ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിങ്ങിൽ വലിയ മുന്നേറ്റമുണ്ടാക്കി ജയ്‌സ്വാൾ. പുതിയ റാങ്കിംഗ് ചാർട്ടിൽ മൂന്ന് സ്ഥാനങ്ങൾ മുൻപിലേക്ക് കയറി തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സ്ഥാനത്ത് എത്തിയിരിക്കുകയാണ് ജയ്‌സ്വാൾ. നിലവിൽ ഐസിസിയുടെ ടെസ്റ്റ് റാങ്കിങ്ങിൽ 12ആം സ്ഥാനത്താണ് ഈ യുവതാരം.
മാത്രമല്ല തന്റെ ഓപ്പണിംഗ് പങ്കാളിയും ഇന്ത്യൻ നായകനുമായ രോഹിത് ശർമയെ ഇതോടൊപ്പം പിന്നിലാക്കാനും ജയ്‌സ്വാളിന് സാധിച്ചിട്ടുണ്ട്. നിലവിൽ രോഹിത് ശർമ പുരുഷ ടെസ്റ്റ് റാങ്കിങ്ങിൽ 13ാം സ്ഥാനത്താണ് നിൽക്കുന്നത്. ഈ രോഹിത്തിനെ പിന്തള്ളിയാണ് 12ആം സ്ഥാനത്ത് ജയസ്‌വാൾ സ്ഥാനമുറപ്പിച്ചത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ജയ്‌സ്വാൾ പുലർത്തുന്ന സ്ഥിരതയാർന്ന പ്രകടനമാണ് ഇത്തരം ഒരു മുന്നേറ്റത്തിന് വലിയ കാരണമായത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇതുവരെ 4 ടെസ്റ്റ് മത്സരങ്ങളാണ് ജയ്‌സ്വാൾ കളിച്ചത്. ഇതിൽ നിന്ന് 685 റൺസ് സ്വന്തമാക്കാനും ജയ്‌സ്വാളിന് സാധിച്ചു. പരമ്പരയിൽ 2 ഇരട്ട സെഞ്ച്വറികളാണ് ജയ്‌സ്വാൾ സ്വന്തമാക്കിയത്.
പരമ്പരയിൽ ഇത്രയും മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇംഗ്ലണ്ടിനെതിരെ ഒരു ദ്വിരാഷ്ട്ര ടെസ്റ്റ് പരമ്പരയിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കുന്ന ഇന്ത്യൻ താരം എന്ന വിരാട് കോഹ്ലിയുടെ റെക്കോർഡിനൊപ്പം എത്താനും ജയ്‌സ്വാളിന് സാധിച്ചിട്ടുണ്ട്.
എന്നിരുന്നാലും നിലവിൽ വിരാട് കോഹ്ലി തന്നെയാണ് ഇന്ത്യൻ താരങ്ങളിൽ ടെസ്റ്റ് റാങ്കിങ്ങിൽ ഏറ്റവും ഉയർന്ന സ്ഥാനത്തുള്ളത്. ഏഴാം സ്ഥാനത്തായിരുന്ന വിരാട് കോഹ്ലി 2 സ്ഥാനങ്ങൾ നഷ്ടപ്പെട്ട് ഒൻപതാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ നിന്നും മാറി നിൽക്കുന്നതാണ് കോഹ്ലിക്ക് ഇത്തരം ഒരു പിന്നിലേക്ക് പോക്ക് ഉണ്ടാവാൻ കാരണമായത്.
ഇതോടൊപ്പം റാങ്കിങ്ങിൽ വലിയ മുന്നേറ്റം ഉണ്ടാക്കിയിരിക്കുന്ന മറ്റൊരു താരം ഇന്ത്യൻ മുൻനിര ബാറ്റർ ശുഭ്മാന്‍ ഗില്ലാണ്. റാങ്കിങ്ങിൽ 4 സ്ഥാനങ്ങൾ മുൻപിലേക്ക് കയറി 31ആം റാങ്ക് സ്വന്തമാക്കാൻ ഗില്ലിന് സാധിച്ചിട്ടുണ്ട്. ഒപ്പം ഇന്ത്യയുടെ അരങ്ങേറ്റ താരമായ ധ്രുവ് ജൂറലിനും (69) വലിയ ചലനങ്ങൾ റാങ്കിങ്ങിൽ ഉണ്ടാക്കാൻ സാധിച്ചു.
നിലവിൽ 893 റേറ്റിംഗ് പോയിന്റ്കളുള്ള ന്യൂസിലാൻഡ് താരം വില്യംസനാണ് ടെസ്റ്റ് ബാറ്റിംഗ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്. 818 റേറ്റിംഗ് പോയിന്റുകളുള്ള ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. 799 റേറ്റിംഗ് പോയിന്റുകളുള്ള ഇംഗ്ലണ്ട് താരം റൂട്ട് മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്.
727 പോയിന്റുകളുമായാണ് ജയ്‌സ്വാൾ പന്ത്രണ്ടാം സ്ഥാനത്തേക്ക് കയറിയിരിക്കുന്നത്. 720 പോയിന്റുകളുള്ള ഇന്ത്യൻ നായകൻ രോഹിത് ശർമയാണ് 13ാം സ്ഥാനത്തിന് അർഹൻ. ഒപ്പം കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയ്ക്കായി മൈതാനത്തിറങ്ങാൻ സാധിക്കാതെ വന്ന റിഷഭ് പന്ത് 699 റേറ്റിംഗ് പോയിന്റുകളുമായി പതിനാലാം സ്ഥാനത്ത് നിൽക്കുന്നു.