ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിച്ചിരിക്കുകയാണ്. വളരെ വലിയ പ്രതീക്ഷയോടെ വന്ന പല താരങ്ങളും ലീഗിൽ തിളങ്ങാതെ പോയി. എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത ചില താരങ്ങൾ മുൻപിലേക്ക് വരികയും തങ്ങളുടെ അവസരങ്ങൾ നന്നായി വിനിയോഗിക്കുകയും ചെയ്തു.
ഈ സാഹചര്യത്തിൽ ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അമ്പാട്ടി റായുഡു. വിവിധ ഫ്രാഞ്ചൈസികളിൽ നിന്ന് തനിക്ക് ഏറ്റവും മികച്ചത് എന്ന് തോന്നുന്ന താരങ്ങളെയാണ് തന്റെ പ്ലേയിംഗ് ഇലവനിൽ റായുഡു ഉൾപ്പെടുത്തിയിരിക്കുന്നത്. രോഹിത് ശർമ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് തുടങ്ങിയ താരങ്ങളെയൊക്കെയും ഒഴിവാക്കിയാണ് റായുഡു തന്റെ ഇലവൻ പ്രഖ്യാപിച്ചത്.
പ്രധാനമായും രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളിലെ താരങ്ങളാണ് റായുഡുവിന്റെ ബെസ്റ്റ് ഇലവനിൽ ഉൾപ്പെട്ടിരിക്കുന്നത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി ഈ ഐപിഎല്ലിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച വിരാട് കോഹ്ലിയാണ് റായിഡുവിന്റെ ഒരു ഓപ്പണർ. 15 ഇന്നിംഗ്സുകളിൽ നിന്ന് 741 റൺസ് ആണ് വിരാട് കോഹ്ലി ഈ സീസണിൽ നേടിയിട്ടുള്ളത്. ഒരു സെഞ്ച്വറിയും 5 അർദ്ധ സെഞ്ച്വറികളും കോഹ്ലി നേടിക്കഴിഞ്ഞു. കോഹ്ലിയോടൊപ്പം സുനിൽ നരേയ്നാണ് ടീമിൽ ഓപ്പണറായി എത്തുന്നത്. ഈ സീസണിൽ 482 റൺസാണ് നരെയ്ൻ നേടിയത്.
ശേഷം റായുഡുവിന്റെ ഇലവനിൽ മൂന്നും നാലും നമ്പരുകളിൽ സ്ഥാനം പിടിച്ചിരിക്കുന്നത് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസനും, ടീമംഗം റിയാൻ പരാഗുമാണ്. 14 ഇന്നിംഗ്സുകളിൽ നിന്ന് 573 റൺസ് ഈ സീസണിൽ പരഗ് നേടി. 15 ഇന്നിംഗ്സുകളിൽ നിന്ന് 531 റൺസാണ് സഞ്ജു നേടിയത്. തന്റെ ടീമിന്റെ അഞ്ചാം നമ്പർ ബാറ്ററായി റായുഡു എടുത്തിരിക്കുന്നത് റിങ്കു സിംഗിനെയാണ്.
ഈ സീസണിൽ തിളങ്ങാൻ സാധിച്ചില്ലെങ്കിലും റിങ്കു ഫിനിഷറുടെ റോളിന് പറ്റിയ താരമാണ് എന്ന് റായിഡു കരുതുന്നു. ആറാം നമ്പരിൽ കൊൽക്കത്തയുടെ തന്നെ വെടിക്കെട്ട് ഓൾറൗണ്ടറായ ആൻഡ്ര റസലിനെ റായുഡു ഉൾപ്പെടുത്തിയിരിക്കുന്നു. സീസണിൽ 222 റൺസും 16 വിക്കറ്റുകളും റസൽ സ്വന്തമാക്കിയിട്ടുണ്ട്.
ചെന്നൈ സൂപ്പർ കിംഗ്സ് ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെയും റായിഡു തന്റെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 11 ഇന്നിങ്സുകളിൽ നിന്ന് 267 റൺസും 14 വിക്കറ്റുകളുമാണ് ജഡേജ ഈ സീസണിൽ സ്വന്തമാക്കിയത്. ക്ലാസനേയും റായുഡു ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഒപ്പം മൂന്ന് പേസർമാരും റായിഡുവിന്റെ ടീമിൽ അണിനിരക്കുന്നുണ്ട്. മുംബൈ പേസർ ജസ്പ്രീത് ബുമ്ര, രാജസ്ഥാന്റെ പേസർമാരായ ആവേഷ് ഖാൻ, ട്രെൻഡ് ബോൾട്ട് എന്നിവരെയാണ് റായിഡു തന്റെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.