മികച്ച തുടക്കം നൽകി സഞ്ജു. 26 പന്തിൽ 38 റൺസ് നേടി പ്ലാറ്റഫോം നിർമിച്ച് മടങ്ങി.

2025 ഐപിഎല്ലിലെ നായകനായുള്ള തന്റെ ആദ്യ മത്സരത്തിൽ തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ. മത്സരത്തിൽ ഓപ്പണറായി ക്രീസിലെത്തിയ സഞ്ജു സാംസണ് ആദ്യ വിക്കറ്റിൽ ജയസ്വാളിനൊപ്പം ചേർന്ന് 89 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ സാധിച്ചു. മികച്ച തുടക്കമാണ് രാജസ്ഥാന് സഞ്ജു നൽകിയത്. ശേഷം 26 പന്തുകളിൽ 38 റൺസ് നേടിയാണ് സഞ്ജു കൂടാരം കയറിയത്. അവസാന ഓവറുകളിൽ രാജസ്ഥാൻ ബാറ്റർമാർക്ക് അടിച്ചു തകർക്കാനുള്ള പ്ലാറ്റ്ഫോമാണ് സഞ്ജു തുടക്കത്തിൽ നൽകിയിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് കിങ്‌സ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാന്റെ ഓപ്പണറായാണ് സഞ്ജു ക്രീസിലെത്തിയത്. ആദ്യ ഓവറിലെ മൂന്നാം പന്തിൽ അർഷദീപിനെതിരെ ബൗണ്ടറി നേടിയാണ് സഞ്ജു ആരംഭിച്ചത്. പിന്നീട് എതിർവശത്ത് ജയസ്വാൾ വെടിക്കെട്ട് ആരംഭിച്ചപ്പോൾ സഞ്ജു രണ്ടാം ഫിഡിലിലേക്ക് മാറുകയായിരുന്നു. ഒരു ക്യാപ്റ്റന്റെ ഇന്നിംഗ്സ് വളരെ ഉത്തരവാദിത്വത്തോടെ ആദ്യ ഓവറുകളിൽ കളിക്കാൻ സഞ്ജുവിന് സാധിച്ചു. ശേഷം തനിക്ക് ലഭിച്ച അവസരങ്ങളിൽ ഒക്കെയും സഞ്ജു ബൗണ്ടറികൾ കണ്ടെത്തുകയുണ്ടായി. കൃത്യമായി രാജസ്ഥാന്റെ റൺറേറ്റ് താഴെ പോകാതെ കളിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു.

മത്സരത്തിൽ 26 പന്തുകൾ നേരിട്ട സഞ്ജു സാംസൺ 38 റൺസാണ് സ്വന്തമാക്കിയത്. 6 ബൗണ്ടറികൾ സഞ്ജുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. ലോക്കി ഫെർഗ്യുസന്റെ പന്തിലായിരുന്നു സഞ്ജു സാംസൺ മത്സരത്തിൽ പുറത്തായത്. ഫെർഗ്യൂസനെതിരെ ഒരു വമ്പൻ ഷോട്ട് കളിക്കാൻ ശ്രമിക്കുകയായിരുന്നു സഞ്ജു. എന്നാൽ മിഡോഫിൽ നിന്ന ശ്രേയസ് അയ്യർ സഞ്ജുവിന്റെ ക്യാച്ച് കൈപ്പിടിയിൽ ഒതുക്കി. ഇങ്ങനെയാണ് പതിനൊന്നാം ഓവറിൽ സഞ്ജു സാംസൺ കൂടാരം കയറിയത്. എന്തായാലും സഞ്ജുവിന്റെ ഈ മികച്ച ബാറ്റിംഗ് പ്രകടനം രാജസ്ഥാനും വലിയ പ്രതീക്ഷ നൽകുന്നതാണ്.

മത്സരത്തിലേക്ക് കടന്നു വന്നാൽ മികച്ച തുടക്കം തന്നെയാണ് രാജസ്ഥാന് ലഭിച്ചിരിക്കുന്നത്. സഞ്ജുവിനൊപ്പം ജയസ്വാളിനും ആദ്യ ഓവറുകളിൽ പിടിച്ചുനിൽക്കാൻ സാധിച്ചത് രാജസ്ഥാന് ഗുണം ചെയ്തിട്ടുണ്ട്. ഇതുവരെ ഈ സീസണിൽ ആദ്യ വിക്കറ്റിൽ മികച്ച കൂട്ടുകെട്ടുകൾ രാജസ്ഥാന് ലഭിച്ചിരുന്നില്ല. എന്നാൽ ജയസ്വാളിന് ക്രീസിലുറക്കാൻ സാധിച്ചത് രാജസ്ഥാന് വരും മത്സരങ്ങളിലും ഗുണം ചെയ്യും. എന്നിരുന്നാലും അവസാന ഓവറുകളിൽ വേണ്ട രീതിയിൽ വെടിക്കെട്ട് തീർക്കാൻ സാധിക്കുക എന്നതാണ് രാജസ്ഥാനെ സംബന്ധിച്ച് നിർണായകം.