കഴിഞ്ഞ 11 വർഷങ്ങളിൽ ഒരുപാട് പരിഹാസങ്ങൾ ഏറ്റുവാങ്ങിയ രാജ്യമാണ് ഇന്ത്യ. പല ഐസിസി ടൂർണമെന്റുകളിലും മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും, നോകൗട്ട് മത്സരങ്ങളിൽ പരാജയപ്പെട്ട് ഇന്ത്യ പുറത്താകുന്നതായിരുന്നു കണ്ടത്. എന്നാൽ 2024 ട്വന്റി20 ലോകകപ്പിൽ ഈ ക്ഷീണം ഇന്ത്യ മാറ്റിയിരിക്കുകയാണ്.
രോഹിത് ശർമയുടെ കീഴിൽ മികച്ച പ്രകടനങ്ങളുമായി 2024 ട്വന്റി20 ലോകകപ്പ് സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ലോകകപ്പ് സ്വന്തമാക്കിയതിന് പിന്നാലെ രോഹിത് ശർമ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവർ ട്വന്റി20 ക്രിക്കറ്റിൽ നിന്ന് തങ്ങളുടെ വിരമിക്കലും പ്രഖ്യാപിക്കുകയുണ്ടായി. ഇത് വളരെ വികാരഭരിതമായാണ് ഇന്ത്യൻ ക്രിക്കറ്റ് നോക്കി കണ്ടത്.
ഈ താരങ്ങളുടെ അഭാവം ഇന്ത്യയെ വലിയ രീതിയിൽ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കാരണം പകരം വയ്ക്കാൻ മറ്റാരുമില്ലാത്ത താരങ്ങളാണ് മൂവരും. പക്ഷേ ഈ 3 താരങ്ങളുടെയും പകരക്കാരെ കണ്ടെത്താൻ ഇന്ത്യയ്ക്ക് അനായാസം സാധിക്കുമെന്നാണ് ഇപ്പോൾ മുൻ ഇംഗ്ലണ്ട് താരം മൈക്കിൾ വോൺ പറഞ്ഞിരിക്കുന്നത്.
ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വോൺ വ്യക്തമാക്കിയത്. ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് കോഹ്ലിയും രോഹിത്തും വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും ഇവർ മറ്റു ഫോർമാറ്റുകളിൽ അണിനിരക്കും എന്ന് വോൺ വിശ്വസിക്കുന്നു.
“അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളിൽ രോഹിത് ശർമയുടെ സ്ഥാനം ഏറ്റവും മികച്ച താരങ്ങൾക്കൊപ്പം തന്നെയാണ്. വളരെ മികച്ച നായകനാണ് രോഹിത് ശർമ. വിരാടിനെ പറ്റി പറയുകയാണെങ്കിൽ, ഇന്ത്യയെ സംബന്ധിച്ച് എപ്പോഴും ആശ്രയിക്കാവുന്ന ഒരു മികച്ച ബാറ്റർ തന്നെയായിരുന്നു അവൻ. എന്നാൽ ഇവർ രണ്ടുപേരും ഇനിയും ടെസ്റ്റ് ക്രിക്കറ്റും ഏകദിനവും ഐപിഎൽ മത്സരങ്ങളും ഒക്കെ കളിക്കുമെന്നാണ് ഞാൻ കരുതുന്നത്. അതിനാൽ ഇവരിൽ നിന്ന് ഇനിയും ഒരുപാട് കാര്യങ്ങൾ നമുക്ക് പ്രതീക്ഷിക്കാൻ സാധിക്കും.”- മൈക്കിൾ വോൺ പറയുന്നു.
“രവീന്ദ്ര ജഡേജയാവട്ടെ, അന്താരാഷ്ട്ര ട്വന്റി20യിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളാണ്. അതുകൊണ്ട് ഇത്തരമൊരു വിരമിക്കലാണ് ഇവർക്ക് അനുയോജ്യമായിട്ടുള്ളത്. പക്ഷേ ഇനിയും ഐസിസി ട്രോഫികൾ നേടാൻ ഇവർക്ക് സാധിക്കണമായിരുന്നു. 2007 ലോകകപ്പ് സ്വന്തമാക്കാൻ രോഹിത്തിന് സാധിച്ചിട്ടുണ്ട്. ശേഷം 17 വർഷങ്ങൾ രോഹിത്തിന് കാത്തിരിക്കേണ്ടിവന്നു.
ഐസിസി ട്രോഫി കയ്യിലെടുത്തു കൊണ്ടുള്ള വിരമിക്കൽ വളരെ മികച്ചതാണ്. ഇനി ഇവർ ടെസ്റ്റ് ക്രിക്കറ്റും ഏകദിനവും ഐപിഎല്ലും കളിക്കട്ടെ. ക്രിക്കറ്റ് ചരിത്രത്തിലെ ഈ 3 ഇതിഹാസ താരങ്ങളെയും ഇന്ത്യ വരും നാളുകളിൽ മിസ്സ് ചെയ്യും. പക്ഷേ ഇവർക്ക് അനായാസം പകരക്കാരെ കണ്ടെത്താനും ഇന്ത്യയ്ക്ക് സാധിക്കും. കാരണം അത്രമാത്രം പ്രതിഭകളുള്ള നിരയാണ് ഇന്ത്യ.”- വോൺ കൂട്ടിച്ചേർത്തു.