ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മോശം സീസൺ ആയിരുന്നു മുംബൈ ഇന്ത്യൻസിൻ്റേത്. അഞ്ചുവർഷം ചാമ്പ്യന്മാരായ മുംബൈ ഇത്തവണ അവസാന സ്ഥാനക്കാരായാണ് സീസൺ അവസാനിച്ചത്. കളിച്ച 14 മത്സരങ്ങളിൽ വെറും നാല് മത്സരങ്ങൾ മാത്രമാണ് മുംബൈയ്ക്ക് വിജയിക്കാൻ സാധിച്ചത്.
ഈ സീസണിൽ ഏറ്റവും ആദ്യം പുറത്തായ ടീം മുംബൈ ഇന്ത്യൻസ് ആണ്. ടൂർണമെൻ്റിലെ ആദ്യ എട്ടു മത്സരങ്ങളും തോറ്റു കൊണ്ടാണ് രോഹിത് ശർമയും സംഘവും തുടങ്ങിയത്. പല താരങ്ങളും നിറംമങ്ങിയ സീസണിൽ എടുത്തു പറയേണ്ടത് മുംബൈയുടെ സൂപ്പർതാരമായ പൊള്ളാർഡിൻ്റെ പ്രകടനമാണ്. വെറും 144 റൺസ് മാത്രമാണ് താരത്തിൻ്റെ ഈ സീസണിലെ സമ്പാദ്യം. ലീഗിലെ അവസാന മത്സരങ്ങളിൽ താരത്തിനെ ടീമിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
ആറ് കോടി രൂപയ്ക്ക് മുംബൈ നിലനിർത്തിയ താരമാണ് പൊള്ളാർഡ്. ഇപ്പോഴിതാ താരത്തിനെ അടുത്ത സീസണിൽ ടീമിൽ നിന്നും മുംബൈ പുറത്താക്കിയേക്കും എന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ആകാശ് ചോപ്ര. മറ്റു ചില താരങ്ങളെയും മുംബൈ പുറത്താക്കിയേക്കും എന്നും ആകാശ് ചോപ്ര പറഞ്ഞു.
“പൊള്ളാർഡിൻ്റെ അവസാനം നമ്മൾ കണ്ടു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അടുത്ത സീസണിൽ അദ്ദേഹത്തെ നിലനിർത്തിയില്ലെങ്കിൽ 6 കോടി രൂപ രൂപ മുംബൈയ്ക്ക് ലഭിക്കും. എനിക്ക് തോന്നുന്നു മുരുകൻ അശ്വിനും ഇതേ അവസ്ഥയാണ് ഉള്ളതെന്ന്. ജയദേവ ഉനദ്കട്ടിൻ്റെ കാര്യത്തിൽ എനിക്ക് ഉറപ്പില്ല. പക്ഷേ ടൈമൽ മിൽസ് എന്തായാലും പുറത്തുപോകും എന്ന് എനിക്കുറപ്പാണ്.”-ആകാശ് ചോപ്ര പറഞ്ഞു.