നിരിക്കുന്നത്. ഇതിന് പ്രധാന കാരണമായി മാറിയത് ടീമിലെ താരങ്ങളുടെ വമ്പൻ പ്രകടനങ്ങൾ തന്നെയാണ്.

നിലനിർത്താവുന്ന 6 താരങ്ങളിൽ രാജസ്ഥാൻ ആരെയൊക്കെ ഉൾപ്പെടുത്തുമെന്നത് വലിയ രീതിയിൽ ചോദ്യചിഹ്നമായി നിൽക്കുന്നു. ഇതിൽ മലയാളി താരം സഞ്ജു സാംസനെ രാജസ്ഥാന് നിലനിർത്താതിരിക്കാൻ സാധിക്കില്ല. കാരണം കഴിഞ്ഞ സമയങ്ങളിൽ രാജസ്ഥാൻ ടീമിന്റെ നായകനായിരുന്നു സഞ്ജു സാംസൺ. ടീമിന്റെ നട്ടെല്ലായി തന്നെയാണ് സഞ്ജു സാംസൺ പ്രവർത്തിച്ചു വരുന്നത്. നായകത്വ മികവും സ്ഥിരതയാർന്ന പ്രകടനങ്ങളുമാണ് സഞ്ജുവിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.

അതുകൊണ്ടു തന്നെ സഞ്ജുവിനെ ഒഴിവാക്കാൻ രാജസ്ഥാൻ തയ്യാറാവില്ല. പിന്നീട് യശസ്വി ജയസ്വാൾ, റിയാൻ പരഗ് എന്നിവരെയും രാജസ്ഥാന് നിലനിർത്തേണ്ടതുണ്ട്. ഇരുവരും കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യയ്ക്കായി മികവ് പുലർത്തിയവരാണ്.

മാത്രമല്ല ഈ താരങ്ങളെ ലേലത്തിന് വിടുകയാണെങ്കിൽ രാജസ്ഥാന് ഇവരെ തിരിച്ചെടുക്കാൻ യാതൊരു കാരണവശാലും സാധിക്കില്ല. കാരണം അത്രമാത്രം ഡിമാൻഡ് ഉള്ള താരങ്ങളാണ് ജയസ്വാളും പരാഗും. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാനായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത് പരഗായിരുന്നു. സീസണിൽ 52 റൺസ് ശരാശരിയിൽ 573 റൺസാണ് താരം സ്വന്തമാക്കിയത്. അതിനാൽ നിലനിർത്തുന്ന ആദ്യ 3 താരങ്ങളിൽ സഞ്ജു സാംസനും ജയസ്വാളും പരാഗും ഉൾപ്പെടും എന്ന കാര്യത്തിൽ സംശയമില്ല. ശേഷം വിദേശ താരങ്ങളിലേക്ക് എത്തുമ്പോൾ രാജസ്ഥാൻ നിലനിർത്താൻ പോകുന്നത് ബട്ലറെ തന്നെയാവും. കഴിഞ്ഞ സമയങ്ങളിൽ രാജസ്ഥാനായി ബാറ്റിംഗിൽ മികവ് പുലർത്തിയ ചരിത്രമാണ് ബട്ലർക്കുള്ളത്. സമ്മർദ്ദ സാഹചര്യങ്ങളിൽ ടീമിനെ കൈപിടിച്ചു കയറ്റാനും താരത്തിന് സാധിക്കാറുണ്ട്. അതിനാൽ രാജസ്ഥാൻ നിലനിർത്താൻ പോകുന്ന നാലാമത്തെ താരം ബട്ലറാണ്.

ഈ 4 താരങ്ങളെ രാജസ്ഥാൻ നിലനിർത്തിയാൽ പിന്നീട് അവശേഷിക്കുന്നത് 2 സ്ലോട്ടുകൾ മാത്രമാണ്. ഇതിൽ ഒരാൾ അൺക്യാപ്ട് താരമായി നിലനിൽക്കണം. മറ്റൊരാളെ റൈറ്റ് ടു മാച്ച് തന്ത്രത്തിലൂടെ തിരികെ വിളിക്കാൻ മാത്രമാണ് സാധിക്കുക. ഇതാണ് രാജസ്ഥാന് വലിയ ഭീഷണി സൃഷ്ടിക്കുന്നത്.

ഈ രണ്ടു വിഭാഗത്തിലും ഹെറ്റ്മയറെ രാജസ്ഥാന് ഉൾപ്പെടുത്താൻ സാധിക്കില്ല. അങ്ങനെ വന്നാൽ രാജസ്ഥാന് തങ്ങളുടെ ശക്തനായ മധ്യനിര ബാറ്ററെ കയ്യൊഴിയേണ്ടി വരും. ഇത് രാജസ്ഥാനെ സംബന്ധിച്ച് വലിയ രീതിയിലുള്ള പ്രശ്നങ്ങൾ മധ്യനിരയിൽ ഉണ്ടാക്കുകയും ചെയ്യും.

Previous articleസഞ്ജു എന്തുകൊണ്ട് കെസിഎല്ലിൽ കളിക്കുന്നില്ല? പന്തും കിഷനും ജൂറലും ലീഗുകളിൽ കളിക്കുന്നു. വിമർശനം ശക്തം.
Next articleഷാഹീനും ഷാമിയുമല്ല, നിലവിൽ ക്രിക്കറ്റിലെ തന്റെ പ്രിയപ്പെട്ട ബോളറെ തിരഞ്ഞെടുത്ത് വസീം അക്രം.