മുഴുവൻ ക്രെഡിറ്റും ധോണിയ്ക്കും ചെന്നൈയ്ക്കും. അവർ എന്നിലർപ്പിച്ച വിശ്വാസമാണ് പ്രചോദനം. ദുബെ പറയുന്നു.

ഇന്ത്യൻ ടീമിൽ തനിക്ക് ലഭിച്ച അവസരം അങ്ങേയറ്റം വിനിയോഗിക്കുകയാണ് യുവതാരം ശിവം ദുബെ. അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിൽ തുടർച്ചയായ രണ്ടാമത്തെ സെഞ്ച്വറിയാണ് ദുബെ നേടിയത്. ആദ്യ മത്സരത്തിൽ ഇന്ത്യയെ വിജയത്തിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ദുബെയായിരുന്നു.

രണ്ടാം മത്സരത്തിൽ 32 പന്തുകളിൽ 63 റൺസുമായി ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായി മാറാനും ദുബെയ്ക്ക് സാധിച്ചു. മത്സരത്തിലെ മികച്ച പ്രകടനത്തിന്റെ പേരിൽ ഒരുപാട് പ്രശംസകളും ദുബെയെ തേടി എത്തിയിട്ടുണ്ട്. ഇത്തരം മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത ദുബെയ്ക്ക് ഇന്ത്യ 2024 ട്വന്റി20 ലോകകപ്പിൽ അവസരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ തന്റെ ഈ മികച്ച പ്രകടനത്തിന്റെ മുഴുവൻ ക്രെഡിറ്റും ചെന്നൈ സൂപ്പർ കിംഗ്സിനും മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിക്കും നൽകുകയാണ് ശിവം ദുബെ.

തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ സഹായകരമായി മാറിയത് ചെന്നൈ സൂപ്പർ കിംഗ്സും മഹേന്ദ്ര സിംഗ് ധോണിയുമാണ് എന്ന് ദുബെ പറയുന്നു. പല സമയത്തും ചെന്നൈ ടീമിൽ മഹേന്ദ്ര സിംഗ് ധോണിയും മൈക്കിൾ ഹസിയും സ്റ്റീവൻ ഫ്ലെമിങ്ങും തന്നിൽ ഒരുപാട് വിശ്വാസം അർപ്പിച്ചിരുന്നു എന്നാണ് ദുബെ പറയുന്നത്.

മൈതാനത്തെത്തി തന്റേതായ ശൈലിയിൽ കളിക്കാൻ ഇവരൊക്കെയും അനുവാദം തന്നിരുന്നുവെന്നും ദുബെ കൂട്ടിച്ചേർത്തു. “ഞാൻ ഇതിന്റെ പൂർണ്ണമായ ക്രെഡിറ്റ് ചെന്നൈ സൂപ്പർ കിംഗ്സിനും മഹേന്ദ്ര സിംഗ് ധോണിക്കും നൽകുകയാണ്. എന്റെയുള്ളിൽ എപ്പോഴും മത്സരം ഉണ്ടായിരുന്നു. എന്നാൽ കളിക്കാരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടുവരാൻ ചെന്നൈ സൂപ്പർ സൂപ്പർ കിങ്സിന് മാത്രം കഴിയുന്നതാണ്.”- ദുബെ പറഞ്ഞു.

“എല്ലാ കാര്യങ്ങളിലും അവർ എനിക്ക് ഒരുപാട് പിന്തുണ നൽകി.ആത്മവിശ്വാസം നൽകി. ‘ശിവം നിങ്ങൾക്ക് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരുപാട് റൺസ് സ്വന്തമാക്കാൻ സാധിക്കും. നിരാശ വേണ്ട, ഞങ്ങൾ നിങ്ങളിൽ വിശ്വസിക്കുന്നുണ്ട്’ എന്നാണ് അവർ എന്നോട് പറഞ്ഞത്. മൈക് ഹസിയെയും ഫ്ലെമിങ്ങിനെയും പോലെയുള്ളവർ എന്നിൽ ഒരുപാട് വിശ്വാസം അർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെയും എല്ലായിപ്പോഴും എന്റെ മനസ്സിലുണ്ട്.”- ശിവം ദുബെ കൂട്ടിച്ചേർക്കുന്നു.

റൺസിനു പുറമേ ഇരു മത്സരങ്ങളിലും വിക്കറ്റുകൾ സ്വന്തമാക്കാനും ശിവം ദുബെയ്ക്ക് സാധിച്ചിരുന്നു. അതിനാൽ ഹർദിക് പാണ്ഡ്യയ്ക്ക് പകരക്കാരനായി ശിവം ദുബയെ ഇന്ത്യ കളിപ്പിക്കണം എന്ന അഭിപ്രായം പോലും ഉയരുന്നുണ്ട്.

എന്തായാലും ചെന്നൈ സൂപ്പർ കിംഗ്സിൽ എത്തിയതിന് ശേഷം വലിയൊരു മാറ്റമാണ് ദുബയുടെ കരിയറിൽ ഉണ്ടായിട്ടുള്ളത്. ബാറ്റിങ്ങിലും ബോളിങ്ങിനും കൃത്യമായി ആധിപത്യം പുലർത്താൻ ദുബെയ്ക്ക് സാധിക്കുന്നുണ്ട്. 2024ലെ ഇന്ത്യൻ പ്രീമിയർ ലീഗും ശിവം ദുബെയെ സംബന്ധിച്ച് വളരെ നിർണായകമാണ്.

സീസണിൽ മികച്ച പ്രകടനം ചെന്നൈ ടീമിനായി പുറത്തെടുക്കാൻ സാധിച്ചാൽ അനായാസമായി ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ ദുബയ്ക്ക് സ്ഥാനം കണ്ടെത്താൻ കഴിയും. നാലാം നമ്പറിൽ യുവരാജ് സിംഗിനെ പോലെയുള്ള ഒരു താരത്തെ അന്വേഷിക്കുന്ന ഇന്ത്യയെ സംബന്ധിച്ച് വലിയ ആശ്വാസമാണ് ദുബെ എന്ന പവർഹിറ്റർ.

Previous articleഎന്താണ് ഇഷാൻ കിഷന്റെ പ്രശ്നം? ഈ ഇടവേള അംഗീകരിക്കാനാവില്ല. വിമർശനവുമായി മുൻ പാക് താരം.
Next articleഅവൻ ട്വന്റി20 ലോകകപ്പിൽ കളിക്കണം.. ഒഴിവാക്കിയാൽ അത് വലിയ അനീതി. മുൻ ഇന്ത്യൻ താരം പറയുന്നു.