2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ തുടർച്ചയായ പരാജയങ്ങൾക്കിടയിൽ മുംബൈ ഇന്ത്യൻസിന് ഒരു സന്തോഷ വാർത്ത. മുംബൈയുടെ സൂപ്പർ താരമായ സൂര്യകുമാർ യാദവ് കളിക്കളത്തിലേക്ക് തിരികെ വരുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.
സൂര്യകുമാർ യാദവ് തന്റെ ഫിറ്റ്നസ് പൂർണമായും വീണ്ടെടുത്തു എന്ന് നാഷണൽ ക്രിക്കറ്റ് അക്കാദമി അറിയിച്ചിട്ടുണ്ട്. അതിനാൽ തന്നെ മുംബൈയുടെ ഡൽഹിക്കെതിരായ അടുത്ത ഐപിഎൽ മത്സരത്തിൽ സൂര്യകുമാറിന് കളിക്കാൻ സാധിക്കും. ഞായറാഴ്ച വാങ്കഡെ സ്റ്റേഡിയത്തിലാണ് മുംബൈയുടെ അടുത്ത മത്സരം നടക്കുന്നത്.
കഴിഞ്ഞ 3 മാസങ്ങൾക്ക് മുകളിലായി പരിക്കു മൂലം ക്രിക്കറ്റിൽ നിന്ന് മാറി നിൽക്കുകയായിരുന്നു സൂര്യകുമാർ യാദവ്. ശേഷമാണ് ഇപ്പോൾ എല്ലാത്തരത്തിലും ഫിറ്റ്നസ് വീണ്ടെടുത്ത് ഈ മധ്യനിര ബാറ്റർ ക്രിക്കറ്റിലേക്ക് തിരികെ എത്തുന്നത്. സൂര്യകുമാറിന്റെ കാര്യത്തിൽ യാതൊരു തരത്തിലും റിസ്ക് എടുക്കാൻ തങ്ങൾ തയ്യാറല്ല എന്ന് നാഷണൽ ക്രിക്കറ്റ് അക്കാദമി ഇതിനോടകം തന്നെ അറിയിച്ചിരുന്നു. അതിനാൽ തന്നെ പൂർണമായ ഫിറ്റ്നസ് വീണ്ടെടുത്ത ശേഷമേ സൂര്യകുമാറിനെ ഫ്രാഞ്ചൈസി ക്രിക്കറ്റിലേക്ക് കളിക്കാൻ സമ്മതിക്കൂ എന്നും ദേശീയ ക്രിക്കറ്റ് അക്കാദമി തീരുമാനിച്ചിരുന്നു. പിന്നാലെയാണ് ഇപ്പോൾ മുംബൈയെ തേടി സന്തോഷ വാർത്ത എത്തിയിരിക്കുന്നത്.
“സൂര്യകുമാർ യാദവ് തന്റെ ഫിറ്റ്നസ് പൂർണമായും വീണ്ടെടുത്തിട്ടുണ്ട്. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഇതിനോടകം തന്നെ അവൻ കുറച്ച് പരിശീലന മത്സരങ്ങൾ കളിക്കുകയുണ്ടായി. മത്സരങ്ങളിൽ വളരെ മികച്ച പ്രകടനമാണ് സൂര്യ കാഴ്ചവച്ചത്. അതുകൊണ്ടുതന്നെ മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം സൂര്യയ്ക്ക് ഇപ്പോൾ ചേരാൻ സാധിക്കും. സൂര്യ മുംബൈ ഇന്ത്യൻസ് ടീമിലേക്ക് തിരിച്ചെത്തുന്ന സമയത്ത് അവൻ 100% ഫിറ്റ്നസ് വീണ്ടെടുക്കണമെന്നും, എല്ലാ മത്സരങ്ങളും കളിക്കാൻ തയ്യാറായിരിക്കണമെന്നും ഞങ്ങൾക്ക് നിർബന്ധം ഉണ്ടായിരുന്നു. ഐപിഎല്ലിന് മുൻപ് നടത്തിയ ഫിറ്റ്നസ് ടെസ്റ്റിൽ 100% മികവ് പുലർത്താൻ സൂര്യയ്ക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ടാണ് ബാറ്റ് ചെയ്യുന്ന സമയത്ത് സൂര്യയ്ക്ക് ഏതെങ്കിലും തരത്തിൽ വേദനയുണ്ടോ എന്നറിയാനായി ഇത്രനാളും കാത്തിരിക്കേണ്ടി വന്നത്.”- ബിസിസിഐയുമായി ബന്ധപ്പെട്ട ഒരു വൃത്തം അറിയിച്ചു.
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയ്ക്കിടെയായിരുന്നു സൂര്യകുമാർ യാദവിന് പരിക്കേറ്റത്. ശേഷം സൂര്യയെ ഇന്ത്യ കുറച്ചു നാളത്തേക്ക് മാറ്റി നിർത്തുകയായിരുന്നു. ശേഷം വീണ്ടും സൂര്യകുമാർ സർജറികളിലൂടെ കടന്നു പോവുകയും കൂടുതൽ മത്സരങ്ങൾ നഷ്ടമാവുകയും ചെയ്തു. എന്തായാലും സൂര്യകുമാർ യാദവിന്റെ തിരിച്ചുവരവ് മുംബൈ ഇന്ത്യൻസ് ടീമിന് കൂടുതൽ ആവേശം ഉണ്ടാക്കുമെന്ന കാര്യത്തിൽ സംശയമില്ല. നിലവിൽ ട്വന്റി20 ക്രിക്കറ്റിലെ ഒന്നാം നമ്പർ ബാറ്ററാണ് സൂര്യകുമാർ യാദവ്.