രഞ്ജിയിലും പരാജയമായി ഇന്ത്യൻ മുൻനിര. രോഹിത് 3, ജയസ്വാൾ 4, അയ്യർ 11, ദുബെ 0.

അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിന് ശേഷം ആഭ്യന്തര ടെസ്റ്റ് ക്രിക്കറ്റിലും പൂർണ്ണമായും പതറി ഇന്ത്യൻ നായകൻ രോഹിത് ശർമയും സംഘവും. മുംബൈ ടീമിന്റെ ജമ്മു ആൻഡ് കാശ്മീരിനെതിരായ മത്സരത്തിന്റെ ആദ്യ ഇന്നിങ്സിലാണ് രോഹിത് ശർമ അടക്കമുള്ള ഇന്ത്യയുടെ മുൻനിര ബാറ്റർമാർ പൂർണമായും തകർന്നു വീണത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 19 പന്തുകൾ നേരിട്ട് രോഹിത് ശർമയ്ക്ക് 3 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. ജമ്മു താരം ഉമർ നസീറിന്റെ പന്തിൽ ദൊഗ്രയ്ക്ക് ക്യാച്ച് നൽകി രോഹിത് ശർമ മടങ്ങുകയാണ് ഉണ്ടായത്. ഇന്ത്യയുടെ മറ്റൊരു ഓപ്പണറായ ജയസ്വാളും മത്സരത്തിൽ മോശം പ്രകടനം കാഴ്ചവച്ചു.

8 പന്തുകൾ നേരിട്ട ജയസ്വാളിന് 4 റൺസ് മാത്രമാണ് ആദ്യ ഇന്നിങ്സിൽ നേടാൻ സാധിച്ചത്. മറ്റൊരു പ്രധാന താരമായി ശ്രേയസ് അയ്യരും വളരെ മോശം പ്രകടനമായിരുന്നു നടത്തിയത്. 7 പന്തുകളിൽ 11 റൺസ് മാത്രമാണ് അയ്യർ നേടിയത്. ശിവം ദുബെ പൂജ്യനായി കൂടി മടങ്ങിയതോടെ ഇന്ത്യയുടെ പ്രധാന താരങ്ങളൊക്കെയും മത്സരത്തിൽ പരാജയപ്പെട്ടു. കഴിഞ്ഞ സമയങ്ങളിൽ ടെസ്റ്റ് മത്സരങ്ങളിൽ വളരെ മോശം പ്രകടനമായിരുന്നു ഇന്ത്യയുടെ മുൻനിരയിലുള്ള ബാറ്റർമാരൊക്കെയും കാഴ്ചവച്ചത്. ഇതിന് ശേഷമാണ് ഇവർക്ക് ആഭ്യന്തര ക്രിക്കറ്റ് കളിക്കാനുള്ള അവസരം എത്തിയത്. എന്നാൽ ആഭ്യന്തര ക്രിക്കറ്റിലും തങ്ങളുടെ മോശം ഫോം രോഹിത് അടക്കമുള്ള ബാറ്റർമാർ ആവർത്തിച്ചിരിക്കുകയാണ്.

ഈ ബാറ്റർമാർ വലിയ പരാജയമായി മാറിയതോടെ മുംബൈ ടീം 7 വിക്കറ്റ് നഷ്ടത്തിൽ 47 എന്ന നിലവിൽ തകരുകയുണ്ടായി. പിന്നീട് ഷർദുൽ താക്കൂറും തനുഷ് കൊട്ടിയനും ചേർന്നാണ് മുംബൈയെ കൈപിടിച്ചു കയറ്റിയത്. താക്കൂർ മത്സരത്തിൽ മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു. 57 പന്തുകളിൽ 5 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 51 റൺസാണ് താക്കൂർ നേടിയത്. കൊട്ടിയൻ 26 റൺസ് മുംബൈക്കായി സ്വന്തമായി. ഇതോടെ മുംബൈയുടെ ഇന്നിംഗ്സ് 120 റൺസിൽ അവസാനിക്കുകയായിരുന്നു..

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും മുൻനിര ബാറ്റർമാരായ രോഹിത് ശർമ അടക്കമുള്ളവർ പതറിയിരുന്നു. 5 ഇന്നിങ്സുകളിൽ നിന്ന് രോഹിതിന് 31 റൺസ് മാത്രമാണ് പരമ്പരയിൽ നേടാൻ സാധിച്ചത്. ഇതിന് ശേഷം രോഹിത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയരുകയും പിന്നീട് രോഹിത്രഞ്ജി ട്രോഫി മത്സരം കളിക്കാൻ തീരുമാനിക്കുകയും ആയിരുന്നു. പക്ഷേ രഞ്ജിയിലും രോഹിത് മോശം ഫോം തുടരുന്നത് ആരാധകർക്ക് ആശങ്കയുണ്ടാക്കുന്നു. 2025 ചാമ്പ്യൻസ് ട്രോഫി ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേയാണ് ഇന്ത്യൻ മുൻനിരമാരുടെ ഈ മോശം പ്രകടനം.

Previous articleഗൗതി ഭായി ഞങ്ങൾക്ക് ഒരുപാട് സ്വാതന്ത്ര്യം നൽകുന്നു. ടീമിന്റെ എനർജി വിജയത്തിന് കാരണം : സൂര്യകുമാർ
Next articleസഞ്ജു മറുവശത്ത് ഉള്ളതാണ് ആത്മവിശ്വാസം. അവന്റെ ബാറ്റിംഗ് ഇഷ്ടപെടുന്നു : അഭിഷേക് ശർമ.