സിംബാബ്വെയ്ക്കെതിരെ ട്വന്റി20 പരമ്പരയിൽ 4-1 എന്ന നിലയിൽ വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ഇന്ത്യയുടെ അടുത്ത ഉദ്യമം ശ്രീലങ്കക്കെതിരായ ഏകദിന ട്വന്റി20 പരമ്പരകളാണ്. 3 ഏകദിന മത്സരങ്ങളും 3 ട്വന്റി20 മത്സരങ്ങളുമാണ് ഇന്ത്യ ശ്രീലങ്കയിൽ കളിക്കുന്നത്.
പര്യടനത്തിനുള്ള ടീമിനെ ഇന്ന് പ്രഖ്യാപിക്കും എന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ പര്യടനത്തിലെ ഏകദിനങ്ങളിൽ നിന്ന് ഇന്ത്യൻ ഹർദിക് പാണ്ഡ്യ മാറിനിൽക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കായി നിർണായക റോളിൽ കളിച്ചിരുന്ന താരമാണ് ഹർദിക് പാണ്ഡ്യ. മാത്രമല്ല ഇന്ത്യയുടെ അടുത്ത ട്വന്റി20 നായകനാവാനും വലിയ സാധ്യതകൾ പാണ്ഡ്യയ്ക്കുണ്ട്. എന്നാൽ തന്റെ വ്യക്തിപരമായ കാരണങ്ങൾ മൂലം ഇപ്പോൾ ശ്രീലങ്കയ്ക്കെതിരായ ഏകദിന മത്സരങ്ങളിൽ നിന്ന് ഹർദിക് പാണ്ഡ്യ മാറിനിൽക്കുന്നു എന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
ഗൗതം ഗംഭീറിന്റെ പരിശീലനത്തിന് കീഴിലുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയാണ് ശ്രീലങ്കക്കെതിരെ നടക്കാൻ പോകുന്നത്. ഈ ഏകദിന പരമ്പരയിൽ വിരാട് കോഹ്ലി, രോഹിത് ശർമ, ജസ്‌പ്രീത് ബുമ്ര എന്നീ സീനിയർ താരങ്ങൾ കളിക്കണമെന്നും ഗൗതം ഗംഭീർ അറിയിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഈ താരങ്ങൾ കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അതേസമയം ഹർദിക് പാണ്ഡ്യയുടെ അഭാവം ഇന്ത്യൻ ടീമിനെ പര്യടനത്തിൽ ബാധിക്കാനും സാധ്യതയുണ്ട്. പക്ഷേ ശിവം ദുബെ അടക്കമുള്ള യുവ താരങ്ങൾക്ക് ഹർദിക്കിന്റെ അഭാവം ഗുണം ചെയ്യാനും സാധ്യതകൾ ഏറെയാണ്.
കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യൻ ടീമിനായി സ്ഥിരമായി മൈതാനത്ത് എത്താൻ ഹർദിക് പാണ്ഡ്യയ്ക്ക് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ ഹർദിക് പാണ്ഡ്യ ഇന്ത്യയുടെ ട്വന്റി20 നായക സ്ഥാനത്തുനിന്ന് മാറ്റിനിർത്തും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പകരം സൂര്യകുമാർ യാദവിനെ ഇന്ത്യ ട്വന്റി20 ടീമിന്റെ നായകനായി പ്രഖ്യാപിക്കാനും സാധ്യതകൾ നിലനിൽക്കുകയാണ്. എന്തായാലും വലിയ മാറ്റങ്ങൾക്കാണ് ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഗംഭീറിന്റെ നേതൃത്വത്തിൽ വിപ്ലവകരമായ പ്രകടനങ്ങൾ കാഴ്ചവയ്ക്കുക എന്നതാണ് നിലവിൽ ഇന്ത്യൻ ടീം ലക്ഷ്യം വയ്ക്കുന്നത്.
ജൂലൈ 27നാ ണ് ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പര ആരംഭിക്കുന്നത്. ശേഷം ഓഗസ്റ്റ് രണ്ടിന് ഏകദിന പരമ്പരയും ആരംഭിക്കും. അവസാന ഏകദിന മത്സരം ഓഗസ്റ്റ് ഏഴിനാണ് നടക്കുന്നത്. ശേഷം വലിയൊരു ഇടവേള തന്നെ ഇന്ത്യയ്ക്കുണ്ട്. സെപ്റ്റംബർ 19ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം നടക്കുന്നത്. 2 ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ പരമ്പരയാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ കളിക്കാൻ ഒരുങ്ങുന്നത്. എന്നാൽ ഇതിനിടെ സീനിയർ താരങ്ങൾ വീണ്ടും വിശ്രമമെടുക്കുന്നത് ഗംഭീർ അടക്കമുള്ളവരെ ചൊടിപ്പിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.