എല്ലാ വിവാദങ്ങൾക്കും ശേഷം രഞ്ജി ട്രോഫി ക്രിക്കറ്റിലേക്ക് എത്തിയ ശ്രേയസ് അയ്യർക്ക് നിരാശ. തമിഴ്നാടിനെതിരായ മുംബൈയുടെ രഞ്ജി ട്രോഫി സെമിഫൈനൽ മത്സരത്തിലാണ് ശ്രേയസ് അയ്യർ ക്രീസിലെത്തിയത്. എന്നാൽ മത്സരത്തിൽ വളരെ മോശം ബാറ്റിംഗ് പ്രകടനമാണ് അയ്യർ കാഴ്ചവച്ചത്.
8 പന്തുകൾ നേരിട്ട അയ്യർ മത്സരത്തിൽ കേവലം 3 റൺസ് മാത്രമാണ് നേടിയത്. മലയാളി പേസർ സന്ദീപ് വാര്യരുടെ പന്തിലായിരുന്നു ശ്രേയസ് അയ്യർ പുറത്തായത്. ക്ലീൻ ബൗൾഡായാണ് അയ്യർ കൂടാരം കയറിയത്. വലിയ വിവാദങ്ങൾക്ക് ശേഷം അയ്യർക്ക് വലിയ നിരാശ തന്നെയാണ് ഈ പ്രകടനം ഉണ്ടാക്കിയിരിക്കുന്നത്.
മുൻപ് ഇന്ത്യൻ ടീമിൽ വലിയ രീതിയിൽ പ്രശ്നങ്ങൾ നേരിട്ട താരമാണ് ശ്രേയസ് അയ്യർ. ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തിന് ശേഷം ശ്രേയസ് അയ്യരെ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. ശേഷം അയ്യരോട് ബിസിസിഐ രഞ്ജി ട്രോഫി കളിക്കാൻ ആവശ്യപ്പെട്ടെങ്കിലും പുറംവേദനയുടെ കാര്യം പറഞ്ഞ് അയ്യർ മാറിനിൽക്കുകയായിരുന്നു.
എന്നാൽ പിന്നീട് അയ്യർക്ക് പരിക്കില്ല എന്ന വിവരം ബിസിസിഐ മെഡിക്കൽ ടീം സ്ഥിരീകരിക്കുകയും, ശേഷം അയ്യരെ തങ്ങളുടെ കേന്ദ്ര കരാറിൽ നിന്നും മാറ്റിനിർത്തുകയും ചെയ്തിരുന്നു. പിന്നീടാണ് അയ്യർ ബിസിസിഐയുടെ നിർദ്ദേശപ്രകാരം രഞ്ജി ട്രോഫിയിൽ കളിക്കാൻ തീരുമാനിച്ചത്. ശേഷമാണ് ഇത്തരമൊരു അനുഭവം അയ്യരെ തേടിയെത്തിയത്.
തമിഴ്നാടിനെതിരായ സെമിഫൈനൽ മത്സരത്തിൽ മുംബൈയ്ക്ക് വളരെ മികച്ച തുടക്കം തന്നെയാണ് ലഭിച്ചിരിക്കുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത തമിഴ്നാടിനെ കേവലം 146 റൺസിന് പുറത്താക്കാൻ മുംബൈയ്ക്ക് സാധിച്ചിരുന്നു. 3 വിക്കറ്റുകൾ സ്വന്തമാക്കിയ തുഷാർ ദേശ്പാണ്ടെയാണ് മുംബൈക്കായി മികച്ച ബോളിംഗ് പ്രകടനം കാഴ്ചവച്ചത്.
മറുപടി ബാറ്റിംഗിൽ മുംബൈ തകർച്ചയോടെയാണ് തുടങ്ങിയത്. എന്നാൽ മുഷീർ ഖാൻ അർത്ഥസെഞ്ച്വറി നേടിയതോടെ മുംബൈ തങ്ങളുടെ ബാറ്റിംഗ് മികവിലേക്ക് തിരികെ എത്തുകയായിരുന്നു. പിന്നീട് നായകൻ രഹാനെ(19), ശ്രേയസ്(3) അയ്യർ എന്നിവർ ചെറിയ ഇടവേളയിൽ കൂടാരം കയറിയത് മുംബൈയെ ബാധിച്ചിരുന്നു.
പിന്നീടാണ് വാലറ്റത്ത് ഷർദുൽ താക്കൂർ തീയായി മാറിയത്. മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറി സ്വന്തമാക്കാൻ താക്കൂറിന് സാധിച്ചു. 104 പന്തുകളിൽ 13 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 109 റൺസാണ് താക്കൂർ സ്വന്തമാക്കിയത്. പിന്നാലെ പത്താമനായി ക്രീസിലെത്തിയ തനുഷ് കൊട്ടിയൻ വളരെ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു.
126 പന്തുകളിൽ 12 ബൗണ്ടറികളടക്കം 89 റൺസാണ് കൊട്ടിയൻ നേടിയത്. ഇതോടെ മുംബൈ തങ്ങളുടെ ആദ്യ ഇന്നിങ്സിൽ 378 എന്ന ശക്തമായ സ്കോറിൽ എത്തുകയായിരുന്നു. തമിഴ്നാടിന് മേൽ ശക്തമായ ഒരു ലീഡ് കണ്ടെത്താനും ഇതിനോടകം മുംബൈയ്ക്ക് സാധിച്ചിട്ടുണ്ട്.