ഇത്തവണത്തെ ബോർഡർ- ഗവാസ്കർ ട്രോഫിയിൽ ബാറ്റിംഗിൽ വളരെ മോശം പ്രകടനമായിരുന്നു ഇന്ത്യൻ നായകൻ രോഹിത് ശർമ കാഴ്ചവെച്ചത്. 3 മത്സരങ്ങൾ ഇന്ത്യക്കായി പരമ്പരയിൽ അണിനിരന്ന രോഹിത് ശർമയ്ക്ക് നേടാൻ സാധിച്ചത് കേവലം 31 റൺസ് മാത്രമാണ്.
ഈ 3 മത്സരങ്ങളിലെ പൂർണമായ പരാജയത്തിന് ശേഷം സിഡ്നിയിൽ നടന്ന അവസാന ടെസ്റ്റ് മത്സരത്തിൽ നിന്ന് രോഹിത് ശർമ മാറിനിൽക്കുകയാണ് ഉണ്ടായത്.
മാത്രമല്ല നായകൻ എന്ന നിലയിലും ഇന്ത്യക്കായി ഈ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ രോഹിത്തിന് സാധിച്ചില്ല. ഈ സാഹചര്യത്തിൽ രോഹിത് ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് ആയ രഞ്ജി ട്രോഫിയിൽ കളിച്ച് തന്റെ ഫോം വീണ്ടെടുക്കണം എന്നാണ് ഇന്ത്യയുടെ മുൻ താരമായ സുനിൽ ഗവാസ്കർ പറയുന്നത്.
ഇത്തവണത്തെ രഞ്ജി ട്രോഫിയിൽ മുംബൈ ടീം നോകൗട്ടിലേക്ക് യോഗ്യത സ്വന്തമാക്കുകയാണെങ്കിൽ രോഹിത് ടീമിനൊപ്പം അണിനിരക്കണം എന്ന് ഗവാസ്കർ ഉറപ്പിച്ചു പറയുന്നു. “ഇപ്പോൾ ചതുർദിന മത്സരങ്ങൾ ഒന്നുംതന്നെ മറ്റുതരത്തിൽ ലഭ്യമല്ല. അതുകൊണ്ടുതന്നെ രഞ്ജി ട്രോഫി മത്സരങ്ങളിലാണ് രോഹിത് അണിനിരക്കേണ്ടത്. മുംബൈ ടീം നോക്കൗട്ട് സ്റ്റേജിലേക്ക് എത്തുകയാണെങ്കിൽ രോഹിത് ടീമിനായി കുറച്ചു മത്സരങ്ങൾ കളിക്കണം. അവന് ഇതിലൂടെ ഫോം തിരിച്ചെടുക്കാൻ സാധിക്കും എന്നാണ് ഞാൻ കരുതുന്നത്.”- സുനിൽ ഗവാസ്കർ പറയുകയുണ്ടായി.
“ഇത് മറ്റൊരു തരത്തിൽ അനീതിപരമാണ് എന്നെനിക്കറിയാം. കാരണം ടൂർണമെന്റിന്റെ ആദ്യ ഭാഗത്ത് ടീമിനായി മികച്ച പ്രകടനം കാഴ്ചവച്ച കുറച്ച് യുവതാരങ്ങൾക്ക് രോഹിത്തിനെപ്പോലെയുള്ള താരങ്ങൾ വരുമ്പോൾ വഴി മാറി കൊടുക്കേണ്ടിവരും. പക്ഷേ ഇന്ത്യൻ ക്രിക്കറ്റിന്റെ താല്പര്യവും നമ്മൾ കണക്കിൽ എടുക്കേണ്ടതുണ്ട്. മുംബൈ ടീമിൽ അവന് കളിക്കാൻ ഒരു സ്ഥാനം ലഭിക്കുകയാണെങ്കിൽ അവൻ കളിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം മൈതാനത്തിന്റെ മധ്യഭാഗത്ത് കുറച്ചു സമയം കണ്ടെത്തിയാൽ മാത്രമേ രോഹിത്തിന് തന്റെ ഫോമിലേക്ക് തിരികെയെത്താൻ കഴിയു.”- ഗവാസ്കർ കൂട്ടിച്ചേർത്തു.
ജനുവരി 23നാണ് ഇത്തവണത്തെ രഞ്ജി ട്രോഫി ടൂർണമെന്റ് വീണ്ടും ആരംഭിക്കുന്നത്. ജനുവരി 23ന് ആരംഭിക്കുന്ന മത്സരത്തിൽ മുംബൈ ജമ്മു& കാശ്മീർ ടീമിനെതിരെ മൈതാനത്ത് ഇറങ്ങും. ശേഷം ജനുവരി 30ന് മേഘാലയ ടീമിനെതിരെയാണ് അടുത്ത മത്സരം നടക്കുന്നത്. നിലവിൽ ട്വന്റി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച രോഹിത്തിന് ഈ സമയങ്ങളിൽ മറ്റു മത്സരങ്ങൾ കളിക്കേണ്ട ആവശ്യമില്ല. ഈ സമയത്ത് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ 5 ട്വന്റി20 മത്സരങ്ങളാണ് കളിക്കുന്നത്. രോഹിത്തിന് ഫോമിലേക്ക് തിരികെ വരാനുള്ള ഏറ്റവും നല്ല മാർഗമാണ് രഞ്ജി ട്രോഫി മത്സരം.