ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ വളരെ നിർണായകമായ ഒരു വിജയമാണ് ഇന്ത്യ നേടിയത്. ആദ്യ മത്സരത്തിൽ പരാജയം നേരിട്ട ഇന്ത്യയുടെ ഒരു വമ്പൻ തിരിച്ചുവരവാണ് രണ്ടാം മത്സരത്തിൽ കാണാൻ സാധിച്ചത്. മത്സരത്തിൽ 106 റൺസിന് വിജയം നേടിയ ഇന്ത്യ പരമ്പര സമനിലയിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്.
വരും മത്സരങ്ങളിൽ കൂടി ഇത്തരത്തിൽ മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാൻ സാധിക്കൂ. എന്നിരുന്നാലും രണ്ടാം മത്സരത്തിലെ ചില ഇന്ത്യൻ താരങ്ങളുടെ പ്രകടനം വളരെ മോശം തന്നെയായിരുന്നു. ഇത്തരത്തിൽ മോശം പ്രകടനം പുറത്തെടുത്തവരെ ഇന്ത്യ അടുത്ത മത്സരത്തിൽ മാറ്റി നിർത്താൻ വലിയ സാധ്യതയുണ്ട്. അത്തരം മൂന്ന് താരങ്ങളെ പരിശോധിക്കാം
- ശ്രേയസ് അയ്യർ
ഇതുവരെ ഈ പരമ്പരയിൽ വളരെ നിരാശാജനകമായ പ്രകടനം പുറത്തെടുത്ത താരമാണ് ശ്രേയസ് അയ്യർ. രണ്ടു മത്സരങ്ങളിലും മികച്ച തുടക്കം തന്നെ അയ്യർക്ക് ലഭിച്ചിരുന്നു. എന്നാൽ നിർണായക സമയത്ത് വിക്കറ്റ് വലിച്ചെറിയുക എന്നതാണ് അയ്യർ ചെയ്തുവരുന്നത്. 4 ഇന്നിങ്സുകളിൽ നിന്നുമായി 104 റൺസാണ് അയ്യർ നേടിയിട്ടുള്ളത്.
കേവലം 26 റൺസ് ശരാശരിയിലാണ് അയ്യർ റൺസ് കണ്ടെത്തിയിരിക്കുന്നത്. ഒരു മധ്യനിര ബാറ്റർ എന്ന നിലയ്ക്ക് അയ്യരെ സംബന്ധിച്ച് വളരെ മോശം പ്രകടനം തന്നെയാണ് ഇത്. അതിനാൽ തന്നെ രാജ്കോട്ട് നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തിൽ അയ്യരെ ഇന്ത്യ മാറ്റി നിർത്താൻ സാധ്യതയുണ്ട്.
- മുകേഷ് കുമാർ
രണ്ടാം ടെസ്റ്റ് മത്സരത്തിൽ മുഹമ്മദ് സിറാജിന് പകരക്കാരനായാണ് ഇന്ത്യ മുകേഷ് കുമാറിനെ ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ പൂർണമായും നിരാശാജനകമായ പ്രകടനമാണ് മുകേഷ് കുമാറും കാഴ്ചവച്ചത്. മത്സരത്തിലെ 2 ഇന്നിങ്സുകളിലും ഒരുപാട് റൺസ് വിട്ടു നൽകാൻ മുകേഷ് കുമാർ തയ്യാറായി. അതുകൊണ്ടു തന്നെ രോഹിത് ശർമ ഒരുപാട് സമ്മർദ്ദത്തിലാവുകയും ചെയ്തു.
ആകെ 12 ഓവറുകൾ മാത്രമാണ് വിശാഖപട്ടണത്തിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ മുകേഷ് കുമാർ എറിഞ്ഞത്. ഇതിൽ ഓരോവരിൽ 6 റൺസ് വീതം വിട്ടുനൽകാൻ മുകേഷ് കുമാർ തയ്യാറായി. അതിനാൽ മുകേഷിന് ഇനിയൊരു അവസരം ലഭിക്കുമോ എന്നത് കണ്ടറിയണം.
3 കെഎസ് ഭരത്
ഇന്ത്യൻ ടീമിനായി മധ്യനിരയിൽ ബാറ്റ് ചെയ്യുന്ന വിക്കറ്റ് കീപ്പർ ബാറ്റർ ഭരത് മോശം പ്രകടനം തുടരുകയാണ്. ഇതുവരെ ഇന്ത്യക്കായി 12 ഇന്നിങ്സുകളിൽ ബാറ്റ് ചെയ്ത ഭരതിന് ഒരു അർത്ഥ സെഞ്ച്വറി പോലും സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. ഈ പരമ്പരയിൽ 4 ഇന്നിംഗ്സുകളിൽ നിന്ന് കേവലം 92 റൺസ് മാത്രമാണ് ഭരത് നേടിയിട്ടുള്ളത്.
മാത്രമല്ല ക്രീസിൽ ഒരു സമയത്തും ഭരത് ഉറച്ചുനിന്നതുമില്ല. ധ്രുവ് ജൂറൽ, സർഫ്രാസ് ഖാൻ എന്നീ വിക്കറ്റ് കീപ്പർമാർ ടീമിൽ സ്ഥാനം ലഭിക്കാനായി കാത്തുനിൽക്കുന്ന സമയത്താണ് ഭരതിന്റെ ഈ മോശം പ്രകടനം. അതിനാൽ ഇന്ത്യ അടുത്ത മത്സരത്തിൽ ഭരതിന് പകരക്കാരനായി മറ്റു താരങ്ങളെ ഉൾപ്പെടുത്തുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.