ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ശക്തമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് ഇന്ത്യ. ബോളിങ്ങിന് പൂർണമായും അനുകൂലമായ പിച്ചിൽ 245 റൺസാണ് ഇന്ത്യ തങ്ങളുടെ ആദ്യ ഇന്നിങ്സിൽ നേടിയത്. അവിസ്മരണീയ സെഞ്ച്വറി സ്വന്തമാക്കിയ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ കെഎൽ രാഹുലാണ് മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിന്റെ നെടുംതൂണായത്. മറ്റു ബാറ്റർമാർ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും രാഹുലിന്റെ മികവിൽ ഇന്ത്യ ഭേദപ്പെട്ട സ്കോറിൽ എത്തുകയായിരുന്നു. മറുവശത്ത് ദക്ഷിണാഫ്രിക്കയ്ക്കായി പേസർമാർ ഒക്കെയും മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. 5 വിക്കറ്റുകൾ നേടിയ റബാഡയാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് വളരെ മോശം തുടക്കമായിരുന്നു ലഭിച്ചത്. തുടക്കത്തിൽ തന്നെ നായകൻ രോഹിത്തിന്റെയും(5) ശുഭമാൻ ഗില്ലിന്റെയും(2) വിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്ടമായി. ശേഷം വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും ചേർന്നാണ് ആദ്യദിവസം ഇന്ത്യയെ കൈപിടിച്ചു കയറ്റിയത്. നാലാം വിക്കറ്റിൽ ഒരു തരക്കേടില്ലാത്ത കൂട്ടുകെട്ട് ഇരുവരും ചേർന്ന് ഇന്ത്യക്കായി കെട്ടിപ്പടുത്തു. വിരാട് മത്സരത്തിൽ 38 റൺസ് നേടിയപ്പോൾ, ശ്രേയസ് 31 റൺസാണ് നേടിയത്. എന്നാൽ ആദ്യ ദിവസത്തെ ലഞ്ചിന് ശേഷം ഇരുവരും കൂടാരം കയറിയത് ഇന്ത്യയെ ബാധിക്കുകയായിരുന്നു. അവിടെ നിന്നാണ് രാഹുൽ ഇന്ത്യയെ കൈപിടിച്ചു കയറ്റിയത്.
തന്റെ ഇന്നിംഗ്സിന്റെ ആദ്യ ഭാഗം മുതൽ വളരെ കരുതലോടെയാണ് രാഹുൽ കളിച്ചത്. ദക്ഷിണാഫ്രിക്കൻ ബോളർമാരെ വളരെ പക്വതയോടെ നേരിടാൻ രാഹുലിന് സാധിച്ചു. വാലറ്റ ബാറ്റർമാരെ കൂട്ടുപിടിച്ച് ഇന്ത്യൻ ഇന്നിംഗ്സ് മുൻപോട്ടു കൊണ്ടുപോകാനും രാഹുലിന് സാധിച്ചിരുന്നു. തന്റെ ടെസ്റ്റ് കരിയറിലെ എട്ടാം സെഞ്ചുറിയാണ് രാഹുൽ മത്സരത്തിൽ നേടിയത്. 137 പന്തുകളിൽ നിന്ന് 101 റൺസാണ് രാഹുൽ മത്സരത്തിൽ നേടിയത്. 14 ബൗണ്ടറികളും 4 സിക്സറുകളും രാഹുലിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. ഇങ്ങനെ ഇന്ത്യ മത്സരത്തിൽ ശക്തമായ ഒരു സ്കോറിൽ എത്തുകയായിരുന്നു.
245 റൺസാണ് ഇന്ത്യ തങ്ങളുടെ ആദ്യ ഇന്നിങ്സിൽ നേടിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കക്കായി പേസ് ബോളർമാരൊക്കെയും മികച്ച പ്രകടനം പുറത്തെടുക്കുകയുണ്ടായി. 5 വിക്കറ്റുകൾ സ്വന്തമാക്കിയ റബാഡയാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. അരങ്ങേറ്റക്കാരനായ ബർഗർ 3 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. ബോളിങ്ങിന് അനുകൂലമായ പിച്ചിൽ 245 എന്ന സ്കോർ സ്വന്തമാക്കാൻ സാധിച്ചത് ഇന്ത്യയെ സംബന്ധിച്ച് ആശ്വാസകരമാണ്. നിലവിൽ വളരെ മികച്ച ഒരു പേസ് നിരയാണ് ഇന്ത്യൻ ടീമിനുള്ളത്.