“യുവരാജ് സിംഗിനെ പോലെ അനായാസം സിക്സർ നേടാൻ സഞ്ജുവിന് കഴിയും”, സഞ്ജയ്‌ ബംഗാർ

മലയാളി താരം സഞ്ജു സാംസണെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച സിക്സ് ഹിറ്ററായ യുവരാജുമായി താരതമ്യം ചെയ്ത് മുൻ ഇന്ത്യൻ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാർ. കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ ഓപ്പണറായി എത്തിയതോടെ വളരെ മികച്ച ബാറ്റിംഗ് പ്രകടനമാണ് സഞ്ജു സാംസൺ കാഴ്ചവച്ചിട്ടുള്ളത്.

തനിക്ക് ലഭിച്ച പ്രമോഷൻ ഇരുകൈയും നീട്ടി സ്വീകരിച്ച് ടീമിന് മികച്ച തുടക്കങ്ങൾ നൽകാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ 5 ഇന്നിങ്സുകളിൽ നിന്ന് 3 സെഞ്ച്വറികളാണ് സഞ്ജു സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ ട്വന്റി20 ഓപ്പണിങ് സ്ഥാനം ഉറപ്പിക്കാനും സഞ്ജുവിന് കഴിഞ്ഞു. ശേഷമാണ് ഇപ്പോൾ ബംഗാർ രംഗത്ത് എത്തിയത്. ഇനിയും സഞ്ജുവിന് കൂടുതൽ അവസരങ്ങൾ നൽകാൻ ഇന്ത്യൻ ടീം തയ്യാറാവണം എന്നാണ് ബംഗാർ പറയുന്നത്.

“കഴിഞ്ഞ സമയങ്ങളിൽ സഞ്ജു സ്വന്തമാക്കിയ വിജയങ്ങൾ ഒരുപാട് സന്തോഷം നൽകുന്നതാണ്. കാരണം കഴിഞ്ഞ കുറച്ചധികം നാളുകളായി അവൻ ഇന്ത്യൻ ടീമിനൊപ്പം ഉണ്ടായിരുന്നു. പക്ഷേ ഇപ്പോഴാണ് കൃത്യമായ അവസരങ്ങൾ അവന് ലഭിച്ചത്. ആ അവസരങ്ങൾ നന്നായി ഉപയോഗിക്കാനും ഇപ്പോൾ സഞ്ജുവിന് കഴിയുന്നു. തുടർച്ചയായി 3-4 മത്സരങ്ങൾ കളിക്കാനുള്ള അവസരം അവന് നൽകിയാൽ അവൻ കൂടുതൽ ഫ്രീയായി ബാറ്റ് ചെയ്യുമെന്നത് ഉറപ്പാണ്.”- ബംഗാർ പറയുന്നു.

“മുൻനിരയിൽ ബാറ്റിങ്ങിന് ഇറങ്ങുന്നത് കൊണ്ട് തന്നെ അവന് സാഹചര്യത്തിനനുസരിച്ച് കളിക്കേണ്ട ആവശ്യം വരുന്നില്ല. കൃത്യമായി തന്റെ ഗെയിം പ്ലാൻ മൈതാനത്ത് പുലർത്താൻ അവന് കഴിയുന്നു. ആദ്യ ഓവറുകളിൽ ഫീൽഡർമാർ 30 വാര സർക്കിളിനുള്ളിൽ ആയിരിക്കും. ഈ സമയത്ത് സഞ്ജു മികവ് പുലർത്തുന്നു. മാത്രമല്ല അവനൊരു സിക്സ് ഹിറ്ററാണ്. അനായാസം സിക്സറുകൾ സ്വന്തമാക്കാൻ സഞ്ജുവിന് കഴിയും. യുവരാജ് സിംഗിന് ശേഷം ഇത്തരത്തിൽ സ്ഥിരതയോടെ അനായാസം സിക്സറുകൾ സ്വന്തമാക്കുന്ന ഒരേയൊരു താരം സഞ്ജു സാംസൺ മാത്രമാണ്. അതുകൊണ്ടുതന്നെ അവന്റെ പൂർണ്ണമായ ഫോമിലേക്ക് അവനെത്തുന്നത് കാണാൻ എല്ലാവരും കാത്തിരിക്കുന്നു.”- ബംഗാർ കൂട്ടിച്ചേർത്തു.

2024 സഞ്ജു സാംസനെ സംബന്ധിച്ച് ട്വന്റി20കളിൽ വളരെ മികച്ച ഒരു വർഷം തന്നെയായിരുന്നു. ബംഗ്ലാദേശിനെതിരായ പരമ്പരയിലാണ് സഞ്ജുവിന് ആദ്യം അവസരം ലഭിച്ചത്. പരമ്പരയിലെ ആദ്യ 2 മത്സരങ്ങളിൽ 29, 10 എന്നിങ്ങനെയായിരുന്നു സഞ്ജു നേടിയത്. ശേഷം മൂന്നാം ട്വന്റി20യിൽ 47 പന്തുകളിൽ നിന്ന് 111 റൺസ് സ്വന്തമാക്കി സഞ്ജു എല്ലാവരെയും ഞെട്ടിച്ചു. പിന്നീട് ദക്ഷിണാഫ്രിക്കയിൽ നടന്ന ട്വന്റി20 പരമ്പരയിൽ 2 തകർപ്പൻ സെഞ്ച്വറികളാണ് സഞ്ജു സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ട്വന്റി20 പരമ്പര ജനുവരി 22ന് ആരംഭിക്കും.

Previous articleരോഹിതിന്റെ ടെസ്റ്റ്‌ കരിയർ അവസാനിച്ചു. അതവൻ മനസിലാക്കണം. മുൻ ഓസീസ് താരം പറയുന്നു.