ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ പരാജയം ഏറ്റുവാങ്ങിയതിൽ പ്രധാന പങ്കു വഹിച്ചത് ബോളർമാരുടെ മോശം പ്രകടനമാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഭേദപ്പെട്ട ഒരു സ്കോർ സ്വന്തമാക്കിയിട്ടും, അത് പ്രതിരോധിക്കുന്നതിൽ ബോളർമാർ പരാജയമായി മാറുകയായിരുന്നു.
പ്രധാനമായും പ്രസീദ് കൃഷ്ണയും താക്കൂറുമാണ് മത്സരത്തിൽ നനഞ്ഞ പടക്കമായി മാറിയത്. ഇരുവരുടെയും പ്രകടനത്തിനെതിരെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ താരം ദിനേശ് കാർത്തിക്. രോഹിത് ശർമ ഇരു ബോളർമാരോടും ദയ കാട്ടുന്നത് ഇന്ത്യയെ ബാധിക്കുന്നുണ്ട് എന്ന് കാർത്തിക് പറഞ്ഞു.
പ്രസീദ് കൃഷ്ണയുടെ പരിചയ സമ്പന്നതക്കുറവ് മത്സരത്തിൽ ഇന്ത്യയെ ബാധിച്ചിട്ടുണ്ട് എന്നും കാർത്തിക് പറയുകയുണ്ടായി. “ശർദുൽ താക്കൂറും പ്രസീദ് കൃഷ്ണയും മത്സരത്തിൽ അല്പംകൂടി മുൻപിലേക്ക് വരേണ്ടതുണ്ട്. അവർ യുവ ബോളർമാരായതിനാൽ തന്നെ രോഹിത് ശർമ ഒരുപാട് ദയ അവർക്ക് നൽകുന്നു. എന്നിരുന്നാലും ശർദുൽ താക്കൂർ ഇതിന് മുൻപത്തെ പരമ്പരയിലും കളിച്ചിരുന്നു. അന്ന് അയാൾ മികച്ച പ്രകടനം പുറത്തെടുത്തു. പക്ഷേ ഇപ്പോൾ വളരെ മോശം പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്.
പ്രസീദ് കൃഷ്ണ ഒരു യുവ ബോളറാണ്. അതിനാൽ തന്നെ ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ ഒരുപാട് പരിചയസമ്പന്നത പ്രസീദിന് അവകാശപ്പെടാനില്ല. ഒരുപാട് ബൗണ്ടറി ബോളുകൾ പ്രസീദ് കൃഷ്ണ മത്സരത്തിനിടെ എറിയുകയുണ്ടായി. മത്സരത്തിലൂടനീളം പ്രസിദിന് നിയന്ത്രണം ഉണ്ടായിരുന്നില്ല. അത് ടെസ്റ്റ് ക്രിക്കറ്റിൽ അത്ര ശുഭകരമായ സൂചനയല്ല നൽകുന്നത്.”- കാർത്തിക് പറയുന്നു.
മുഹമ്മദ് ഷാമി പരുക്ക് മൂലം പരമ്പരയിൽ നിന്നും മാറി നിൽക്കുന്നതും ഇന്ത്യയെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട് എന്നാണ് കാർത്തികിന്റെ പക്ഷം. “കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയുടെ ബോളിംഗ് അറ്റാക്ക് അതിശക്തമായി തന്നെയാണ് മുന്നോട്ട് പോകുന്നത്. എന്നാൽ മുഹമ്മദ് ഷാമിയുടെ അഭാവത്തിൽ ഇന്ത്യയുടെ ബോളിംഗ് അറ്റാക്ക് അത്ര ഭയപ്പെടുത്തുന്നതല്ല. മുൻപ് നമുക്ക് ഉമേഷ് യാദവ്, ഇഷാന്ത് ശർമ, ഭുവനേശ്വർ കുമാർ എന്നീ ബോളർമാർ ഉണ്ടായിരുന്നു. അവർ ലെങ്തിലെങ്കിലും സ്ഥിരത പുലർത്തിയിരുന്ന ബോളർമാരാണ്. എന്നാൽ ഇപ്പോൾ അതും കാണാൻ സാധിക്കില്ല.”- കാർത്തിക് കൂട്ടിച്ചേർത്തു.
ജനുവരി 3നാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റ് മത്സരം നടക്കുന്നത്. കേപ്ടൗണിലാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് തിരിച്ചു വരവിനുള്ള വലിയൊരു അവസരം തന്നെയാണ് ഈ ടെസ്റ്റ് മത്സരം. ഇതിന് ശേഷം ഇന്ത്യ ടെസ്റ്റ് പരമ്പര കളിക്കുന്നത് ഇംഗ്ലണ്ട് ടീമിനെതിരെയാണ്. അതിന് മുൻപ് തങ്ങളുടെ ആത്മവിശ്വാസം തിരികെ ലഭിക്കാൻ ഇന്ത്യയ്ക്ക് അവസാന ടെസ്റ്റിൽ വിജയിച്ചേ സാധിക്കൂ. മാത്രമല്ല ഇന്ത്യയുടെ ബാറ്റർമാരും ബോളർമാരും കൃത്യമായ ഫോമിലേക്ക് തിരികെയെത്തേണ്ട സാഹചര്യം അതിക്രമിച്ചിരിക്കുന്നു.