ഹൈദരാബാദിനെതിരായ രണ്ടാം ക്വാളിഫയറിൽ 36 റൺസിന്റെ പരാജയമാണ് സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ് നേരിട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് അർത്ഥസെഞ്ച്വറി നേടിയ ക്ലാസന്റെ ബലത്തിൽ 175 റൺസ് ആയിരുന്നു നേടിയത്. മറുപടി ബാറ്റിംഗിൽ സഞ്ജുവും കൂട്ടരും പതറുന്നതാണ് കാണാൻ സാധിച്ചത്.
രാജസ്ഥാൻ ബാറ്റർമാർക്ക് കൃത്യമായ രീതിയിൽ ഹൈദരാബാദിന്റെ ബോളിംഗ് മികവിനെ നേരിടാൻ സാധിച്ചില്ല. ഇതോടെ മത്സരത്തിൽ 36 റൺസിന്റെ പരാജയം രാജസ്ഥാൻ ഏറ്റുവാങ്ങുകയായിരുന്നു. ഇതോടെ രാജസ്ഥാൻ ടൂർണമെന്റൽ നിന്ന് പുറത്തായിട്ടുണ്ട്. മത്സരത്തിലെ പരാജയത്തെപ്പറ്റി രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ സംസാരിക്കുകയുണ്ടായി.
മത്സരത്തിൽ മഞ്ഞുതുള്ളികളുടെ സാന്നിധ്യം ഉണ്ടാവാതിരുന്നത് തങ്ങളുടെ കണക്കുകൂട്ടലിനെ ബാധിച്ചു എന്നാണ് സഞ്ജു പറഞ്ഞത്. “ഞങ്ങളെ സംബന്ധിച്ച് ഇതൊരു വലിയ മത്സരമായിരുന്നു. ആദ്യ ഇന്നിംഗ്സിൽ ഞങ്ങളുടെ ബോളർമാർ ബോൾ ചെയ്ത രീതി ഒരുപാട് അഭിമാനം ഉണ്ടാക്കുന്നതാണ്. ശേഷം അവരുടെ സ്പിന്നർമാർ പന്തറിഞ്ഞപ്പോൾ ഞങ്ങൾക്ക് പിടിച്ചുനിൽക്കാൻ സാധിച്ചില്ല.”
” അവിടെയാണ് ഞങ്ങൾക്ക് മത്സരം നഷ്ടമായത്. മത്സരത്തിൽ മഞ്ഞുതുള്ളികളുടെ സാന്നിധ്യം ഉണ്ടാവുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അത്തരം സാഹചര്യം ഇവിടെ ഉണ്ടായില്ല. അത് ഞങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. രണ്ടാം ഇന്നിങ്‌സിൽ വളരെ വ്യത്യസ്തമായാണ് ഇവിടെ പിച്ച് പെരുമാറിയത്.”- സഞ്ജു സാംസൺ പറഞ്ഞു.
“രണ്ടാം ഇന്നിങ്‌സിൽ സ്പിന്നർമാർക്ക് വലിയ രീതിയിലുള്ള ടേൺ ലഭിച്ചിരുന്നു. ഹൈദരാബാദിന്റെ സ്പിന്നർമാർ അത് വളരെ നന്നായി തന്നെ ഉപയോഗിച്ചു. ഞങ്ങളുടെ വലംകയ്യൻ ബാറ്റർമാർക്കെതിരെ, അവർ മധ്യ ഓവറുകളിൽ സ്പിന്നർമാരെ നന്നായി ഉപയോഗിക്കുകയുണ്ടായി. അവിടെയാണ് അവർ ഞങ്ങളെ കീഴടക്കിയത്.”
“അവരുടെ ഇടങ്കയ്യൻ സ്പിന്നർമാർക്കെതിരെ, ബോൾ കൃത്യമായി ടേൺ ചെയ്യുന്ന സമയത്ത് ഞങ്ങൾ കുറച്ചധികം നൂതന ഷോട്ടുകൾ കളിക്കേണ്ടതായിരുന്നു. അല്ലാത്തപക്ഷം കുറച്ചു നന്നായി ക്രീസ് ഉപയോഗിക്കാനെങ്കിലും ശ്രമിക്കണമായിരുന്നു. എന്നിരുന്നാലും അവർ നന്നായി പന്തറിഞ്ഞു എന്ന് പറയാതിരിക്കാൻ ആവില്ല.”- സഞ്ജു കൂട്ടിച്ചേർത്തു.
“ഈ സീസണിൽ മാത്രമല്ല കഴിഞ്ഞ മൂന്ന് സീസണുകളിലായി ഞങ്ങൾക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്നുണ്ട്. ഞങ്ങളുടെ ഫ്രാഞ്ചൈസിയെ സംബന്ധിച്ച് അത് ഒരുപാട് ഗുണം ചെയ്യുന്നു. രാജ്യത്തിനായി ഒരുപാട് യുവതാരങ്ങളെ കണ്ടെത്താനും ഞങ്ങൾക്ക് സാധിച്ചു. റിയാൽ പരഗ്, ജൂറൽ എന്നിവരൊക്കെയും വളരെ ആവേശം വിതറുന്ന താരങ്ങളാണ്.”
“രാജസ്ഥാന് മാത്രമല്ല ഇന്ത്യൻ ടീമിനും അവർ ഒരു വലിയ സമ്പത്താണ്. കഴിഞ്ഞ 3 വർഷങ്ങളിൽ ഇവരൊക്കെയും മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്. സന്ദീപ് ശർമ മത്സരത്തിൽ ബോൾ ചെയ്ത രീതിയും ഒരുപാട് സന്തോഷം ഉണ്ടാക്കുന്നുണ്ട്. ലേലത്തിൽ ആരും എടുക്കാൻ തയ്യാറാവാതിരുന്ന താരമാണ് സന്ദീപ് ശർമ. എന്നാൽ പകരക്കാരനായി വന്ന് മികച്ച രീതിയിൽ പന്തെറിയാൻ അവന് സാധിച്ചു.”- സഞ്ജു പറഞ്ഞു വെക്കുന്നു.