“രോഹിതിനെയോ ബുംറയെയോ ഞങ്ങൾക്ക് ഭയമില്ല. പേടിയുള്ളത് മറ്റൊരു കാര്യം”- ലിറ്റണ്‍ ദാസ്.

386992

ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കാൻ കേവലം ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. സെപ്റ്റംബർ 19ന് ചെന്നൈയിലാണ് ആദ്യ ടെസ്റ്റ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്ക് ശേഷം വലിയ ഇടവേളയാണ് ഇന്ത്യയ്ക്ക് മുൻപിൽ ഉണ്ടായിരുന്നത്.

ഇതിന് ശേഷം ഒരു ശക്തമായ ഗ്രൂപ്പായി തിരിച്ചെത്താനാണ് ഇന്ത്യ പരമ്പരയിൽ ശ്രമിക്കുക. ഇന്ത്യക്കെതിരായ പരമ്പരയിൽ തങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെ പറ്റി ബംഗ്ലാദേശ് താരം ലിറ്റൻ ദാസ് സംസാരിക്കുകയുണ്ടായി.

പാക്കിസ്ഥാൻ ടീമിനെതിരെ പാകിസ്ഥാൻ മണ്ണിൽ ഉജ്വലവിജയം സ്വന്തമാക്കിയാണ് ബംഗ്ലാദേശ് ടീം എത്തുന്നത്. അതിനാൽ തന്നെ ഇന്ത്യയെ നേരിടുമ്പോൾ വലിയ ആത്മവിശ്വാസമാണ് ബംഗ്ലാദേശ് ടീമിനുള്ളത്.

സ്പിന്നിനെതിരെ മികച്ച രീതിയിൽ കളിക്കാൻ സാധിക്കുന്ന ബാറ്റർമാരും ബംഗ്ലാദേശിന്റെ ശക്തിയാണ്. എന്നാൽ പരമ്പരയിൽ തങ്ങൾ ഭയക്കുന്നത് മത്സരങ്ങൾക്ക് ഉപയോഗിക്കുന്ന എസ്ജി ബോളിനെയാണ് എന്ന് ലിറ്റൻ ദാസ് പറയുകയുണ്ടായി. സാധാരണയായി  പുറത്തുള്ള മത്സരങ്ങൾക്ക് കുക്കാബുറാ ബോളാണ് ഉപയോഗിക്കുന്നതെന്നും, അതിൽ കളിച്ചാണ് തങ്ങൾക്ക് ശീലമെന്നും ലിറ്റൻ ദാസ് പറയുന്നു.

“ഇന്ത്യ ഒരു മികച്ച ടീം തന്നെയാണ്. എന്നിരുന്നാലും ഞങ്ങൾ രോഹിത് ശർമയെയോ ബുംറയെയോ ഒന്നും ഭയപ്പെടുന്നില്ല. പരമ്പരയിൽ എന്നെ ഏറ്റവുമധികം അലട്ടുന്ന പ്രശ്നം മത്സരങ്ങൾക്കായി ഉപയോഗിക്കുന്ന എസ്ജി ബോളുകളാണ്. പുറത്തു നടക്കുന്ന മത്സരങ്ങളിൽ ഉപയോഗിക്കുന്നത് കുക്കാബുറ ബോളുകളാണ്. അതിൽ കളിച്ചാണ് ഞങ്ങൾക്ക് ശീലം. ബോൾ പഴയതായി കഴിഞ്ഞാൽ കളിക്കാൻ ഭയങ്കര പ്രയാസമാണ്. പാകിസ്ഥാൻ മണ്ണിൽ മികച്ച പ്രകടനം നടത്താൻ ഞങ്ങൾക്ക് സാധിച്ചു. പക്ഷേ ആ പരമ്പര അവസാനിച്ചു കഴിഞ്ഞു. ഇനി ഞങ്ങൾ ആലോചിക്കുന്നത് അടുത്ത മത്സരത്തെപ്പറ്റി മാത്രമാണ്.”- ദാസ് പറയുന്നു. 

Read Also -  "കോഹ്ലിയുടെയും രോഹിതിന്റെയും നിഴലിനടിയിലാണ് അവന്റെ കരിയർ", ഇന്ത്യൻ താരത്തെ പറ്റി ആകാശ് ചോപ്ര.

ഇന്ത്യൻ ടീമിനെ സംബന്ധിച്ച് വളരെ നിർണായകമാണ് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര. പരമ്പരയ്ക്ക് ശേഷം ഇന്ത്യ ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് മത്സരങ്ങൾ കളിക്കും. ഇതിന് ശേഷം ഇന്ത്യ ഓസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫിയാണ് കളിക്കുക.

എല്ലാ ടെസ്റ്റ് മത്സരങ്ങളും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമാണ്. അതിനാൽ തന്നെ എല്ലാ മത്സരങ്ങളിലും തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് ഇത്തവണത്തെ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്താൻ സാധിക്കു. മറുവശത്ത് വലിയ ആത്മവിശ്വാസം തന്നെയാണ് ബംഗ്ലാദേശ് താരങ്ങൾ ഇതിനോടകം പങ്കുവെച്ചിരിക്കുന്നത്.

Scroll to Top