റിഷഭ് പന്തിന്റെ തിരിച്ചുവരവ്. സഞ്ജുവിന് കിട്ടിയത് മുട്ടൻ പണി. ലോകകപ്പ് സ്വപ്നം ഇല്ലാതാവുന്നു?

2024 ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കുമ്പോൾ ഇന്ത്യൻ സെലക്ടർമാർ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് തങ്ങളുടെ വിക്കറ്റ് കീപ്പർ ബാറ്റർമാരിലായിരുന്നു. ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ധ്രുവ് ജൂറൽ, ജിതേഷ് ശർമ, കെഎൽ രാഹുൽ, ഋഷഭ് പന്ത് എന്നിവരാണ് നിലവിൽ ട്വന്റി20 ലോകകപ്പിൽ കളിക്കാൻ മുൻനിരയിലുള്ള വിക്കറ്റ് കീപ്പർമാർ.

ഇവരിൽ ഇന്ത്യ വളരെയധികം പ്രതീക്ഷ വയ്ച്ചത് സഞ്ജു സാംസണിൽ തന്നെയായിരുന്നു. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ തകർത്തടിച്ചാണ് സഞ്ജു ആരംഭിച്ചത്. എന്നാൽ പിന്നീട് സഞ്ജു തന്റെ മോശം ഫോമിലേക്ക് പോവുകയും, റിഷഭ് പന്ത് വളരെ മികച്ച പ്രകടനങ്ങളുമായി തിരികെ എത്തുകയും ചെയ്തിട്ടുണ്ട്.

സഞ്ജു സാംസനെ സംബന്ധിച്ച് ലോകകപ്പ് സ്‌ക്വാഡിലെത്താൻ വളരെ നിർണായകമായ ഒരു സീസൺ തന്നെയാണ് 2024 ഐപിഎൽ. സീസണിലെ ആദ്യ മത്സരത്തിൽ ലക്നൗ ടീമിനെതിരെ 52 പന്തുകളിൽ പുറത്താവാതെ 82 റൺസാണ് സഞ്ജു സാംസൺ നേടിയത്.

പക്ഷേ അടുത്ത മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 14 പന്തുകളിൽ 15 റൺസ് മാത്രം നേടാനെ സഞ്ജുവിന് സാധിച്ചുള്ളൂ. മുംബൈ ഇന്ത്യൻസിനെതിരെ 10 പന്തുകളിൽ 12 റൺസ് മാത്രമാണ് സഞ്ജു സാംസൺ നേടിയത്. ഈ പ്രകടനങ്ങൾ സഞ്ജുവിന് വലിയ രീതിയിൽ തിരിച്ചടി ഉണ്ടാക്കി. ഇതുവരെ ഈ ഐപിഎല്ലിൽ 3 മത്സരങ്ങൾ കളിച്ച സഞ്ജു സാംസൺ കേവലം 109 റൺസാണ് നേടിയിട്ടുള്ളത്.

മറുവശത്ത് വലിയ പരിക്കിൽ നിന്ന് തിരികെയെത്തിയ റിഷഭ് പന്ത് തന്റെ ഫോമിലേക്ക് തിരികെ വരുകയാണ്. ഇതുവരെ 4 ഇന്നിങ്സുകളിൽ 2 അർത്ഥസെഞ്ചറികൾ പന്ത് നേടി കഴിഞ്ഞു. 4 ഇന്നിങ്സുകളിൽ 182 റൺസാണ് പന്ത് നേടിയിട്ടുള്ളത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ 25 ബോളുകളിൽ 4 ബൗണ്ടറികളും 5 സിക്സറുകളും അടക്കം 55 റൺസ് പന്ത് സ്വന്തമാക്കിയിരുന്നു. മുൻപ് കാർ അപകടത്തിൽപ്പെട്ട പന്ത് തിരികെ ഇന്ത്യൻ ടീമിൽ സ്ഥാനം കണ്ടെത്തുമോ എന്നത് വലിയ ചോദ്യചിഹ്നമായി നിന്നിരുന്നു. പക്ഷേ ഈ ചോദ്യത്തിനുള്ള മറുപടി കഴിഞ്ഞ മത്സരങ്ങളിലായി നൽകുകയാണ് പന്ത്.

ലോകകപ്പ് ടീമിലേക്ക് ഇന്ത്യ ഉൾപ്പെടുത്താൻ സാധ്യതയുണ്ടായിരുന്ന ധ്രുവ് ജൂറൽ, ജിതേഷ് ശർമ, കെ എൽ രാഹുൽ, ഇഷാൻ കിഷൻ എന്നീ വിക്കറ്റ് കീപ്പർമാർ ആരുംതന്നെ ഈ ഐപിഎല്ലിൽ ഇതുവരെ ഒരു വമ്പൻ സ്കോറിലേക്ക് എത്തിയിട്ടില്ല. ജൂറൽ ഇതുവരെ 3 മത്സരങ്ങളിൽ നിന്ന് 40 റൺസാണ് നേടിയത്. ജിതേഷ് ശർമ 3 മത്സരങ്ങളിൽ നിന്ന് 42 റൺസും, ഇഷാൻ കിഷൻ 3 മത്സരങ്ങളിൽ നിന്ന് 50 റൺസും കെഎൽ രാഹുൽ 3 മത്സരങ്ങളിൽ നിന്ന് 93 റൺസും ഈ സീസണിൽ നേടിയിട്ടുണ്ട്. എന്തായാലും സഞ്ജുവിനെ സംബന്ധിച്ച് വരും മത്സരങ്ങളിലെ പ്രകടനം വളരെ നിർണായകമാണ്.

Previous articleശിക്ഷിച്ചട്ടും പഠിച്ചില്ലാ. റിഷഭ് പന്തിനെ കാത്തിരിക്കുന്നത് വിലക്ക്
Next articleനരേയ്നെ രക്ഷിച്ചത് പന്തിന്റെ റിവ്യൂ ദുരന്തം. 2 തവണ മണ്ടത്തരം കാട്ടി… ന്യായീകരണം ഇങ്ങനെ.