ഇന്ത്യൻ പ്രീമിയർ ലീഗിലെ സമീപ മത്സരങ്ങളിൽ ചില നാടകീയമായ സംഭവങ്ങൾ അരങ്ങേറി. രാജസ്ഥാൻ റോയൽസും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും തമ്മില്‍ നടന്ന മത്സരത്തിനിടെ മൈതാനത്ത് ബാറ്റിംഗിനീറങ്ങിയ രാജസ്ഥാൻ താരം ഷിമറോൺ ഹെറ്റ്മയറുടെ ബാറ്റ് അമ്പയർ പരിശോധിക്കുകയുണ്ടായി.
ഇതിനുശേഷം ഇംഗ്ലണ്ട് താരമായ സോൾട്ടിന്റെ ബാറ്റും അമ്പയർ തടഞ്ഞു നിർത്തി പരിശോധിക്കുകയുണ്ടായി. ബാറ്റിന്റെ കൃത്യമായ അളവ് പരിശോധിച്ച ശേഷം മാത്രമാണ് അമ്പയർ ഈ താരങ്ങളെ മൈതാനത്തേക്ക് വിട്ടത്. എന്തുകൊണ്ടാണ് അമ്പയർമാർ ഇത്തരത്തിൽ ബാറ്റ് പരിശോധിക്കുന്നത് എന്ന് നോക്കാം.
രാജസ്ഥാന്റെ ബാംഗ്ലൂരിനെതിരായ മത്സരത്തിലെ പതിനാറാം ഓവറിലാണ് ജയസ്വാൾ പുറത്തായത്. ഈ സമയത്താണ് ഹെറ്റ്മെയ്ർ ബാറ്റിംഗിന് എത്തിയത്. ശേഷമാണ് ഓൺഫീൽഡ് അമ്പയർ താരത്തെ തടഞ്ഞുനിർത്തുകയും ബാറ്റ് പരിശോധിക്കുകയും ചെയ്തത്. ശേഷം ബാംഗ്ലൂരിന്റെ ബാറ്റിംഗിന്റെ ഇടയ്ക്കാണ് ഫിൽ സോൾട്ടിന്റെ ബാറ്റും അമ്പയർ പരിശോധനയ്ക്ക് വിധേയമാക്കി മാറ്റിയത്. ഫീൽ സോൾട്ടിന് ശേഷം മൈതാനത്ത് എത്തിയ ദേവദത്ത് പഠിക്കലിന്റെ ബാറ്റും അമ്പയർ പരിശോധിച്ചിരുന്നു. പിന്നീട് മുംബൈ ഇന്ത്യൻസിന്റെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ നായകൻ ഹർദിക് പാണ്ഡ്യയുടെ ബാറ്റും അമ്പയർ പരിശോധിക്കുകയുണ്ടായി. ഇതിനൊരു കാരണമുണ്ട്.
ഐപിഎൽ നിയമമനുസരിച്ച അളവുകളുള്ള ബാറ്റുകൾ തന്നെയാണോ താരങ്ങൾ ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് അമ്പയർ ഇത്തരത്തിൽ പരിശോധനകൾ നടത്തിയത്. ഐപിഎൽ ചട്ടപ്രകാരമുള്ള അളവുകളില്‍ നിൽക്കുന്ന ബാറ്റുകൾ മാത്രമേ മത്സരങ്ങളിൽ ഉപയോഗിക്കാൻ പാടുള്ളൂ. ഐപിഎൽ നിയമത്തിലെ 5.7 വകുപ്പ് പ്രകാരം ഹാൻഡിൽ ഉൾപ്പെടെ ബാറ്റിന് 38 ഇഞ്ചിൽ കൂടുതൽ നീളം വരാൻ പാടില്ല. ഈ നിയമം താരങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനാണ് ഇത്തരത്തിൽ അമ്പയർമാർ പരിശോധിക്കുന്നത്.
എന്നിരുന്നാലും ഈ പരിശോധനയിലൂടെ, ബാറ്റിൽ കൃത്രിമം കാട്ടാൻ താരങ്ങൾ ശ്രമിച്ചിട്ടില്ല എന്ന് വ്യക്തമാവുകയുണ്ടായി. എല്ലാ താരങ്ങളുടെയും ബാറ്റ് പരിശോധിച്ചങ്കിലും പിന്നീട് അവരെ അതേ ബാറ്റ് ഉപയോഗിച്ച് കളിക്കാൻ അമ്പയർമാർ അനുവദിക്കുകയായിരുന്നു. വരും ദിവസങ്ങളിലും ഇത്തരത്തിൽ ബാറ്റ് പരിശോധനയും മറ്റു നിയമ പരിശോധനകളും ഐപിഎല്ലിൽ ഉണ്ടായേക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.