2024 ട്വന്റി20 ലോകകപ്പ് സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യൻ നായകൻ രോഹിത് ശർമ, സീനിയർ താരങ്ങളായ വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവർ ട്വന്റി20 ക്രിക്കറ്റിൽ നിന്ന് തങ്ങളുടെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇനി ഏകദിന ടെസ്റ്റ് മത്സരങ്ങളിൽ മാത്രമാവും ഈ 3 താരങ്ങളും കളിക്കുക.
ഈ താരങ്ങൾക്ക് പകരക്കാരെ കണ്ടെത്തുക എന്നത് ഇന്ത്യൻ ടീമിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത താരങ്ങളാണ് വിരാട് കോഹ്ലിയും രോഹിത് ശർമയും. അതിനാൽ ഇരുവർക്കും പകരമാവുക എന്നത് മറ്റൊരു താരത്തിനും സാധിക്കാത്തതാണ്. ഇതിനെപ്പറ്റിയാണ് മുൻ സിംബാബ്വെ താരം ഹാമിൾട്ടൺ മസകഡ്സ ഇപ്പോൾ സംസാരിക്കുന്നത്.
ഇന്ത്യ പോലെ പ്രതിഭകൾ ഒരുപാടുള്ള രാജ്യത്ത് ഇരുവർക്കും പകരക്കാരെ കണ്ടെത്തുക എന്നത് വലിയ ബുദ്ധിമുട്ടുണ്ടാകില്ല എന്ന് മസകഡ്സ പറയുകയുണ്ടായി. ഇന്ത്യയുടെ ടീം വളരെ ശക്തമാണെന്നും ഒരുപാട് താരങ്ങൾ ഉള്ളതിനാൽ തന്നെ പകരക്കാരെ കണ്ടെത്തുക എന്നത് അനായാസമാണ് എന്നും മസകഡ്സ പറയുകയുണ്ടായി. “ഇത്തരം താരങ്ങളെ കണ്ടെത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നത് ശരിയാണ്. പക്ഷേ ഇന്ത്യൻ ക്രിക്കറ്റിൽ വിശാല സാധ്യതകൾ നിലനിൽക്കുന്നുണ്ട്. ഒരുപാട് പ്രതിഭകൾ നിലവിലെ ടീമിലുണ്ട്. അതിനാൽ തന്നെ ഈ സീനിയർ താരങ്ങൾക്ക് പകരക്കാരെ കണ്ടെത്തുക എന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുണ്ടാകില്ല എന്നാണ് ഞാൻ കരുതുന്നത്. പക്ഷേ ഇത്തരത്തിൽ കോഹ്ലിയുടെയും രോഹിത്തിന്റെയും നിലയിലെത്താൻ സാധിക്കുന്ന താരങ്ങളെ കണ്ടെത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയായിരിക്കും”- മസകഡ്സ പറഞ്ഞു.
നിലവിൽ യുവതാരങ്ങളായ ശുഭ്മാൻ ഗിൽ, ജയസ്‌വാൾ എന്നിവരാണ് ഇവർക്ക് പകരക്കാരായി എത്താൻ സാധ്യതയുള്ള താരങ്ങൾ എന്ന് മസകഡ്സ സൂചിപ്പിക്കുകയുണ്ടായി. “ശുഭ്മാൻ ഗിൽ വരുന്ന മത്സരങ്ങളിൽ ഏതു തരത്തിൽ കളിക്കും എന്നുള്ള ആകാംക്ഷ എനിക്കുണ്ട്. ക്രിക്കറ്റിന്റെ 3 ഫോർമാറ്റിലും അവന്റെ ബാറ്റിംഗ് ഞാൻ കണ്ടിട്ടുണ്ട്. അവന്റെ ബാറ്റിംഗ് ശൈലി നന്നായി ആസ്വദിക്കാൻ എനിക്ക് സാധിക്കുന്നുണ്ട്. എല്ലാത്തരത്തിലും മുൻപോട്ടു വരാൻ കഴിവുള്ള താരമാണ് ഗിൽ. മാത്രമല്ല ജയസ്വാളും വളരെ മികച്ച രീതിയിലാണ് തന്റെ കരിയർ ആരംഭിച്ചത്. അതിനാൽ രോഹിത്തിന്റെയും കോഹ്ലിയുടെയും അഭാവം ഇല്ലാതാക്കാൻ ഇരു ബാറ്റർമാർക്കും സാധിക്കുമെന്ന് ഞാൻ കരുതുന്നു.”- മസകഡ്സ കൂട്ടിച്ചേർത്തു.
നിലവിൽ യുവതാരങ്ങൾ അടങ്ങിയ നിരയാണ് ഇന്ത്യയുടെ സിംബാബ്വെയ്ക്കെതിരായ പരമ്പരയിൽ കളിക്കുന്നത്. ആദ്യ മത്സരത്തിൽ ദയനീയമായ പരാജയം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും രണ്ടാം മത്സരത്തിൽ ശക്തമായി തിരിച്ചുവരവാണ് ഇന്ത്യയുടെ യുവനിര നടത്തിയിരിക്കുന്നത്. രണ്ടാം മത്സരത്തിൽ ഇന്ത്യക്കായി അഭിഷേക് ശർമ സെഞ്ച്വറി സ്വന്തമാക്കുകയുണ്ടായി. ഇതൊക്കെയും ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷകളാണ് നൽകുന്നത്. അടുത്ത വർഷങ്ങളിൽ ട്വന്റി20യിൽ യുവതാരങ്ങളെ അണിനിരത്തി മികച്ച ഒരു ടീം കെട്ടിപ്പടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ഇപ്പോൾ