2023 ഏകദിന ലോകകപ്പ് ഫൈനലിലെ പരാജയത്തിന് ശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമയെ രൂക്ഷമായി വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. മത്സരത്തിൽ രോഹിത് ശർമ വളരെ മോശം ഷോട്ട് കളിച്ചാണ് പുറത്തായത് എന്ന് വീരേന്ദർ സേവാഗ് പറയുന്നു. ഫൈനൽ മത്സരത്തിൽ രോഹിത് ശർമയെ പോലൊരു കളിക്കാരൻ കുറച്ചുകൂടി പക്വത പുലർത്തേണ്ടതുണ്ടായിരുന്നു എന്നാണ് സേവാഗ് പറഞ്ഞത്.
മത്സരത്തിൽ ഇന്ത്യയ്ക്ക് വളരെ മികച്ച തുടക്കം തന്നെയായിരുന്നു രോഹിത് ശർമ്മ നൽകിയത്. 31 പന്തുകളിൽ 47 റൺസ് നേടാൻ രോഹിത്തിന് സാധിച്ചു. എന്നാൽ പിന്നീട് മാക്സ്വെല്ലിന്റെ പന്തിൽ ഹെഡിന് ക്യാച്ച് നൽകി രോഹിത് പുറത്താവുകയാണ് ഉണ്ടായത്. ഇതിനുശേഷമാണ് വീരേന്ദർ സേവാഗ് വിമർശനവുമായി രംഗത്തെത്തിയത്.
തുടർച്ചയായ പന്തുകളിൽ ബൗണ്ടറികൾ നേടിയ ശേഷം വീണ്ടും രോഹിത് വലിയ ഷോട്ടിന് ശ്രമിക്കാൻ തയ്യാറായതാണ് വിക്കറ്റ് നഷ്ടമാവാൻ കാരണം എന്ന് വീരേന്ദർ സേവാഗ് പറയുന്നു. “ഒരുപക്ഷേ രോഹിത് ആ തീരുമാനത്തിൽ നിരാശനായിരിക്കില്ല. പക്ഷേ ടീം മാനേജ്മെന്റ് പൂർണ്ണമായും നിരാശരായിരിക്കും. തൊട്ടടുത്ത പന്തുകളിൽ സിക്സും ബൗണ്ടറിയും നേടിയ ശേഷം വീണ്ടും എന്തിനാണ് അത്തരത്തിൽ ഒരു ഷോട്ട് കളിച്ചത് എന്ന് ഒരുപക്ഷേ കോച്ചിംഗ് സ്റ്റാഫ് രോഹിത്തിനോട് ചോദിച്ചിട്ടുണ്ടാവണം.
രോഹിത് ചിന്തിച്ചത് ഇത് പവർപ്ലേയുടെ അവസാന ഓവറാണെന്നും, മാക്സ്വലിനെ വെറുതെ വിടരുതെന്നുമാണ്. അതൊരു മോശം ഷോട്ടായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഒരുപക്ഷേ ആ സമയത്ത് രോഹിത്തിന്റെ വിക്കറ്റ് നഷ്ടമായില്ലായിരുന്നുവെങ്കിൽ സാഹചര്യങ്ങൾ വളരെ വ്യത്യസ്തമായേനെ.”- സേവാഗ് പറഞ്ഞു.
മത്സരത്തിൽ രോഹിത്തിന്റെ വിക്കറ്റ് നഷ്ടമായതിന് ശേഷം ബാറ്റിംഗ് വളരെ ദുർഘടമായാണ് തോന്നിയത് എന്നും സേവാഗ് പറയുകയുണ്ടായി. മത്സരത്തിലെ ഇന്ത്യയുടെ പ്രകടനത്തിൽ സേവാഗ് വലിയ രീതിയിൽ നിരാശയും പ്രകടിപ്പിച്ചു.
“രോഹിത് പുറത്തായതിന് ശേഷം വളരെ വ്യത്യസ്തമായ ഒരു പിച്ചായാണ് എനിക്ക് പൂർണ്ണമായും തോന്നിയത്. അതിന് ശേഷം ഒരു വമ്പൻ ഷോട്ട് കളിക്കാനോ ബാറ്റർമാർക്ക് കൃത്യമായി സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനോ മത്സരത്തിൽ സാധിച്ചിരുന്നില്ല.”- സേവാഗ് കൂട്ടിച്ചേർക്കുന്നു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറുകളിൽ കേവലം 240 റൺസ് മാത്രമായിരുന്നു നേടാൻ സാധിച്ചത്. വിരാട് കോഹ്ലിയും കെ എൽ രാഹുലും മത്സരത്തിൽ ക്രീസിലുറക്കാൻ ശ്രമിച്ചെങ്കിലും കൃത്യമായ രീതിയിൽ സ്കോറിങ് റേറ്റ് ഉയർത്താൻ സാധിച്ചിരുന്നില്ല.
കേവലം 4 വിക്കറ്റ് നഷ്ടത്തിൽ, ഇന്ത്യ മുൻപിലേക്ക് വെച്ച ലക്ഷ്യം മറികടക്കാൻ ഓസ്ട്രേലിയൻ ടീമിന് സാധിച്ചു. ഓസ്ട്രേലിയയുടെ ആറാമത്തെ ലോകകപ്പ് കിരീടമാണ് ഇത്. ഇന്ത്യയെ സംബന്ധിച്ച് വലിയ നിരാശയാണ് മത്സരത്തിന് ശേഷം ഉണ്ടായിട്ടുള്ളത്. ഇന്ത്യൻ താരങ്ങളിൽ പോലും ഈ നിരാശ വ്യക്തമായിരുന്നു.