ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരം ബുധനാഴ്ച കേപ്ടൗണിൽ നടക്കുകയാണ്. ആദ്യ ടെസ്റ്റിൽ ഏറ്റുവാങ്ങിയ ദയനീയമായ പരാജയത്തിന് ശേഷം, വലിയ തിരിച്ചുവരവിനാണ് മത്സരത്തിലൂടെ ഇന്ത്യ ഒരുങ്ങുന്നത്. ബാറ്റിങ്ങിലും ബോളിങ്ങിലും പൂർണമായി പരാജയപ്പെട്ട ഇന്ത്യയെ സംബന്ധിച്ച് എങ്ങനെയെങ്കിലും തിരികെയെത്തി പരമ്പര സമനിലയിലാക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്.
ആദ്യ ടെസ്റ്റിൽ നിറംമങ്ങിപ്പോയ രോഹിത് ശർമ അടക്കമുള്ളവർ ബാറ്റിംഗിൽ തിളങ്ങേണ്ടതും ഇന്ത്യയുടെ ആവശ്യമാണ്. എന്നാൽ രണ്ടാം ടെസ്റ്റിൽ മറ്റൊരു താരമാവും ഇന്ത്യയുടെ ഹീറോയായി മാറുക എന്നാണ് മുൻ ഇന്ത്യൻ ബൗളിംഗ് കോച്ച് ഭരത് അരുൺ പറഞ്ഞിരിക്കുന്നത്.
രോഹിത് ശർമയും വിരാട് കോഹ്ലിയും അടക്കമുള്ളവർ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് നിർണായകമാവുമെങ്കിലും ഇന്ത്യയുടെ ഹീറോയായി മാറാൻ പോകുന്നത് ബൂമ്രയാണ് എന്ന് ഭരത് അരുൺ പറയുന്നു. സെഞ്ചുറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തത് ബൂമ്ര മാത്രമായിരുന്നുm ശേഷമാണ് ഭരത് അരുണിന്റെ ഈ പ്രസ്താവന. “തന്റെ ബോളിങ്ങിൽ മാത്രമല്ല, മറ്റു ബോളർമാരെ കൃത്യമായ രീതിയിൽ അണിനിരത്തുന്നതിലും ബുംറ രണ്ടാം ടെസ്റ്റിൽ പ്രധാന പങ്കു വഹിക്കും.”- അരുൺ പറഞ്ഞു.
ബുമ്ര എല്ലായിപ്പോഴും ചിന്തിക്കുന്ന ബോളറാണന്നും അരുൺ പറയുകയുണ്ടായി. “അവൻ കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കുന്ന ബോളറാണ്. ഒരുപാട് ഒരുപാട് ചിന്തിക്കാനുള്ള കഴിവ് ബുമ്രയ്ക്കുണ്ട്. ആദ്യ ടെസ്റ്റിന് ശേഷം ഇന്ത്യയുടെ ബോളർമാർ ചർച്ചയിൽ ഏർപ്പെട്ടിട്ടുണ്ട്. അവർ തങ്ങളുടെ തന്ത്രങ്ങൾ പുനരാവിഷ്കരിച്ചിട്ടുണ്ടാവും. ഇക്കാരണം കൊണ്ട് തന്നെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ബൂമ്ര ഇന്ത്യക്കായി വലിയൊരു റോൾ തന്നെ കളിക്കും എന്ന കാര്യത്തിൽ സംശയമില്ല.”- ഭരത് അരുൺ കൂട്ടിച്ചേർക്കുന്നു.
ആദ്യ ടെസ്റ്റിൽ ഇന്ത്യക്കായി 4 വിക്കറ്റുകളാണ് ബൂമ്ര സ്വന്തമാക്കിയത്. നിലവിൽ ഇന്ത്യൻ ടീമിന്റെ ഉപനായകൻ കൂടിയാണ് ജസ്പ്രീറ്റ് ബൂമ്ര. ദക്ഷിണാഫ്രിക്കൻ ബോളർമാർക്ക് എതിരെ കൃത്യമായ ലൈനിലും ലെങ്തിലും പന്തറിയാൻ ബുമ്രയ്ക്ക് ആദ്യ മത്സരത്തിൽ സാധിച്ചിരുന്നു. ഇതേ പ്രകടനം തന്നെ രണ്ടാം മത്സരത്തിലും ബുമ്ര ആവർത്തിക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യ.”
“എന്നാൽ ബൂമ്രയോടൊപ്പം തന്നെ മറ്റു ബോളർമാരും ഇന്ത്യയ്ക്കായി മികവ് പുലർത്തേണ്ടതുണ്ട്. ശർദുൽ താക്കൂർ, പ്രസീദ് കൃഷ്ണ തുടങ്ങിയവർ രണ്ടാം മത്സരത്തിലെങ്കിലും മികച്ച പ്രകടനം പുറത്തെടുത്താലേ ഇന്ത്യയ്ക്ക് വിജയം കൈപ്പിടിയിലൊതുക്കാൻ സാധിക്കൂ. ജനുവരി 3ന് കേപ്ടൗണിലാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റ് മത്സരം നടക്കുന്നത്.