2023 ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ പരാജയത്തിന് ശേഷം നായകൻ രോഹിത് ശർമയ്ക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ലോകകപ്പ് ഫൈനലിന് മുൻപായി രോഹിത് ശർമ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞ ചില പ്രസ്താവനകളാണ് ഗംഭീറിനെ ചൊടിപ്പിക്കുന്നത്.
പരിശീലകനായ രാഹുൽ ദ്രാവിഡിന് വേണ്ടി ഞങ്ങൾ ലോകകപ്പ് കിരീടം സ്വന്തമാക്കും എന്നായിരുന്നു രോഹിത് ശർമ പത്രസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ ഈ പ്രസ്താവന വളരെ തെറ്റായിരുന്നു എന്ന് ഗംഭീർ ചൂണ്ടിക്കാട്ടുന്നു. ഒരു കാരണവശാലും രോഹിത് ശർമ ഇത്തരത്തിൽ ഒരു പ്രസ്താവന നടത്താൻ പാടില്ലായിരുന്നു എന്നാണ് ഗംഭീർ ചൂണ്ടിക്കാട്ടുന്നത്.
2022 ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടായിരുന്നു ഇന്ത്യ പുറത്തായത്. ഇത്തരമൊരു പ്രതിസന്ധിഘട്ടത്തിൽ ടീമിന്റെ താങ്ങായും തണലായും നിൽക്കാൻ രാഹുൽ ദ്രാവിഡിന് സാധിച്ചിരുന്നുവെന്നും, അതിനാൽ ഈ കിരീടം അദ്ദേഹത്തിനായി തങ്ങൾ സ്വന്തമാക്കുമെന്നുമായിരുന്നു രോഹിത് ശർമ പത്രസമ്മേളനത്തിൽ പറഞ്ഞത്. പക്ഷേ ഇത്തരത്തിൽ ഒരു വ്യക്തിയുടെ മാത്രം പേരെടുത്ത് നോക്കിയിട്ട് സംസാരിക്കാൻ പാടില്ലായിരുന്നു എന്നാണ് ഗംഭീർ ഇപ്പോൾ ആരോപിച്ചിരിക്കുന്നത്. മുൻപ് 2011 ലോകകപ്പിൽ സച്ചിനായി ലോകകപ്പ് സ്വന്തമാക്കും എന്ന് കളിക്കാരൊക്കെയും പറഞ്ഞിരുന്നുവെന്നും, അതും തെറ്റായിരുന്നുവെന്നും ഗംഭീർ പറയുന്നു.
“2011 ലോകകപ്പ് സമയത്തും ഇത്തരത്തിൽ പ്രസ്താവനകളുമായി താരങ്ങൾ രംഗത്തുവന്നിരുന്നു. അന്ന് സച്ചിൻ ടെണ്ടുൽക്കർക്കുവേണ്ടി ഇന്ത്യ ലോകകപ്പ് നേടും എന്നായിരുന്നു കളിക്കാരൊക്കെയും പറഞ്ഞിരുന്നത്. ടീമിന്റെ ഭാഗമായുള്ള എല്ലാ കളിക്കാരും പരിശീലകരും ലോകകപ്പ് നേടാൻ ആഗ്രഹിക്കുന്നവർ തന്നെയാണ്. ദ്രാവിഡ് പരിശീലകനായി തുടരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് അതിനുള്ള അവസരം തീർച്ചയായും നൽകേണ്ടതുണ്ട്. പക്ഷേ ഒരു വ്യക്തിക്ക് വേണ്ടി തങ്ങൾ ലോകകപ്പ് സ്വന്തമാക്കും എന്നൊക്കെ പറയുന്നത് വളരെ ബാലിശമായ പ്രസ്താവന തന്നെയാണ്.”- ഗംഭീർ പറയുന്നു.
“കാരണം ലോകകപ്പ് നമ്മൾ നേടുന്നത് നമ്മുടെ രാജ്യത്തിന് വേണ്ടിയാണ്. ഏതെങ്കിലും ഒരു വ്യക്തിക്ക് വേണ്ടി മാത്രമല്ല. ഒരുപക്ഷേ ഇനി ഏതെങ്കിലും ഒരു പ്രധാന വ്യക്തിക്ക് വേണ്ടിയാണ് നമ്മൾ ലോകകപ്പ് നേടുന്നതെങ്കിൽ പോലും അത് മാധ്യമങ്ങൾക്ക് മുൻപിൽ വന്ന് ഇങ്ങനെ പറയാതിരിക്കാനെങ്കിലും ശ്രമിക്കണം. ഞാൻ എന്റെ രാജ്യമായ ഇന്ത്യയ്ക്ക് വേണ്ടി മൈതാനത്ത് അണിനിരക്കാനും ലോകകപ്പ് സ്വന്തമാക്കാനുമാണ് ആഗ്രഹിക്കുന്നത് എന്നായിരുന്നു രോഹിത് ശർമ പത്രസമ്മേളനത്തിൽ പറയേണ്ടിയിരുന്നത്.”- ഗൗതം ഗംഭീർ കൂട്ടിച്ചേർത്തു. ഇതോടൊപ്പം പരിശീലകനായ രാഹുൽ ദ്രാവിഡിന്റെ പ്രകടനത്തിൽ താൻ അങ്ങേയറ്റം സംതൃപ്തനാണെന്നും ഇനിയും രാഹുലിന് ഇന്ത്യൻ ടീമിന്റെ പരിശീലകനായി തുടരാൻ അവസരം നൽകണമെന്നും ഗംഭീർ കൂട്ടിച്ചേർത്തു.