രാജസ്ഥാൻ റോയൽസ് 2025 ഐപിഎല്ലിൽ നിലനിർത്താന്‍ സാധ്യതയുള്ള 5 താരങ്ങൾ.

sanju ipl 2024

സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസിനെ സംബന്ധിച്ച് വളരെ നിരാശാജനകമായ ഒരു ഐപിഎൽ സീസനാണ് അവസാനിച്ചിരിക്കുന്നത്. ടൂർണമെന്റിന്റെ ആദ്യപാദത്തിൽ മികച്ച രീതിയിൽ ആരംഭിക്കാൻ രാജസ്ഥാൻ റോയൽസിന് സാധിച്ചിരുന്നു. ആദ്യ 9 മത്സരങ്ങളിൽ എട്ടെണ്ണത്തിലും വിജയം നേടിയാണ് രാജസ്ഥാൻ ഒന്നാം സ്ഥാനത്തെത്തിയത്.

പക്ഷേ പിന്നീടുള്ള മത്സരങ്ങളിൽ തുടർച്ചയായി പരാജയം ഏറ്റുവാങ്ങുകയും, രണ്ടാം ക്വാളിഫയറിൽ ഹൈദരാബാദിനെതിരെ പരാജയപ്പെട്ട് രാജസ്ഥാൻ പുറത്താവുകയും ചെയ്തു. ശേഷം അടുത്ത വർഷത്തെ ഐപിഎല്ലിന് മുൻപായി വലിയ രീതിയിലുള്ള മാറ്റങ്ങൾ രാജസ്ഥാൻ ടീമിലുണ്ടാകും എന്ന കാര്യം ഉറപ്പാണ്. ഇത്തരത്തിൽ അടുത്ത വർഷത്തേക്ക് രാജസ്ഥാൻ റോയൽസ് തങ്ങളുടെ ടീമിൽ നിലനിർത്താൻ സാധ്യതയുള്ള താരങ്ങളെ പരിശോധിക്കാം.

1. സഞ്ജു സാംസൺ

രാജസ്ഥാൻ റോയൽസ് അടുത്ത ഐപിഎൽ ലേലത്തിൽ നിലനിർത്തുമെന്ന് ഉറപ്പുള്ള ഒരു താരമാണ് മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ. ഈ സീസണിലും കയ്യും മെയ്യും മറന്ന് രാജസ്ഥാനായി പൊരുതിയ താരം കൂടിയാണ് സഞ്ജു. 2024 ഐപിഎല്ലിൽ 531 റൺസാണ് സഞ്ജു നേടിയിട്ടുള്ളത്. 48.27 എന്ന ഉയർന്ന ശരാശരിയും സഞ്ജു സാംസനുണ്ട്. മാത്രമല്ല നായകനെന്ന ടീമിനെ മുന്നിൽ നിന്ന് നയിക്കാനും സഞ്ജുവിന് ഈ സീസണിൽ സാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ രാജസ്ഥാൻ ആദ്യം നിലനിർത്തുന്ന താരം സഞ്ജു സാംസൺ തന്നെയായിരിക്കും.

2. ജോസ് ബട്ലർ

സഞ്ജുവിനെപ്പോലെ തന്നെ രാജസ്ഥാൻ ടീമിലെ ഒരു അവിഭാജ്യ ഘടകമാണ് ജോസ് ബട്ലർ. ഇംഗ്ലണ്ടിന്റെ ഇത്തവണത്തെ ലോകകപ്പ് നായകനായ ബട്ലർ രാജസ്ഥാൻ റോയൽസ് ടീമിലും കൃത്യമായ ഉത്തരവാദിത്വം വഹിക്കുന്നുണ്ട്. ടീമിന് ആവശ്യമുള്ളപ്പോഴൊക്കെ ബട്ലറുടെ വെടിക്കെട്ട് ഉണ്ടായിട്ടുണ്ട്. ഈ സീസണിന്റെ പ്ലേയോഫിൽ ബട്ലർ രാജസ്ഥാനായി കളിച്ചിരുന്നില്ല. ഇതാണ് രാജസ്ഥാനെ പ്ലെയോഫിൽ വലിയ രീതിയിൽ ബാധിച്ച കാര്യം. അതിനാൽ തന്നെ അടുത്ത സീസണിലും രാജസ്ഥാൻ ബട്ലറെ നിലനിർത്തുമെന്ന കാര്യം ഉറപ്പാണ്.

Read Also -  പല പരിശീലകർക്ക് കീഴിൽ കളിച്ചിട്ടുണ്ട്, പക്ഷേ ഗംഭീർ വ്യത്യസ്തൻ. കാരണം പറഞ്ഞ് സഞ്ചു സാംസണ്‍.

3&4. യശസ്വി ജയ്സ്വാളും റിയാൻ പരഗും

രാജസ്ഥാൻ റോയൽസിനായി മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടുള്ള താരം തന്നെയാണ് ജയ്സ്വാൾ. ഇതേപോലെയാണ് പരാഗും. ഇരു താരങ്ങളും രാജസ്ഥാന്റെ ഈ സീസണിലെ നട്ടെല്ല് തന്നെയായിരുന്നു. ജയസ്വാൾ നിലവിൽ ഇന്ത്യയുടെ ടീമിലേക്ക് എത്തിയിട്ടുണ്ട്. 2024 ഐപിഎല്ലിൽ തട്ടുപൊളിപ്പൻ പ്രകടനം കാഴ്ചവച്ച പരാഗും ഉടൻതന്നെ ഇന്ത്യൻ ടീമിൽ സ്ഥാനം കണ്ടെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുതാരങ്ങളും ഇന്ത്യയെ സംബന്ധിച്ച് ഭാവി തന്നെയാണ്. പരാഗ് ഈ സീസണിൽ 573 റൺസാണ് നേടിയിട്ടുള്ളത്. ഇത്തരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന രണ്ടു താരങ്ങളെയും രാജസ്ഥാൻ നിലനിർത്താൻ സാധ്യത ഏറെയാണ്.

5. സന്ദീപ് ശർമ

വളരെ നാടകീയമായ സംഭവങ്ങളാണ് സന്ദീപ് ശർമയെ സംബന്ധിച്ച് 2024 ഐപിഎല്ലിൽ ഉണ്ടായിരിക്കുന്നത്. ഐപിഎൽ ലേലത്തിൽ ആർക്കും വേണ്ടാത്ത താരമായിരുന്നു സന്ദീപ് ശർമ. എന്നാൽ ശേഷം രാജസ്ഥാൻ പേസർ പ്രസീദ് കൃഷ്ണയ്ക്ക് പരിക്കേൽക്കുകയും, പകരക്കാരനായി സന്ദീപ് ടീമിലേക്ക് എത്തുകയും ചെയ്തു.

ഈ സീസണിൽ 11 മത്സരങ്ങൾ കളിച്ച സന്ദീപ് 13 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. 8.18 എന്ന് എക്കണോമി റേറ്റാണ് സന്ദീപിനുള്ളത്. രാജസ്ഥാൻ റോയൽസ് പേസ് നിരയ്ക്ക് വലിയ ഊർജ്ജമാണ് സന്ദീപ് ശർമ ഇത്തവണ നൽകിയത്. അതിനാൽ തന്നെ അടുത്ത തവണ രാജസ്ഥാൻ നിലനിർത്താൻ സാധ്യതയുള്ള ഒരു താരമാണ് സന്ദീപ്.

Scroll to Top