2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ബാംഗ്ലൂർ ടീമിനെ 6 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ചെന്നൈ സൂപ്പർ കിംഗ്സ് വിജയം കണ്ടത്. മത്സരത്തിൽ ചെന്നൈയ്ക്കായി ബോളിംഗിൽ തിളങ്ങിയത് ബംഗ്ലാദേശ് താരം മുസ്തഫിസൂർ റഹ്മാനാണ്.
ബാറ്റിംഗിൽ ചെന്നൈയുടെ മുഴുവൻ താരങ്ങളും മികവ് പുലർത്തിയപ്പോൾ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു ചെന്നൈ. മഞ്ഞ ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ച് രചിൻ രവീന്ദ്ര, മിച്ചൽ തുടങ്ങിയവരൊക്കെയും മത്സരത്തിൽ മികച്ചു നിന്നു. മത്സരത്തിലെ വിജയത്തെപ്പറ്റി ചെന്നൈയുടെ പുതിയ നായകൻ ഋതുരാജ് സംസാരിക്കുകയുണ്ടായി.
എല്ലാത്തരത്തിലും ആധിപത്യം സ്ഥാപിച്ചു നേടാൻ സാധിച്ച വിജയം അങ്ങേയറ്റം സന്തോഷം നൽകുന്നുണ്ട് എന്നാണ് ഋതുരാജ് പറഞ്ഞത്. “എല്ലാത്തരത്തിലുമുള്ള ഒരു വിജയം. അങ്ങനെയാണ് ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്. ആദ്യ 2-3 ഓവറുകൾ ഒഴിച്ച് നിർത്തിയാൽ ഞങ്ങൾക്ക് എല്ലാ മേഖലകളിലും ആധിപത്യം നേടാൻ സാധിച്ചു. ഞങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ 10-15 റൺസ് കൂടുതൽ സ്വന്തമാക്കാൻ ബാംഗ്ലൂരിന് സാധിച്ചിരുന്നു. പക്ഷേ എന്നിരുന്നാലും അവസാന സമയങ്ങളിൽ ഞങ്ങൾ നന്നായി കളിച്ചതായി എനിക്ക് തോന്നി. മാക്സ്വെല്ലിന്റെയും ഫാഫ് ഡുപ്ലസിയുടെയും വിക്കറ്റുകൾ മത്സരത്തിലെ വഴിത്തിരിവായതായി ഞാൻ കരുതുന്നു.”- ഋതുരാജ് പറഞ്ഞു.
“മത്സരത്തിൽ കൃത്യമായ സമയത്ത് 3 വിക്കറ്റുകൾ തുടർച്ചയായി നേടാൻ ഞങ്ങൾക്ക് സാധിച്ചു. അത് ഞങ്ങളെ അടുത്ത ഓവറുകളിൽ നിയന്ത്രണം ഉണ്ടാക്കാൻ സഹായിച്ചു. നായകസ്ഥാനം വളരെ നല്ല രീതിയിൽ ആസ്വദിക്കാൻ എനിക്ക് സാധിക്കുന്നുണ്ട്. കൂടുതലായി എന്നിലേക്ക് സമ്മർദ്ദം വന്നതായി ഞാൻ കരുതുന്നില്ല. ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണം എന്ന കാര്യത്തിൽ എനിക്ക് അനുഭവ സമ്പത്തുണ്ട്. മാത്രമല്ല മഹി ഭായി എന്റെ ഒപ്പമുണ്ട്.”- ഋതുരാജ് കൂട്ടിച്ചേർത്തു.
“ടീമിനുള്ള എല്ലാ താരങ്ങളും വളരെ നന്നായി തന്നെ സ്ട്രോക്കുകൾ കളിക്കാൻ സാധിക്കുന്നവരാണ് എന്ന് ഞാൻ കരുതുന്നു. കഴിഞ്ഞ സമയങ്ങളിലൊക്കെയും രഹാനെ അടക്കമുള്ളവർ വളരെ പോസിറ്റീവായാണ് കളിച്ചിട്ടുള്ളത്. ടീമിലുള്ള എല്ലാ താരങ്ങൾക്കും തങ്ങളുടെ റോളുകൾ വളരെ വ്യക്തമായി അറിയാം. ഏതൊക്കെ ബോളർമാർക്കെതിരെ ആക്രമണം അഴിച്ചു വിടണം എന്നതും ബോധ്യമുണ്ട്.
ഇത്തരത്തിലുള്ള വ്യക്തത ഞങ്ങളെ ഒരുപാട് സഹായിക്കുന്നു എന്നിരുന്നാലും 2-3 കാര്യങ്ങളിൽ ഞങ്ങൾ മെച്ചപ്പെടേണ്ടതുണ്ട്. എല്ലാ ബാറ്റർമാരും നന്നായി തന്നെ ബാറ്റ് ചെയ്തു. എന്നിരുന്നാലും ടോപ്പ് ഓർഡറിൽ ഒരു ബാറ്റർ പതിനഞ്ചാം ഓവർ വരെ തുടർന്നിരുന്നുവെങ്കിൽ കാര്യങ്ങൾ കൂടുതൽ എളുപ്പമായേനെ എന്ന് ഞാൻ കരുതുന്നു.”- ഋതുരാജ് പറഞ്ഞു വെക്കുന്നു