“രോഹിത് ശർമ എന്ന പേര് കൊണ്ട് മാത്രം അവൻ ഇപ്പോളും ടീമിൽ തുടരുന്നു”. വിമർശനവുമായി മുൻ ഇംഗ്ലീഷ് താരം..

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ 3 മത്സരങ്ങളിലും മോശം ഫോമിലാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ കളിച്ചത്. ചെന്നൈയ്ക്കെതിരായ ആദ്യ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ രോഹിത് ശർമ രണ്ടാം മത്സരത്തിൽ 8 റൺസ് മാത്രമായിരുന്നു സ്വന്തമാക്കിയത്. ശേഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ 12 പന്തുകളിൽ 13 റൺസ് മാത്രമേ രോഹിത്തിന് നേടാൻ സാധിച്ചുള്ളൂ.

ഇതിനുശേഷം രോഹിത് ശർമയ്ക്കെതിരെ വലിയ വിമർശനമുന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരമായ മൈക്കിൾ വോൺ. രോഹിത് ശർമ എന്നൊരു പേരുകൊണ്ട് മാത്രമാണ് ഇപ്പോഴും ഈ താരം ടീമിൽ തുടരുന്നത് എന്ന് മൈക്കിൾ വോൺ പരിഹസിക്കുകയുണ്ടായി.

രോഹിത് എന്ന പേരാണ് താരത്തെ ഇപ്പോഴും ടീമിൽ പിടിച്ചുനിർത്തുന്നത് എന്ന് മൈക്കിൾ വോൺ തുറന്നടിക്കുന്നു. മാത്രമല്ല പേരിനും പെരുമയ്ക്കുമൊത്ത പ്രകടനം ഉടൻതന്നെ പുറത്തെടുക്കാൻ രോഹിത് ശർമയ്ക്ക് സാധിക്കണമെന്നും മൈക്കിൾ വോൺ പറയുന്നു. കൊൽക്കത്തക്കെതിരായ മത്സരത്തിന് ശേഷമാണ് വോണിന്റെ ഈ അഭിപ്രായ പ്രകടനം.

“ഇതുവരെയുള്ള രോഹിത് ശർമയുടെ സ്കോർ പരിശോധിക്കു. ഈ ഘട്ടത്തിൽ രോഹിതിനെ ഒരു ബാറ്ററെന്ന നിലയിൽ മാത്രമേ നമുക്ക് വിലയിരുത്താൻ സാധിക്കൂ. കാരണം അദ്ദേഹം ഇപ്പോൾ മുംബൈ ടീമിന്റെ നായകനല്ല. അങ്ങനെ നോക്കുമ്പോൾ രോഹിത്തിന്റെ പ്രകടനം വെറും ശരാശരി മാത്രമാണ്. രോഹിത് ശർമ എന്ന പേരില്ലായിരുന്നുവെങ്കിൽ ഈ താരം നേരത്തെ ടീമിന് പുറത്തു പോയേനെ. ഇത്തരത്തിലുള്ള പ്രകടനങ്ങളല്ല രോഹിത് ശർമയെ പോലെയുള്ള താരങ്ങളിൽ നിന്ന് ഉണ്ടാവേണ്ടത്.”- വോൺ പറയുന്നു.

“ഇപ്പോൾ അദ്ദേഹം ക്യാപ്റ്റനല്ലാത്ത സാഹചര്യം ഉള്ളതുകൊണ്ടാണ് ബാറ്റിംഗിലെ നമ്പറുകൾ മാത്രം നോക്കി നമ്മൾ വിലയിരുത്തുന്നത്. അദ്ദേഹം മുംബൈ ടീമിന്റെ നായകനായിരുന്നുവെങ്കിൽ അതുകൂടി നമ്മൾ കണക്കിലെടുത്തേനെ. അത്തരമൊരു സാഹചര്യമായിരുന്നുവെങ്കിൽ തന്റെ നേതൃത്വപാടവും തന്ത്രങ്ങളും പരിചയസമ്പന്നതയും ടീമിനായി ഉപയോഗപ്പെടുത്താൻ രോഹിത്തിന് സാധിച്ചേനെ. പക്ഷേ ഇപ്പോൾ അങ്ങനെയല്ല സാഹചര്യങ്ങൾ. അവൻ ഒരു ബാറ്റർ മാത്രമാണ്. ബാറ്റിംഗിലെ പ്രകടനം മാത്രമാണ് നമ്മൾക്ക് പരിശോധിക്കാൻ സാധിക്കുക.”- വോൺ കൂട്ടിചേർക്കുന്നു.

“ഇക്കാരണത്താൽ മുംബൈ ഇന്ത്യൻസ് രോഹിത് ശർമ ടീമിൽ നിന്ന് തഴയുമെന്ന് ഞാൻ പറയുന്നില്ല. ഞാനാണ് ടീമിനൊപ്പം ഉണ്ടായിരുന്നതെങ്കിലും ഒരിക്കലും രോഹിത്തിനെ തഴയില്ല. പക്ഷേ പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കേണ്ട സമയമായിരിക്കുന്നു. ആദ്യ 2 മത്സരങ്ങളിലും പരാജയം നേരിട്ട ടീമാണ് മുംബൈ ഇന്ത്യൻസ്. അങ്ങനെയൊരു ടീമിനെ സംബന്ധിച്ച് രോഹിത് ശർമയെ പോലെയുള്ള വലിയ താരങ്ങളുടെ അനുഭവസമ്പത്ത് വളരെ നിർണായകമാണ്. വരും മത്സരങ്ങളിൽ രോഹിത്തിന് അത് പുലർത്താൻ സാധിക്കണം.” – വോൺ പറഞ്ഞുവെക്കുന്നു.

Previous article“ധോണിയ്ക്ക് 10 ഓവറുകൾ ബാറ്റ് ചെയ്യാൻ കഴിയില്ല, കാൽമുട്ടിന് പരിക്കുണ്ട്”. ചെന്നൈ കോച്ചിന്റെ വാക്കുകൾ.