ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ 3 ട്വന്റി20 മത്സരങ്ങൾ അടങ്ങുന്ന പരമ്പര അവസാനിച്ചിരിക്കുകയാണ്. 3 മത്സരങ്ങളിലും വിജയം സ്വന്തമാക്കി ഇന്ത്യ കിരീടം സ്വന്തമാക്കുകയാണ് ഉണ്ടായത്. പരമ്പരയിലെ 2 മത്സരങ്ങളിലും മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചിരുന്നു. രണ്ടാം മത്സരത്തിൽ ഓപ്പണറായും, മൂന്നാം മത്സരത്തിൽ മൂന്നാം നമ്പറിലും, സഞ്ജുവിന് അവസരം ലഭിച്ചു.
പക്ഷേ ഇരു മത്സരങ്ങളിലും പൂജ്യനായി സഞ്ജു സാംസൺ പുറത്തായി. വലിയ പ്രതീക്ഷയോടെ ക്രീസിലേത്തിയ സഞ്ജു രണ്ടാം മത്സരത്തിൽ ആദ്യ പന്തിലും, മൂന്നാം മത്സരത്തിൽ നാലാം പന്തിലുമാണ് പുറത്തായത്. ഇതിന് ശേഷം സഞ്ജുവിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.
അവസാന മത്സരത്തിൽ വിക്രമസിംഗയുടെ പന്തിലായിരുന്നു സഞ്ജു സാംസൺ കൂടാരം കയറിയത്. മത്സരത്തിൽ പൂജ്യനായി പുറത്തായി എന്നു മാത്രമല്ല 3 ക്യാച്ചുകളും സഞ്ജു സാംസൺ നഷ്ടപ്പെടുത്തുകയുണ്ടായി. ബാറ്റിംഗിലെ മോശം ഫോം സഞ്ജുവിന്റെ കീപ്പിങ്ങിലും പ്രതിഫലിക്കുകയായിരുന്നു. തനിക്ക് ലഭിച്ച അവസരങ്ങൾ മികച്ച രീതിയിൽ സഞ്ജുവിന് ഉപയോഗിക്കാൻ സാധിച്ചില്ല എന്നത് ആരാധകരെ പോലും നിരാശയിലാക്കുകയുണ്ടായി. സഞ്ജുവിന് ട്വന്റി20 പരമ്പരയിൽ അവസരം ലഭിച്ചതിനെ പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ഇപ്പോൾ. റിഷഭ് പന്തിന്റെ ആവശ്യ പ്രകാരമാണ് സഞ്ജുവിന് മൂന്നാം മത്സരത്തിൽ അവസരം ലഭിച്ചത് എന്ന് സൂര്യകുമാർ പറയുകയുണ്ടായി.
രണ്ടാം മത്സരത്തിന് ശേഷം തനിക്ക് വിശ്രമം ആവശ്യമാണ് എന്ന് സൂര്യ കുമാറിനോട് പന്ത് ആവശ്യപ്പെട്ടു. ഇതിലൂടെ സഞ്ജുവിനെ പോലെയുള്ള താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് പന്ത് മാനേജ്മെന്റിനോട് അറിയിച്ചു എന്നാണ് സൂര്യകുമാർ യാദവ് പറയുന്നത്. “പരമ്പരയിലെ രണ്ടാം മത്സരം അവസാനിച്ചപ്പോൾ റിഷഭ് പന്ത് വിശ്രമം ആവശ്യപ്പെട്ടിരുന്നു. സഞ്ജുവിനെ പോലെയുള്ള താരങ്ങൾക്ക് ഇത് കൂടുതൽ അവസരം നൽകും. ഇത്തരത്തിൽ ചിന്തിക്കുന്ന വ്യക്തിയാണ് പന്ത്. അവൻ നല്ലൊരു വ്യക്തിയാണ്.”- സൂര്യകുമാർ യാദവ് പറഞ്ഞു.
സഞ്ജുവിനെ സംബന്ധിച്ച് വലിയൊരു അവസരം തന്നെയായിരുന്നു മൂന്നാം ട്വന്റി20യിൽ ലഭിച്ചത്. മുൻപ് മോശം പ്രകടനങ്ങൾ കാഴ്ചവച്ചപ്പോഴൊക്കെയും ഇന്ത്യ സഞ്ജുവിനെ ഒഴിവാക്കുകയാണ് ചെയ്തത്. പക്ഷേ രണ്ടാം ട്വന്റി20യിൽ ഗോൾഡൻ ഡക്കായി പുറത്തായിട്ടും സഞ്ജുവിന് ഇന്ത്യ വീണ്ടും അവസരം നൽകി. പക്ഷേ അത് മുതലാക്കാൻ സഞ്ജുവിന് സാധിച്ചില്ല. നിലവിൽ ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിട്ടില്ല. ഇനി വരാനിരിക്കുന്ന ട്വന്റി20 മത്സരങ്ങളിലും സഞ്ജുവിന്റെ ടീമിലെ സ്ഥാനം ഇതോടെ അനിശ്ചിതാവസ്ഥയിൽ ആയിട്ടുണ്ട്.