ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ഒരുപാട് വിവാദങ്ങളാണ് ഉണ്ടായിരിക്കുന്നത്. പല മുൻ താരങ്ങളും ഇന്ത്യ വിരാട് കോഹ്ലിയും രോഹിത് ശർമയേയും തിരികെ കൊണ്ടുവന്നതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. ഇതിൽ പ്രധാനിയാണ് മുൻ ഇന്ത്യൻ താരം ദീപ്ദാസ് ഗുപ്ത.
രോഹിത് ശർമയും വിരാട് കോഹ്ലിയും ഇന്ത്യയുടെ ട്വന്റി20 ടീമിലേക്ക് തിരികെ വന്നത് തനിക്ക് ഒരുപാട് അത്ഭുതമുണ്ടാക്കി എന്നാണ് ദീപ്ദാസ് ഗുപ്ത പറയുന്നത്. 2022 ലോകകപ്പിന് ശേഷം ഇരു താരങ്ങളും ഇന്ത്യയുടെ കുട്ടി ക്രിക്കറ്റിൽ കളിച്ചിരുന്നില്ല. ശേഷമാണ് ഇപ്പോൾ ഇരുവർക്കും ഇന്ത്യ വീണ്ടും അവസരം നൽകുന്നത്. 2024 ലോകകപ്പ് മുന്നിൽ കണ്ടാണ് ഇന്ത്യ ഇരുവരെയും സമീപിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ കോഹ്ലിയും രോഹിത്തും തിരിച്ചെത്തിയതോടെ ഇന്ത്യ വീണ്ടും ഒന്നിൽ നിന്ന് തുടങ്ങേണ്ട അവസ്ഥയിലാണ് എന്ന് ദീപ്ദാസ് ഗുപ്ത പറയുന്നു. “ടീം സെലക്ഷന്റെ വാർത്തകൾ കേട്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. എന്തെന്നാൽ ഞാൻ കരുതിയത് ഇന്ത്യൻ രോഹിത്തിലും കോഹ്ലിയിലും നിന്ന് ഒരുപാട് മുൻപിലേക്ക് പോയി എന്നാണ്. കഴിഞ്ഞ ലോകകപ്പിൽ ഈ താരങ്ങൾ നേരിട്ട പ്രധാനപ്പെട്ട വിമർശനം ആക്രമണ മനോഭാവമില്ല എന്നതായിരുന്നു.”
“പക്ഷേ വീണ്ടും ഇന്ത്യ ഇവരെ ടീമിലെത്തിച്ചു. ഏതുതരം പിച്ചുകളാണ് വെസ്റ്റിൻഡീസിലും അമേരിക്കയിലും ഉണ്ടാവുക എന്നതിനെപ്പറ്റി പൂർണമായ ബോധ്യം എന്തായാലും ഇന്ത്യയ്ക്ക് വേണം. സത്യസന്ധമായി പറഞ്ഞാൽ കഴിഞ്ഞ ഒരു വർഷത്തെ ഇന്ത്യയുടെ പ്രകടനങ്ങൾ വച്ചുനോക്കുമ്പോൾ ഏത് ദിശയിലേക്കാണ് ടീം പോകുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.”
” അവർക്ക് കൃത്യമായി രോഹത്തിലേക്കും കോഹ്ലിയിലേക്കും തിരിച്ചു പോകണമെങ്കിൽ കഴിഞ്ഞ ഒരു വർഷം ഈ താരങ്ങളെയും ടീമിൽ കളിപ്പിക്കണമായിരുന്നു. ഇത് വീണ്ടും ഒന്നിൽ നിന്ന് തുടങ്ങേണ്ട അവസ്ഥയിലാണ്.”- ദീപ്ദാസ് ഗുപ്ത പറയുന്നു.
“2022 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇറങ്ങിയ ടീം നമുക്ക് പരിശോധിക്കാം. ശേഷം ഓസ്ട്രേലിയക്കെതിരെ കഴിഞ്ഞ പരമ്പരയും പരിശോധിക്കണം. ഹർദിക്, ജഡേജ, സിറാജ്, ബുമ്ര എന്നിവർ ടീമിലേക്ക് തിരികെ എത്തിയിട്ടുണ്ട്. പക്ഷേ മധ്യനിര എന്നും അതുതന്നെയാണ്. കോഹ്ലി മൂന്നാം നമ്പറിലും, സൂര്യ നാലാം നമ്പറിലും, ഹർദിക് അഞ്ചാം നമ്പറിലും കളിക്കുന്നു.”
” ജിതേഷോ സഞ്ജുവോ ആറാം നമ്പറിൽ കളിക്കും. ശേഷം ജഡേജയും ബാക്കിയുള്ളവരും. മധ്യനിരയിൽ യാതൊരുതരം മാറ്റങ്ങളും ഇന്ത്യയ്ക്ക് വന്നിട്ടില്ല എന്ന് ഇതിൽ നിന്ന് മനസ്സിലാവും.”- ദീപ്ദാസ് ഗുപ്ത കൂട്ടിച്ചേർക്കുന്നു.
നിലവിൽ അഫ്ഗാനിസ്ഥാനെതിരായ 3 ട്വന്റി20 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. രോഹിത് ശർമയാണ് പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. 2007ലെ ആദ്യ ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യയ്ക്ക് മറ്റൊരു ലോകകപ്പ് സ്വന്തമാക്കാൻ സാധിച്ചിട്ടില്ല.
പലതവണ ഇന്ത്യ സെമി ഫൈനലുകളിൽ എത്തിയിട്ടുണ്ടെങ്കിലും പലയിടത്തും പരാജയപ്പെടുന്നതാണ് കാണാൻ സാധിച്ചത്. ഇതിൽ വലിയൊരു മാറ്റം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യ ഇറങ്ങുന്നത്.