2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും മോശം സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഫ്രാഞ്ചൈസിയാണ് മുംബൈ ഇന്ത്യൻസ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി തങ്ങളെ പലതവണ കിരീടം ചൂടിച്ച നായകൻ രോഹിത് ശർമയെ മാറ്റി പുതിയ നായകൻ ഹർദിക് പാണ്ഡ്യയെ മുംബൈ ഈ സീസണിൽ ഉയർത്തി കാട്ടുകയുണ്ടായി.
എന്നാൽ സീസണിലെ 3 മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇതുവരെ ഒരു മത്സരത്തിൽ പോലും വിജയം സ്വന്തമാക്കാൻ മുംബൈയ്ക്ക് സാധിച്ചിട്ടില്ല. ഇതിനുശേഷം ഒരു ശക്തമായ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ബാറ്റർ മനോജ് തിവാരി. മുംബൈ ഉടൻ തന്നെ തങ്ങളുടെ നായക പദവി രോഹിത് ശർമയ്ക്ക് തിരികെ നൽകും എന്നാണ് മനോജ് തിവാരി പറയുന്നത്.
രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിന് ശേഷമാണ് മനോജ് തിവാരി തന്റെ അഭിപ്രായം പങ്കുവെച്ചത്. 2024 ഐപിഎല്ലിൽ മുംബൈയ്ക്ക് മോശം തുടക്കം ലഭിച്ചതിനാൽ തന്നെ രോഹിതിലേക്ക് ക്യാപ്റ്റൻസി തിരികെയെത്തും എന്ന് മനോജ് തിവാരി വിശ്വസിക്കുന്നു. ഇതുവരെ പാണ്ഡ്യയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ മികവ് പുലർത്താൻ മുംബൈയ്ക്ക് സാധിച്ചിരുന്നില്ല.
“മുംബൈയുടെ നായകസ്ഥാനം തിരികെ രോഹിത് ശർമയിലേക്ക് എത്തും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. മുംബൈ ഇന്ത്യൻസിന്റെ ടീം ഉടമകൾ ഒരു കാരണവശാലും തീരുമാനങ്ങളെടുക്കാൻ കാലതാമസം എടുക്കുന്ന ആളുകളല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതുകൊണ്ടുതന്നെയാണ് 5 ഐപിഎൽ കിരീടങ്ങൾ സ്വന്തമാക്കിയിട്ടും പിന്നീട് ഹർദിക് പാണ്ഡ്യയെ അവർ നായകനായി നിയമിച്ചത്. “- തിവാരി പറഞ്ഞു.
“എന്നിരുന്നാലും ഒരു ക്യാപ്റ്റനെ മാറ്റുക എന്നത് വലിയൊരു കോൾ തന്നെയാണ്. പക്ഷേ ഈ സീസണിൽ ഒരു പോയിന്റ് പോലും സ്വന്തമാക്കാൻ മുംബൈയ്ക്ക് സാധിച്ചിട്ടില്ല എന്നത് ഓർക്കണം. മാത്രമല്ല നായകനെന്ന നിലയിൽ ഹർദിക്കിന് ഇതുവരെ മികവ് പുലർത്താനും സാധിച്ചിട്ടില്ല. ഇത് കേവലം നിർഭാഗ്യം കൊണ്ട് മാത്രം ഏറ്റുവാങ്ങേണ്ടി വന്ന പരാജയങ്ങളല്ല. അത്ര മികച്ച നായകത്വമല്ല ഹാർദിക് പുറത്തെടുത്തത്. ഒരിക്കലും അതിനെ മികച്ചത് എന്ന് പറയാൻ സാധിക്കില്ല.”- തിവാരി കൂട്ടിച്ചേർക്കുന്നു.
മുംബൈയുടെ നായകനായുള്ള ആദ്യ 3 മത്സരങ്ങളിലും ഹർദിക് പാണ്ഡ്യ പൂർണമായും പരാജയപ്പെടുന്നതാണ് കണ്ടത്. മാത്രമല്ല മത്സരങ്ങളിലൊക്കെയും വളരെ മോശം സ്വീകരണമാണ് മുംബൈ ഇന്ത്യൻസിനും ഹർദിക് പാണ്ഡ്യയ്ക്കും ആരാധകർ നൽകുന്നത്.
പലപ്പോഴും സ്ക്രീനുകളിൽ ഹർദിക്കിന്റെ മുഖം തെളിയുമ്പോൾ ഗ്യാലറികളിൽ ആരാധകർ കൂകി വിളിക്കാറാണ് ഉള്ളത്. അഹമ്മദാബാദിലും ഹൈദരാബാദിലും മുംബൈയിലുമൊക്കെയും ഇത് കാണാൻ സാധിച്ചു. എന്തായാലും ടീം മാനേജ്മെന്റ് ഇക്കാര്യത്തിൽ വളരെ നിരാശയിലാണ്.