മിന്നുമണി വീണ്ടും ഇന്ത്യൻ ക്യാപ്റ്റൻ. കേരളത്തിന്റെ അഭിമാന താരത്തിന് സുവർണാവസരം.

ഇന്ത്യൻ വനിതാ ടീമിന്റെ നായികയായി വീണ്ടും കേരള താരം മിന്നുമണി. ഇന്ത്യ എ ടീമിന്റെ ഓസ്ട്രേലിയ എ ടീമിനെതിരായ പരമ്പരയിലാണ് മിന്നു മണിയെ ക്യാപ്റ്റനായി വനിതാ സെലക്ഷൻ കമ്മിറ്റി നിശ്ചയിച്ചത്. മുൻപ് ഇന്ത്യൻ ടീമിൽ മികച്ച പ്രകടനം പുറത്തെടുത്ത് മിന്നുമണി ശ്രദ്ധ നേടിയിരുന്നു.

ശേഷം വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ടീമിന്റെ ഭാഗമായി മിന്നുമണിക്ക് മികവ് പുലർത്താൻ സാധിച്ചിരുന്നു. ശേഷമാണ് ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായി വീണ്ടും മിന്നുമണിയെ തിരഞ്ഞെടുത്തിരിക്കുന്നത്. മിന്നുമണിക്കൊപ്പം യുവ ബാറ്റർ ശ്വേതാ സെറാവത്തിനെയാണ് ടീമിന്റെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം അണ്ടർ 19 ലോകകപ്പ് ജയിച്ച ടീമിന്റെ ഭാഗമായിരുന്നു ശ്വേതാ സെറാവത്. വനിതാ പ്രീമിയർ ലീഗിൽ യുപി വാരിയേഴ്സ് ടീമിന്റെ അംഗമായും ശ്വേത കളിച്ചിരുന്നു.

ഇവർക്കൊപ്പം മറ്റ് യുവതാരങ്ങളും അടങ്ങുന്ന നിരയാണ് ഇന്ത്യ എയ്ക്കായി ഇത്തവണ കളിക്കാൻ പോകുന്നത്. ആസമിൽ നിന്നുള്ള ഉമ ഛേത്രി ഇന്ത്യ എ ടീമിന്റെ ഭാഗമായി എത്തിയിട്ടുണ്ട്. ആസമിൽ നിന്ന് ഇന്ത്യൻ ദേശീയ ടീമിൽ ഇടംപിടിക്കുന്ന രണ്ടാമത്തെ ക്രിക്കറ്ററാണ് ഉമ ഛേത്രി. ജൂലൈ 19ന് ബംഗ്ലാദേശിൽ ആരംഭിക്കുന്ന വനിത ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിലും ഉമ ഛേത്രി ഇടം പിടിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരകളിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കാൻ സാധിക്കാതെ വന്ന ഷബ്നം ഷക്കീലും ടീമിന്റെ ഭാഗമായെത്തും. എന്നാൽ ഫിറ്റ്നസിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഷബ്നത്തിന് ടീമിലേക്ക് ഉൾപ്പെടുത്തുക.

ഇവരെ കൂടാതെ കിരൺ നവ്‌ഗീരെ, പ്രിയ പൂനിയ, ശുഭ സതീഷ്, സജന സജീവൻ, സയിക ഇഷാക്, മേഘനാ സിംഗ് എന്നീ യുവതാരങ്ങളും ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യ എ ടീമിന്റെ ഭാഗമായി എത്തുന്നുണ്ട്. ഇന്ത്യ എയുടെ ഓസ്ട്രേലിയ എയ്ക്കെതിരായ ട്വന്റി20 പരമ്പര ഓഗസ്റ്റ് 7 മുതൽ 11 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 14 നും 16നുമാണ് പര്യടനത്തിലെ 50 ഓവർ മത്സരങ്ങൾ നടക്കുന്നത്. ശേഷം ഓഗസ്റ്റ് 22 മുതൽ 25 വരെ ചതുർദിന മത്സരം ഗോൾഡ് കോസ്റ്റിൽ നടക്കും. മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യയുടെ ദേശീയ ടീമിലേക്ക് എത്താൻ മികച്ച അവസരമാണ് യുവതാരങ്ങൾക്ക് കൈവന്നിരിക്കുന്നത്.

മുൻപ് ഇന്ത്യ എയുടെ ഇംഗ്ലണ്ട് എയ്ക്കെതിരായ മത്സരത്തിലും മിന്നുമണി ക്യാപ്റ്റനായി എത്തിയിരുന്നു. അന്നും ടീമിനായി മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ചവെച്ചത് പല സമയത്തും ബാറ്റിംഗിൽ മികവ് പുലർത്താൻ സാധിക്കുന്നില്ലെങ്കിലും ബോളിങ്ങിൽ മിന്നുമണി മികച്ചു നിൽക്കുന്നു. ഇന്ത്യയെ സംബന്ധിച്ച് വലിയ ടൂർണമെന്റുകളാണ് ഇനി വരാനുള്ളത്. ഈ സാഹചര്യത്തിൽ ഇന്ത്യ എയുടെ മത്സരങ്ങളിൽ മികവ് പുലർത്തിയാൽ മിന്നുമണിക്ക് വലിയ ടൂർണമെന്റുകളിലും ഇന്ത്യൻ ടീമിന്റെ ഭാഗമായി മാറാൻ സാധിക്കും.

Previous articleഒരുപാട് പ്രതിഭയുള്ള താരമാണ് സഞ്ജു, പക്ഷേ പലപ്പോളും നമ്മളെ നിരാശപെടുത്തുന്നു. അഭിനവ് മുകുന്ദ് പറയുന്നു.
Next articleശ്രീലങ്കയ്ക്കെതിരെയും അവർ ഓപ്പൺ ചെയ്യണം. ആവശ്യവുമായി മുൻ ഇന്ത്യൻ താരം.