2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ വലിയൊരു കണ്ടുപിടുത്തമായി മാറുകയാണ് ലക്നൗവിന്റെ യുവ പേസർ മായങ്ക് യാദവ്. ലക്നൗവിനായി താൻ കളിച്ച 2 മത്സരങ്ങളിലും കളിയിലെ താരമായി മാറാൻ ഈ യുവതാരത്തിന് സാധിച്ചു. തന്റെ പേസ് കൊണ്ട് എതിർ ടീമിനെ ഞെട്ടിക്കുന്ന പ്രകടനമാണ് ഇതുവരെ മായങ്ക് യാദവ് കാഴ്ച വച്ചിട്ടുള്ളത്.
150 കിലോമീറ്റർ സ്പീഡിന് മുകളിൽ വരുന്ന പന്തുകളാണ് യാദവിന്റെ ഏറ്റവും വലിയ ശക്തി. ആദ്യ മത്സരങ്ങളിലെ ഈ യുവതാരത്തിന്റെ മികച്ച പ്രകടനത്തെ പ്രശംസിച്ചു സംസാരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത്. യാദവിന്റെ ഈ വെടിക്കെട്ട് തുടക്കം വലിയ പ്രതീക്ഷ നൽകുന്നതാണ് എന്ന് സ്മിത്ത് പറയുന്നു.
നിലവിൽ 2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ പർപ്പിൾ ക്യാപ്പ് പോയ്ന്റ്സ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ഈ യുവതാരം നിൽക്കുന്നത്. 2 മത്സരങ്ങളിൽ നിന്ന് 6 വിക്കറ്റാണ് മായങ്ക് ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തിൽ കേവലം 14 റൺസ് മാത്രം വിട്ടു നൽകിയായിരുന്നു 3 വിക്കറ്റുകൾ മായങ്ക് സ്വന്തമാക്കിയത്.
ഇതിനു ശേഷമാണ് സ്മിത്ത് തന്റെ അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയത്. മായങ്ക് ആദ്യ മത്സരങ്ങളിൽ കൃത്യമായ ഏരിയകളിൽ പന്തറിയാൻ ശ്രമിച്ചിട്ടുണ്ട് എന്ന് സ്മിത്ത് പറയുന്നു. സ്ഥിരതയാർന്ന ലൈനാണ് മായങ്കിന്റെ ശക്തി എന്നാണ് സ്മിത്ത് കരുതുന്നത്.
“ട്വന്റി20 ക്രിക്കറ്റിൽ 4 ഓവറുകൾ പന്തെറിയുന്നതും ടെസ്റ്റ് ക്രിക്കറ്റിൽ 20 ഓവറുകൾ പന്ത് എറിയുന്നതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. ഇതുവരെ വലിയ വളർച്ച തന്നെയാണ് മായങ്ക് യാദവിന്റെ പ്രകടനത്തിൽ ഉണ്ടായിരിക്കുന്നത്. കൃത്യമായ ഏരിയകളിൽ പന്തെറിയാൻ അവന് സാധിക്കുന്നുണ്ട്. നല്ല ഷോർട്ട് ലൈനിൽ അവന്റേതായ പേസിൽ പന്തറിയാൻ അവന് സാധിക്കുന്നു.”
“എന്നാൽ ചെറിയ തെറ്റുകൾ വന്നാൽ പോലും അവന്റെ പന്തുകളിൽ റൺസ് കണ്ടെത്താൻ ബാറ്റർമാർക്ക് സാധിക്കും. പക്ഷേ ഈ നിമിഷത്തിൽ അവൻ നല്ല ഏരിയകൾ തന്നെയാണ് പന്തെറിയുന്നത്. 155 സ്പീഡിൽ നല്ല ലെങ്ത്തിൽ പന്ത് എത്തുമ്പോൾ ബാറ്റർമാർക്ക് എല്ലായിപ്പോഴും വലിയ റിസ്കാണുള്ളത്. അത് അത്ര അനായാസകരമായ കാര്യമല്ല.”- സ്മിത്ത് പറയുന്നു.
മത്സരത്തിൽ മായങ്ക് അധികം സ്ലോ ബോളുകൾ എറിഞ്ഞില്ല എന്നും സ്മിത്ത് പറയുകയുണ്ടായി. എന്നിരുന്നാലും പേസ് നിറഞ്ഞ പന്തിൽ യാദവിന്റെ ആത്മവിശ്വാസമാണ് ഇത് ഉയർത്തിക്കാട്ടുന്നത് എന്ന് സ്മിത്ത് കൂട്ടിച്ചേർത്തു. യാദവിന്റെ പന്തുകളെ നേരിടാൻ ബാറ്റർമാർ തങ്ങളുടേതായ തന്ത്രങ്ങൾ രൂപീകരിക്കണം എന്നാണ് സ്മിത്ത് പറയുന്നത്. യാദവിന്റെ പേസിനെ ഉപയോഗിക്കാൻ ബാറ്റർമാർ ശ്രമിക്കണം എന്നും സ്മിത്ത് കൂട്ടിച്ചേർക്കുന്നു.