2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ നായകൻ രോഹിത് ശർമയാണ്. നിലവിൽ 37കാരനായ രോഹിത് ശർമ ഈ ലോകകപ്പോടെ ട്വന്റി20 ക്രിക്കറ്റിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിക്കും എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ അത്തരത്തിൽ പ്രായം നോക്കി ഒരു താരത്തിന്റെ വിരമിക്കൽ പരിഗണിക്കേണ്ടതില്ല എന്നാണ് ഇന്ത്യൻ താരം യുവരാജ് സിംഗിന്റെ പിതാവായ യോഗ്രാജ് സിംഗ് പറഞ്ഞിരിക്കുന്നത്.
ഇന്ത്യൻ നായകൻ രോഹിത് ശർമയെപ്പറ്റി സംസാരിക്കുമ്പോഴായിരുന്നു യോഗ്രാജ് ഇക്കാര്യം വ്യക്തമാക്കിയത്. താരങ്ങൾ വിരമിക്കാനായി പ്രായം ഒരു വലിയ മാനദണ്ഡമായി കാണേണ്ട കാര്യമില്ല എന്നാണ് യോഗ്രാജ് ആവശ്യപ്പെടുന്നത്. സേവാഗിനെയും രോഹിത്തിനെയും പോലെയുള്ള താരങ്ങൾക്ക് ഫിറ്റ്നസ് ബാധകമല്ല എന്ന് യോഗ്രാജ് പറയുന്നു. ഇത്തരം അപൂർവ താരങ്ങളുടെ വിരമിക്കലിനായി സമ്മർദ്ദം ചേലുത്തേണ്ടതില്ല എന്നാണ് യോഗ്രാജിന്റെ അഭിപ്രായം.
ആവശ്യമെങ്കിൽ 50 വയസ്സ് വരെ രോഹിത് ശർമയ്ക്കു മൈതാനത്ത് സജീവമായി കളിക്കാൻ സാധിക്കുമെന്നും യോഗ്രാജ് അഭിപ്രായപ്പെടുകയുണ്ടായി. ഇപ്പോൾ 37 വയസ്സുകാരനാണ് രോഹിത് ശർമ. ഇതിന് ശേഷം ട്വന്റി20 ലോകകപ്പ് 2026 ലാണ് നടക്കുന്നത്. ആ സമയത്ത് രോഹിത്തിന് 39 വയസ്സ് ആകും. ഈ സാഹചര്യത്തിലായിരുന്നു രോഹിത്തിന്റെ വിരമിക്കലിനെ സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിച്ചത്.
എന്നാൽ ഫിറ്റ്നസും പ്രായവും തമ്മിൽ വലിയ ബന്ധമില്ല എന്നാണ് യോഗ്രാജ് സിംഗ് പറയുന്നത്. താരങ്ങൾ നാല്പതാം വയസ്സിലും 42ആം വയസ്സിലും, താരങ്ങൾ ഫിറ്റ്നസോടെ മികച്ച പ്രകടനം പുറത്തെടുത്താൽ എന്താണ് പ്രശ്നം എന്ന് യോഗ്രാജ് ചോദിക്കുകയുണ്ടായി.
“ഒരു ക്രിക്കറ്റ് താരത്തിന് ഇത്ര പ്രായമുണ്ട് എന്ന രീതിയിലുള്ള ചർച്ചകൾ എനിക്ക് യാതൊരു തരത്തിലും മനസ്സിലാവുന്നില്ല. ഒരു താരം തന്റെ 40ആം വയസ്സിലും 42ആം വയസ്സിലും 45ആം വയസ്സിലും പൂർണ്ണമായ ഫിറ്റ്നസോടെ മൈതാനത്ത് തുടർന്നാൽ, എന്താണ് ഇവിടെ പ്രശ്നം. കളിക്കളത്തിലെ അയാളുടെ പ്രകടനം വളരെ മികച്ചതാണെങ്കിലോ? ഒരു കായിക താരത്തിന് 40 വയസ്സായാൽ അയാളുടെ കരിയർ അവസാനിച്ചു എന്നതാണ് നിലവിൽ നമ്മുടെ രാജ്യത്തിന്റെ അവസ്ഥ. പക്ഷേ ആ പ്രായത്തിൽ ഇതൊന്നും തന്നെ അവസാനിക്കുന്നില്ല എന്നതാണ് വസ്തുത.”- യോഗ്രാജ് സിംഗ് പറയുകയുണ്ടായി.
“ഇന്ത്യയ്ക്ക് ആദ്യ ലോകകപ്പ് നേടിത്തരുന്ന സമയത്ത് സൂപ്പർ താരം മോഹിന്ദർ അമർനാദിന്റെ പ്രായം 38 വയസ്സാണെന്ന് ഓർക്കണം. പ്രസ്തുത ഫൈനലിൽ അദ്ദേഹം മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപെടുകയും ചെയ്തിരുന്നു. ഇക്കാരണങ്ങളൊക്കെ കൊണ്ടാണ് ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് പ്രായം എന്ന ഘടകത്തെ മാറ്റി നിർത്തണമെന്ന് ഞാൻ അഭിപ്രായപ്പെടുന്നത്. ഫിറ്റ്നസിലും പരിശീലനത്തിലും ഒന്നും വലിയ രീതിയിൽ ശ്രദ്ധ നൽകാത്ത അപൂർവ്വ വിഭാഗം താരങ്ങളിൽ രണ്ടുപേരാണ് വീരേന്ദർ സേവാഗും രോഹിത് ശർമയും. രോഹിത് ശർമയ്ക്ക് ആവശ്യമെങ്കിൽ 50 വയസ്സ് വരെ മൈതാനത്ത് തുടരാൻ സാധിക്കും.”- യോഗ്രാജ് കൂട്ടിച്ചേർക്കുകയുണ്ടായി.