രാഹുൽ ലോകകപ്പിൽ സ്ഥാനമുറപ്പിയ്ക്കുകയാണ്. സഞ്ജുവിന് പണി കിട്ടുമോ?. പ്രശംസകളുമായി ഉത്തപ്പ.

ചെന്നൈയ്ക്കെതിരായ ഐപിഎൽ മത്സരത്തിൽ ഒരു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമായിരുന്നു ലക്നൗവിന്റെ നായകൻ കെഎൽ രാഹുൽ കാഴ്ചവച്ചത്. മത്സരത്തിൽ ചെന്നൈയുടെ ബോളർമാരെ പൂർണ്ണമായും ആക്രമണ ശൈലിയിൽ നേരിടാൻ രാഹുലിന് സാധിച്ചു.

മത്സരത്തിൽ 53 പന്തുകളിൽ 82 റൺസാണ് രാഹുൽ നേടിയത്. രാഹുലിന്റെ ഈ വെടിക്കെട്ട് ബാറ്റിങ്ങിന്റെ ബലത്തിൽ 8 വിക്കറ്റുകളുടെ വിജയവും ലക്നൗ സ്വന്തമാക്കുകയുണ്ടായി. ലക്നൗവിന്റെ കഴിഞ്ഞ 3 മത്സരങ്ങളിലും രാഹുലിൽ നിന്ന് ഇത്തരത്തിൽ വമ്പൻ പ്രകടനങ്ങളാണ് ഉണ്ടായിട്ടുള്ളത്.

ഈ സാഹചര്യത്തിൽ രാഹുലിനെ ഇന്ത്യ തങ്ങളുടെ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തണമെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ.

മത്സരത്തിലെ രാഹുലിന്റെ ഇന്നിംഗ്സ് വലിയ ആവേശം നൽകിയതാണ് എന്ന് ഉത്തപ്പ പറയുകയുണ്ടായി. എല്ലായിപ്പോഴും ബോളിനെതിരെ പ്രതികരിക്കാൻ മാത്രമാണ് രാഹുൽ ശ്രമിച്ചതെന്നും, അതിരുവിട്ട ഷോട്ടുകൾ ഉണ്ടായിട്ടില്ലയെന്നും ഉത്തപ്പ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാഹുൽ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിൽ ഉണ്ടാവുമോ എന്ന സംശയം തനിക്കുണ്ടായിരുന്നുവെന്നും, എന്നാൽ ഇന്ന് അത് ഇല്ലാതായി എന്നുമാണ് ഉത്തപ്പ കൂട്ടിച്ചേർത്തത്. ലക്നൗവിനായി കഴിഞ്ഞ 3 മത്സരങ്ങളിലും ഇത്തരത്തിൽ ആക്രമണ മനോഭാവത്തോടെയാണ് രാഹുൽ കളിക്കുന്നതെന്നും അത് ഇന്ത്യൻ ടീമിൽ രാഹുലിന് ഗുണം ചെയ്യുമെന്നുമാണ് ഉത്തപ്പ കരുതുന്നത്.

“വലിയ ആവേശം നൽകുന്ന ഇന്നിംഗ്സ് തന്നെയാണ് രാഹുലിൽ നിന്നുണ്ടായിട്ടുള്ളത്. സത്യസന്ധമായി പറഞ്ഞാൽ ഈ ഇന്നിംഗ്സിലെ ഏറ്റവും വലിയ പ്രത്യേകത രാഹുൽ ബോളിനനുസരിച്ച് പ്രതികരിച്ചു എന്നുള്ളതാണ്. ഒരുപാട് കാര്യങ്ങൾ മത്സരത്തിൽ ചെയ്യാൻ രാഹുൽ ശ്രമിച്ചില്ല. തന്റേതായ രീതിയിൽ ഷോട്ടുകൾ സൃഷ്ടിച്ചെടുക്കാനും രാഹുൽ ശ്രമിച്ചില്ല.”

“എല്ലായിപ്പോഴും ഫീൽഡിനും ബോളിനുമെതിരെ പ്രതികരിക്കുക എന്നത് മാത്രമാണ് മത്സരത്തിൽ രാഹുൽ ചെയ്തത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാഹുലിന്റെ കാര്യത്തിൽ എനിക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു. രാഹുൽ ലോകകപ്പിനുള്ള സ്ക്വാഡിൽ അണിനിരക്കുമോ എന്ന രീതിയിൽ പോലും ഞാൻ ചിന്തിച്ചിരുന്നു. പക്ഷേ ഇത്തരത്തിലാണ് രാഹുൽ ബാറ്റ് ചെയ്യുന്നതെങ്കിൽ ഉറപ്പായും അവന് ട്വന്റി20 ലോകകപ്പ് സ്ക്വാഡിൽ ഇടം ലഭിക്കും. ഒരു റിസർവ് ഓപ്പണറും വിക്കറ്റ് കീപ്പറുമായി ഇന്ത്യക്കായി സ്‌ക്വാഡിൽ ഇടംകണ്ടെത്താൻ രാഹുലിന് സാധിക്കും.”- ഉത്തപ്പ പറഞ്ഞു.

“അതിമനോഹരമായ ബാറ്റിംഗ് ശൈലിയാണ് രാഹുലിനുള്ളത്. കാഴ്ചക്കാർക്ക് വലിയ രീതിയിൽ സന്തോഷം നൽകുന്ന പ്രകടനമാണ് രാഹുൽ കാഴ്ചവയ്ക്കുന്നത്. രാഹുൽ കളിക്കുന്നത് കാണുന്നത് തന്നെ ആവേശമാണ്. അവൻ കളിക്കുന്ന എല്ലാ ഷോട്ടുകളും നമുക്ക് വ്യത്യസ്തമായ അനുഭവസമ്പത്ത് നൽകുന്നുണ്ട്. അപ്പർകട്ട്, ബാക്ക്ഫുട്ട് പഞ്ച്, എക്സ്ട്രാ കവറിലൂടെ നേടുന്ന സിക്സറുകൾ ഇത്തരം നൂതന ഷോട്ടുകളിലും രാഹുൽ മികവ് പുലർത്തുന്നു. അത്രമാത്രം മികച്ച താരമാണ് രാഹുൽ.”-ഉത്തപ്പ കൂട്ടിച്ചേർക്കുന്നു.

Previous article160 റൺസിൽ ചെന്നൈയെ ഒതുക്കാൻ നോക്കി, പക്ഷേ ധോണി ഞങ്ങളെ ഞെട്ടിച്ചു. രാഹുൽ തുറന്ന് പറയുന്നു.
Next articleഅടിയോടടി. പിറന്നത് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്കോര്‍