ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം ക്വാളിഫയർ മത്സരത്തിൽ 36 റൺസിന്റെ പരാജയമായിരുന്നു രാജസ്ഥാൻ റോയൽസ് ഏറ്റുവാങ്ങിയത്. മത്സരത്തിലെ രാജസ്ഥാന്റെ പരാജയം സഞ്ജു സാംസനെ വലിയ രീതിയിൽ സമ്മർദ്ദത്തിലാക്കി. ബാറ്റിംഗിൽ 11 പന്തുകളിൽ 10 റൺസ് മാത്രമാണ് സഞ്ജുവിന് നേടാൻ സാധിച്ചത്. ശേഷം വലിയ രീതിയിലുള്ള വിമർശനങ്ങളും സഞ്ജുവിനെതിരെ ഉയർന്നിട്ടുണ്ട്.
മത്സരത്തിലെ രാജസ്ഥാൻ റോയൽസിന്റെ പരാജയത്തിന് പ്രധാന കാരണമായി മാറിയത് സഞ്ജു സാംസന്റെ തന്ത്രപരമായ പിഴവാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഹൈദരാബാദ് പരിശീലകനായ ടോം മൂഡി. മത്സരത്തിൽ കൃത്യമായ രീതിയിൽ ബാറ്റിംഗ് ലൈനപ്പ് ക്രമീകരിക്കുന്നതിൽ സഞ്ജു സാംസൺ പരാജയപ്പെട്ടു എന്നാണ് മൂഡി കരുതുന്നത്.
മത്സരത്തിൽ ധ്രുവ് ജൂറൽ രാജസ്ഥാൻ ടീമിലെ ടോപ്പ് സ്കോററായി മാറിയിരുന്നു. എങ്കിലും ജൂറലിന് മുൻപ് സഞ്ജു ഹെറ്റ്മയറെ ബാറ്റിംഗിന് അയക്കേണ്ടിയിരുന്നു എന്ന് മൂഡി പറയുന്നു. ഇടംകയ്യൻ സ്പിന്നർമാർ രാജസ്ഥാനെ വരിഞ്ഞു മുറുകുന്ന സമയത്ത് ഒരു ഇടംകയ്യൻ ബാറ്ററുടെ സാന്നിധ്യം അത്യാവശ്യമായിരുന്നു എന്ന് മൂഡി കൂട്ടിച്ചേർത്തു.
അങ്ങനെയെങ്കിൽ ഒരുപക്ഷേ സ്പിന്നിനെതിരെ ആക്രമണം അഴിച്ചുവിടാൻ ഹെറ്റ്മയർക്ക് സാധിച്ചേനെ എന്നാണ് മൂഡി കരുതുന്നത്. ഇവിടെ സഞ്ജു കാട്ടിയ മണ്ടത്തരം രാജസ്ഥാനെ വലിയ രീതിയിൽ തന്നെ ബാധിക്കുകയായിരുന്നു എന്ന് മൂഡി പറയുന്നു. മാത്രമല്ല കളി തിരിയാൻ കാരണവും ഈ തീരുമാനമായിരുന്നു എന്നാണ് അദ്ദേഹം കരുതുന്നത്.
“ആ സമയത്ത് ജൂറലിന് പകരം ഹെറ്റ്മയറായിരുന്നു ക്രീസിൽ എത്തേണ്ടിയിരുന്നത്. ഇടംകയ്യനായ ഹെറ്റ്മയറെ ആദ്യം തന്നെ മൈതാനത്ത് ഇറക്കാതിരുന്നത് വലിയ വിഡ്ഢിത്തമായി. കാരണം ആ സമയത്ത് രണ്ട് ഇടംകയ്യൻ സ്പിന്നർമാനാണ് രാജസ്ഥാനെ സമ്മർദ്ദത്തിൽ ആക്കിയിരുന്നത്. ഇടംകയ്യനായ ഹെറ്റ്മയർക്ക് ആ സമയത്ത് അത് പ്രതിരോധിക്കാൻ സാധിക്കുമായിരുന്നു. അവിടെയാണ് മത്സരം തിരിഞ്ഞത്. നേരത്തെ തന്നെ ഹെറ്റ്മയറെ ക്രീസിൽ എത്തിച്ചശേഷം തന്റേതായ രീതിയിൽ സ്വാഭാവികമായി കളിക്കാൻ ആവശ്യപ്പെടേണ്ടിയിരുന്നു.
അങ്ങനെയെങ്കിൽ ഈ രണ്ട് ഇടംകയ്യൻ സ്പിന്നർമാർ കളിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നത് തടയാനും അവന് സാധിച്ചേനെ. ഹെറ്റ്മയർഒരു ഇടംകയ്യൻ ബോളറുടെ പന്തിലാണ് പുറത്തായതെന്ന് ഒരുപക്ഷേ ആളുകൾ പറയും. പക്ഷേ ആ സമയത്ത് മത്സരം പൂർണമായും രാജസ്ഥാന്റെ കയ്യിൽ നിന്ന് അകന്നു പോയിരുന്നു. മാത്രമല്ല അവൻ പുറത്തായത് ഒരു മികച്ച പന്തിൽ തന്നെയായിരുന്നു. ഇതെന്തായാലും രാജസ്ഥാന് പറ്റിയ വലിയ പിഴവാണ്.”- മൂഡി പറയുന്നു.
മുൻപ് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ് സഞ്ജുവിന്റെ ഈ പിഴവിനെ വിമർശിക്കുകയുണ്ടായി. ഹെറ്റ്മയർ നേരത്തെ ഇറങ്ങിയിരുന്നുവെങ്കിൽ സ്പിന്നർമാർക്കെതിരെ ആക്രമണം അഴിച്ചുവിടാൻ സാധിക്കുമായിരുന്നു എന്നാണ് സേവാഗും പറഞ്ഞത്. ഇത്തരത്തിൽ ഹെറ്റ്മയറെ വൈകി ഇറക്കാനുള്ള തീരുമാനം തന്നെ അത്ഭുതപ്പെടുത്തി എന്ന് സേവാഗ് കൂട്ടിച്ചേർത്തു. മത്സരത്തിൽ ധ്രുവ് ജൂറലിനും അശ്വിനും ശേഷം ഏഴാം നമ്പറിൽ ആയിരുന്നു ഹെറ്റ്മയർ ബാറ്റിംഗിന് ഇറങ്ങിയത്. 10 പന്തുകൾ നേരിട്ട ഹെറ്റ്മയർക്ക് 4 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്