യുവരാജിനെക്കാൾ മികച്ച ബോളറാവാൻ എനിക്ക് സാധിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. അഭിഷേക് ശർമ പറയുന്നു.

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹൈദരാബാദ് സൺറൈസേഴ്സിനായി തകര്‍പ്പന്‍ പ്രകടനങ്ങളാണ് അഭിഷേക് ശർമ കാഴ്ച വെച്ചിട്ടുള്ളത്. ലീഗ് മത്സരങ്ങളിൽ ഓപ്പണറായി ക്രീസിലെത്തി മികച്ച രീതിയിൽ ആക്രമണം അഴിച്ചുവിടാൻ അഭിഷേക് ശർമയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ രാജസ്ഥാനെതിരായ ക്വാളിഫയർ മത്സരത്തിൽ ബോളിങ്ങിൽ തിളങ്ങുന്ന അഭിഷേക് ശർമയെയും കാണാൻ സാധിച്ചു.

മത്സരത്തിൽ ഹൈദരാബാദിനായി നിർണായകമായ രണ്ടു വിക്കറ്റുകൾ സ്വന്തമാക്കി അഭിഷേക് ശർമ എല്ലാവരെയും ഞെട്ടിക്കുകയായിരുന്നു. മത്സരത്തിന് ശേഷം തന്റെ ബോളിംഗ് മികവുകളെ പറ്റി അഭിഷേക് ശർമ സംസാരിക്കുകയുണ്ടായി. യുവരാജ് സിംഗ് പറഞ്ഞ വാക്കുകൾ ഓർത്തെടുത്താണ് അഭിഷേക് സംസാരിച്ചത്.

തന്റെ പിതാവിനൊപ്പം കൂടുതൽ സമയം ബോളിങ്ങിൽ ശ്രദ്ധിച്ചതാണ് ഇത്തരത്തിൽ മികവ് പുലർത്താൻ കാരണമായത് എന്ന് അഭിഷേക് ശർമ പറയുന്നു. തന്റെ പിതാവും ഒരു ഇടംകയ്യൻ സ്പിന്നറാണ് എന്ന് അഭിഷേക് പറഞ്ഞു. “എന്റെ പ്രകടനത്തിൽ ഏറ്റവും സന്തോഷവാനാകുന്നത് എന്റെ പിതാവ് തന്നെയാണ്. കാരണം അദ്ദേഹവും ഒരു ഇടംകയ്യൻ സ്പിന്നറാണ്. അദ്ദേഹത്തിനോപ്പമാണ് ഞാൻ ബോളിങ്ങിൽ കഠിനപ്രയത്നങ്ങളിൽ ഏർപ്പെട്ടിരുന്നത്.”

“ഇത്തരത്തിൽ എനിക്ക് ബോളിങ്ങിൽ കൂടുതലായി ശ്രദ്ധിക്കാൻ സാധിച്ചാൽ, എന്റെ ടീമിനായി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് എനിക്കറിയാമായിരുന്നു. ജൂനിയർ ക്രിക്കറ്റ് കളിക്കുന്ന സമയം മുതൽ ഞാൻ ഒരുപാട് ബോൾ ചെയ്യുമായിരുന്നു. മാത്രമല്ല അന്നൊക്കെ വിക്കറ്റുകൾ സ്വന്തമാക്കാനും എനിക്ക് സാധിച്ചിരുന്നു. ഞാൻ എന്റെ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു.”- അഭിഷേക് ശർമ പറഞ്ഞു.

ഇത്തരത്തിൽ വളരെ അനായാസമായി ബോളിങ് ചെയ്യാൻ സാധിക്കില്ല എന്നാണ് അഭിഷേക് ശർമ പറയുന്നത്. മത്സരങ്ങളിൽ 4 ഓവറുകൾ പന്തറിയാൻ സാധിക്കണമെങ്കിൽ, താൻ തന്റെ കോച്ചിനെയും ക്യാപ്റ്റനെയും പരിശീലന സമയത്ത് തന്നെ കഴിവുകൾ ബോധിപ്പിക്കേണ്ടതുണ്ട് എന്ന് അഭിഷേക് ശർമ കൂട്ടിച്ചേർക്കുന്നു. മാത്രമല്ല മുൻപ് യുവരാജ് സിംഗ് തന്റെ ബോളിങ്ങിനെ പറ്റി പറഞ്ഞ വാക്കുകളും വലിയ രീതിയിൽ തനിക്ക് പ്രചോദനമായി എന്ന് അഭിഷേക് കൂട്ടിച്ചേർക്കുന്നു തന്റെ പ്രകടനത്തിൽ ഏറ്റവും സന്തോഷവാനായിരിക്കുന്ന മറ്റൊരു വ്യക്തി യുവരാജ് സിംഗ് ആയിരിക്കും എന്നാണ് അഭിഷേക് ശർമ കരുതുന്നത്.

“യുവരാജ് ഭായിയോട് എന്റെ ബോളിങ്ങിനെ പറ്റി ഞാൻ പലപ്പോഴും സംഭാഷണത്തിൽ ഏർപ്പെടാറുണ്ട്. അപ്പോഴൊക്കെയും അദ്ദേഹം പറയുന്നത് അദ്ദേഹത്തെക്കാൾ മികച്ച ബോളറായി മാറാൻ സാധിക്കുന്ന താരമാണ് ഞാൻ എന്നാണ്. ആ വാക്കുകൾ ഇപ്പോഴും എന്റെ മനസ്സിലുണ്ട്. എനിക്ക് തോന്നുന്നു, ഞാൻ ബോളിങ്ങിൽ ഇത്തരം വലിയ സംഭാവന നൽകിയതിൽ ഏറ്റവുമധികം സന്തോഷിക്കുന്ന ഒരു വ്യക്തി അദ്ദേഹമായിരിക്കുമെന്ന്.”- അഭിഷേക് ശർമ കൂട്ടിച്ചേർക്കുകയുണ്ടായി. ഇതുവരെ ഈ ഐപിഎൽ സീസണിൽ 15 മത്സരങ്ങളിൽ നിന്ന് 482 റൺസാണ് അഭിഷേക് സ്വന്തമാക്കിയിട്ടുള്ളത്. ബോളിങ്ങിലും ഹൈദരാബാദിന് ആവശ്യമായ സേവനങ്ങൾ അഭിഷേക് നൽകിയിട്ടുണ്ട്.

Previous article“ദ്രാവിഡിന് പകരം ഞാൻ പരിശീലകനാവാം. പക്ഷേ ഒരു കണ്ടിഷൻ. “- ഗംഭീർ പറയുന്നു..
Next articleഫൈനലിൽ ദുരന്തമായി ട്രാവിസ് ഹെഡ്. ഗോൾഡൻ ഡക്ക്. തകർന്നടിഞ്ഞ് ഹൈദരാബാദ്.